കായംകുളം: കായംകുളത്തെ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ കതിര്‍മണ്ഡപവും സദ്യയുമൊരുക്കി. നാടൊന്നായി ഒഴുകിയെത്തി അഞ്ജുവിനും ശരതിനും മംഗളം ചൊരിയാന്‍.
ഞായറാഴ്ച്ച രാവിലെ 11.30 നും 12.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തതിലാണ് ജമാഅത്ത് പള്ളിയില്‍ വെച്ച് ചേരാവള്ളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജുവിന്റെയും ശരത് ശശിയുടെയും വിവാഹം നടന്നത്.
മതത്തിനും മനുഷ്യത്വത്തിനും മതില്‍കെട്ടാനുള്ള ഗൂഢ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മതമൈത്രിയുടെ മഹാ സംഗമത്തിന് ചേരാവള്ളിയില്‍ കതിര്‍മണ്ഡപമൊരുങ്ങിയത്.
വിധവയായ ബിന്ദുവും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. നിര്‍ധന കുടുംബം. മകളുടെ വിവാഹം നടത്താന്‍ ബിന്ദുവിന് സാധിക്കില്ല. ഈ അവസരത്തിലാണ് അവര്‍ ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടിയത്.
മനുഷ്യത്വത്തിനു മതമില്ലാത്തതിനാല്‍ ജമാഅത്ത് കമ്മിറ്റി വളരെ സന്തോഷപൂര്‍വം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. വധുവിനുള്ള സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും അതിഥികള്‍ക്കുള്ള സദ്യയുടേയും ബാധ്യതയും എല്ലാം കമ്മിറ്റി ഏറ്റെടുത്തു. ഇതോടെ ബിന്ദുവും ഹാപ്പി, അഞ്ജുവും ഹാപ്പി.
ഇതു പ്രകാരം ക്ഷണക്കത്ത് തയാറാക്കി അതിഥികളെയും ക്ഷണിച്ചു. പൂര്‍ണമായും ഹൈന്ദവാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.
Be the first to comment