മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

ഉത്തർ പ്രദേശ്: മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി സ്വന്തം തീരുമാനപ്രകാരം വിവാഹം കഴിച്ച ദമ്പതികൾക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാർത്ഥ ഭീഷണിയില്ലെങ്കിൽ, പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ റിട്ട് ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ ഈ ഈ നിരീക്ഷണം നടത്തിയത്.
ദമ്പതികൾക്ക് യഥാർത്ഥ ഭീഷണി നേരിടുന്നുണ്ടെങ്കിൽ കോടതിക്ക് സംരക്ഷണം നൽകാൻ കഴിയുമെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ ഭീഷണിയില്ലാത്ത സാഹചര്യത്തിൽ ഇത്തരം ദമ്പതികൾ “പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണം” എന്നും നിരീക്ഷിച്ചു. ശ്രേയ കേസർവാനിയും ഭർത്താവും ചേർന്ന് സമർപ്പിച്ച ഹരജിയിൽ, തങ്ങളുടെ സമാധാനപരമായ ദാമ്പത്യ ജീവിതത്തിൽ ബന്ധുക്കൾ ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഹരജിയിലെ വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി, ദമ്പതികൾക്ക് ഗുരുതരമായ ഭീഷണിയൊന്നും നേരിടുന്നില്ലെന്ന് കണ്ടെത്തി. “ലതാ സിംഗ് Vs യുപി സംസ്ഥാനം” കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയതുപോലെ, സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചവർക്ക് പൊലീസ് സംരക്ഷണം നൽകാൻ കോടതികൾ ഉദ്ദേശിക്കുന്നില്ലെന്നും, അതിനാൽ ഹരജിക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹരജിക്കാരുടെ ജീവനോ സ്വാതന്ത്ര്യമോ അപകടത്തിലാണെന്ന് തെളിയിക്കാൻ യാതൊരു തെളിവും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരിൽ ഒരാളുടെ ബന്ധുക്കൾ ശാരീരികമോ മാനസികമോ ആയ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നതിന് തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ബന്ധുക്കളുടെ നിയമവിരുദ്ധ പെരുമാറ്റത്തിനെതിരെ എഫ്ഐ ആർ ഫയൽ ചെയ്യാൻ പൊലീസിന് അപേക്ഷയും നൽകിയിട്ടില്ല. എന്നാൽ, ഹരജിക്കാർ ചിത്രകൂട് ജില്ലയിലെ പൊലീസ് സൂപ്രണ്ടിന് ഒരു നിവേദനം നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യഥാർത്ഥ ഭീഷണി കണ്ടെത്തിയാൽ,പൊലീസ് നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ആരെങ്കിലും ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ, കോടതികളും പൊലീസും അവരെ സംരക്ഷിക്കാൻ തയ്യാറാണെന്നും കോടതി ഊന്നിപ്പറഞ്ഞു.
2025 ഏപ്രിൽ 4-ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ, സുരക്ഷ ഒരു സ്വാഭാവിക അവകാശമായി അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാക്കി കോടതി ഹരജി തീർപ്പാക്കി.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*