രാജ്യത്തെ ഞെട്ടിച്ച മലേഗാവ് ഭീകരാക്രമണക്കേസിലെ ബി.ജെ.പി മുൻ എം.പി പ്രഗ്യാ സിങ് താക്കൂർ, ലഫ്. കേണൽ പ്രസാദ് രാജ് പുരോഹിത് അടക്കമുള്ള ഏഴു പ്രതികളെയും പ്രത്യേക എൻ.ഐ.എ കോടതി വെറുതെ വിട്ടിരിക്കുന്നു. സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാവരെയും വെറുതെ വിട്ടത്. എൻ.ഐ.എ കോടതിയിൽ യഥാർഥ തെളിവുകൾ ഹാജരാക്കാതിരിക്കുകയും പ്രതികളെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുകയും ചെയ്താൽ മറ്റെന്താണ് സംഭവിക്കുക! രാജ്യത്തെ നീതിന്യായവ്യവസ്ഥയെ അട്ടിമറിച്ച് ഹിന്ദുത്വവാദികളായ പ്രതികളെ കേസിൽനിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു എൻ.ഐ.എ. ഫലത്തിൽ മലേഗാവ് കേസ് വിധി, രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെ പരിഹസിക്കലാണ്
.
മുസ് ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29നുണ്ടായ സ്ഫോടനത്തിൽ ആറുപേരാണ് മരിച്ചത്. തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. രാജ്യത്ത് ഹിന്ദുത്വസംഘടനകൾ നടത്തിയ സ്ഫോടനപരമ്പരകളിലേക്ക് വെളിച്ചം വീശിയ കേസായിരുന്നു മലേഗാവ്. അതിനാൽ, സ്ഫോടനം നടന്നത് മുതൽ കേസ് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങളുണ്ടായി. മലേഗാവിലുണ്ടായ രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്. 2006 സെപ്റ്റംബർ എട്ടിനാണ് ഇവിടെ ആദ്യ സ്ഫോടനമുണ്ടാകുന്നത്. 37 പേർ കൊല്ലപ്പെട്ടു. 125ലധികം പേർക്ക് പരുക്കേറ്റു. നിരവധി മുസ് ലിം യുവാക്കളെ ഈ കേസിൽ കുടുക്കി ജയിലിലിട്ടു. ഇതിൽ സ്ഫോടനത്തിൽ പരുക്കേറ്റവരുടെ അടുത്ത ബന്ധുക്കൾ വരെയുണ്ടായിരുന്നു.
ആസ്ത്രേലിയയിൽ റോ ഉദ്യോഗസ്ഥനായിരുന്ന ഹേമന്ദ് കർക്കറെയെ ഒക്ടോബർ അവസാനത്തോടെ മുംബൈ എ.ടി.എസിന്റെ തലവനാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് കേസ് മാറുന്നത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് ആർ.എസ്.എസ് വിദ്യാർഥി സംഘടനയായ എ.ബി.വി.പി നേതാവായിരുന്ന പ്രഗ്യാ സിങ് താക്കൂറിന്റെതായിരുന്നു. പ്രഗ്യാ സിങ്, സൈനിക ഉദ്യോഗസ്ഥനായ കേണൽ പുരോഹിത്, ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായി ബന്ധമുള്ള ഗുജാറാത്തിലെ ദാംഗിൽ ആശ്രമം നടത്തിയിരുന്ന സ്വാമി അസീമാനന്ദ തുടങ്ങിയ അഭിനവ് ഭാരത് എന്നൊരു വലിയ സംഘമാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തി.
ഹിന്ദുരാജ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇതേ സംഘം മലേഗാവിലെ രണ്ടു സ്ഫോടനങ്ങളും സംജോദാ എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മിർ ദർഗ, ഗുജറാത്തിലെ മൊഡാസ എന്നിവിടങ്ങളിലായി വലിയൊരു സ്ഫോടന പരമ്പര നടത്തിയിരുന്നുവെന്നും ഈ കേസുകളിലെല്ലാം നിരപരാധികളായ മുസ് ലിംകൾ ജയിലിൽ കിടക്കുന്നതായും കണ്ടെത്തി. ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് 2008 നവംബർ 26ന് കർക്കറെ മുംബൈ ആക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. നിരവധി മുസ് ലിംകളെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണമുള്ള ഉദ്യോഗസ്ഥൻ രഘുവൻഷിയാണ് പിന്നീട് എ.ടി.എസ് തലവനായി എത്തിയത്. അപ്പോൾ മുതൽ കേസ് അട്ടിമറിക്കപ്പെട്ടു. 2009 ഒാഗസ്റ്റിൽ വിചാരണക്കോടതി പ്രതികൾക്കെതിരായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം പ്രകാരമുള്ള വകുപ്പുകൾ നീക്കിയതോടെ കേസ് പാതി ദുർബലമായി. പ്രതികൾ നടത്തിയ സംഘടിത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിൽ വന്ന വീഴ്ചയാണ് ഇതിനിടയാക്കിയത്.
2011ൽ എൻ.ഐ.എ ഏറ്റെടുത്ത കേസ് പിന്നീടങ്ങോട്ട് അവ്യക്തതകൾ നിറഞ്ഞതായിരുന്നു. കോടതിയിലെത്തിയപ്പോൾ 323 സാക്ഷികളിൽ 37 പേർ കൂറുമാറി. കേസ് അട്ടിമറിക്കാൻ എൻ.ഐ.എ സമ്മർദം ചെലുത്തുന്നുവെന്നാരോപിച്ച് പ്രോസിക്യൂട്ടർ രോഹിണി സല്യാൺ രാജിവച്ചു. 17 വർഷത്തിനുള്ളിൽ അഞ്ചു ജഡ്ജിമാരെ സ്ഥലം മാറ്റി. കേസിൽ മഹാരാഷ്ട്ര എ.ടി.എസും എൻ.എൻ.ഐയെയും സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ പരസ്പര വിരുദ്ധമായിരുന്നു.
2019ലെ തെരഞ്ഞെടുപ്പിൽ പ്രഗ്യാ സിങ്ങിനെ ബി.ജെ.പി ഭോപ്പാലിൽനിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് ഒരു ഹിന്ദുവിന് തീവ്രവാദിയാകാൻ കഴിയില്ലെന്ന സന്ദേശം രാജ്യത്തിന് നൽകാനാണെന്നായിരുന്നു അന്ന് ബി.ജെ.പി അധ്യക്ഷനും തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ പ്രഖ്യാപിച്ചത്. മലേഗാവ് കേസ് അട്ടിമറിക്കാൻ പോകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനമായിരുന്നു അത്.
മഹാരാഷ്ട്ര എ.ടി.എസ് രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴികളായിരുന്നു തുടക്കത്തിൽ കേസിന്റെ തുറുപ്പുചീട്ട്. എന്നാൽ, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമപ്രകാരമുള്ള വകുപ്പുകൾക്കൊപ്പമേ അത് നിലനിൽക്കുമായിരുന്നുള്ളൂ. ഈ വകുപ്പുകൾ റദ്ദാക്കിയതോടെ പ്രോസിക്യൂഷന്റെ കേസിൽ നിർണായക മൂന്ന് കൂട്ടുപ്രതികളുടെ കുറ്റസമ്മത മൊഴികൾക്ക് തെളിവല്ലാതായി. അതോടെ സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ടുകൾ, സാങ്കേതിക, സാഹചര്യ തെളിവുകൾ തുടങ്ങിയ മറ്റ് തെളിവുകളെ പ്രോസിക്യൂഷൻ ആശ്രയിക്കേണ്ടതുണ്ടായിരുന്നു. ഇക്കാര്യത്തിൽ പ്രോസിക്യൂഷന്റെ മനപ്പൂർവമുള്ള വീഴ്ച പ്രകടമായിരുന്നു. 2011നും 2014നും ഇടയിൽ, എൻ.ഐ.എ കേസ് അന്വേഷണം തുടരുകയും രണ്ട് അറസ്റ്റുകൾ നടത്തുകയും ചെയ്തിട്ടും 2014ൽ മോദിസർക്കാർ അധികാരത്തിലെത്തിയത് മുതൽ കേസ് ദുർബലമായത് വ്യക്തമാണ്.
ഒരു വർഷത്തിനുശേഷം 2016 മെയ് മാസത്തിലാണ് എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത്. എ.ടി.എസ് കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്നതായിരുന്നു കുറ്റപത്രം. കേസ് പൊളിക്കാനും ദുർബലമാക്കാനും എൻ.ഐ.എ പുതിയ സാക്ഷികളെ കണ്ടെത്തി. പരിഹാസ്യനടപടികളിലൂടെ കേസിലെ പ്രതികളെ എൻ.ഐ.എ രക്ഷിച്ചെടുത്തു. മലേഗാവ് കേസിൽ പ്രതികൾ മാത്രമല്ല, ക്രിമിനൽ നീതിന്യായവ്യവസ്ഥ തന്നെ വിചാരണ നേരിടുന്ന സന്ദർഭമാണിത്. ഇതേ ആളുകൾ പ്രതികളായ സംജോദാ എക്സ്പ്രസ്, അജ്മീർ, മക്കാമസ്ജിദ് കേസുകൾ നേരത്തെ ഇല്ലാതായിരുന്നു.
മുസ് ലിം സ്വത്വം പ്രഥമദൃഷ്ട്യാ തെളിവായി മാറുന്ന രാജ്യത്ത് മലേഗാവ് കേസ് വിധി നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. മാധ്യമങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലൂടെ പ്രകോപനപരമായ ലേബലുകൾ വിൽക്കുന്ന ഈ രാജ്യത്ത് നീതി ലഭിക്കില്ലെന്ന മുസ് ലിംകളുടെ ആധിയെ അത് ശക്തിപ്പെടുത്തും. ഇൗ കേസ് എൻ.ഐ.എയുടെ വിശ്വാസ്യതയെ മാത്രമല്ല, നീതി ഉറപ്പാക്കുകയെന്ന തത്വത്തെക്കൂടിയാണ് അപകടത്തിലാക്കിയിരിക്കുന്നത്.രാജ്യം അതിന്റെ ആഴത്തിലുള്ള ഘടനാപരമായ പക്ഷപാതത്തിലാണ്. ഈ കേസിൽ മലേഗാവിലെ ഇരകൾ മാത്രമല്ല, ഇന്ത്യയെന്ന ആശയംകൂടിയാണ് നീതികിട്ടാതെ അലയുന്നത്.

Be the first to comment