ശുഅയ്ബ് നബി മദ്യനിലേക്ക് നിയോഗിതരായ പ്രവാചകനാണ്. സിറിയ ഹിജാസ് റൂട്ടില്‍ ജോര്‍ദാന്റെ കിഴക്ക് മആന്‍ എന്ന സ്ഥലത്തിന് സമീപമാണ് മദ്യന്. അളവ് തൂക്കങ്ങളില്‍ കൃത്രിമം കാട്ടിയിരുന്ന സമൂഹത്തിലേക്കാണ് ശുഅയ്ബ് നബി (അ) നിയുക്തനായത്. ഖുര്‍ആന്‍ വിവരിക്കുന്നു. “മദ്യന് നിവാസികളിലേക്ക് അവരുടെ സഹോദരനായ ശുഅയ്ബ് നബിയെ നാം റസൂലാക്കി. അദ്ദേഹം പറഞ്ഞു എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കൂ. അവനല്ലാത്ത ഒരു ദൈവവും നിങ്ങള്‍ക്കില്ല തന്നെ. നാഥങ്കല്‍ നിന്നുള്ള സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് അളവും തൂക്കവും പൂര്‍ത്തീകരിച്ചു നല്‍കണം. ജനത്തിന് സാധനങ്ങളില്‍ കമ്മി വരുത്തരുത്. നാട്ടില്‍ അല്ലാഹു നന്മ വരുത്തിയതിന്ന് ശേഷം നിങ്ങളിവിടെ നാശം വരുത്തരുത്. വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലത് അതാണ്. ജനങ്ങളെ ഭീഷണിപ്പെടുത്തിയും വിശ്വാസികളെ സന്മാര്ഗത്തില് നിന്ന് തടഞ്ഞും അതു വക്രമായവതരിപ്പിക്കാനുദ്ദേശിച്ചും നിങ്ങള്‍ വഴിയോരങ്ങളിലിരിക്കരുത്. അംഗ സംഖ്യ കുറവായിരുന്നപ്പോള്‍ അല്ലാഹു നിങ്ങളില്‍ വര്‍ദ്ധനവുണ്ടാക്കിയത് അസ്മരിക്കുക. നാശകാരികളുടെ ഭവിഷ്യത്ത് എങ്ങെനെയായിരിക്കുമെന്ന് ചിന്തിച്ചുനോക്കുക. എന്റെ ദൗത്യത്തില്‍ നിങ്ങളില്‍ ഒരുവിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹുവിന്റെ വിധിയുണ്ടാവും വരെ നിങ്ങള്‍ ക്ഷമിക്കുക. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്”. (അഅ്റാഫ് 85-87).
ഓരോ പ്രവാചകന്മാരുടെയും കാലത്ത് അദ്ദേഹത്തേയും വിശ്വാസികളേയും ലക്ഷ്യം വെച്ച് ഗൂഢ ശ്രമങ്ങളുമായി ഒരു വിഭാഗമുണ്ടാവും. മദ്യന്കാര് വഴികളിലിരുന്ന് യാത്രക്കാരെ ലക്ഷ്യമിടുമായിരുന്നു. അങ്ങനെയുള്ള ജനങ്ങളെ ഗുണദോശിച്ച് ശുഅയ്ബ് നബി ശിക്ഷ വരുമെന്ന് മുന്നറിയിപ്പ് നല്കി:
“തന്റെ സമൂഹത്തിലെ ധിക്കാരികളായ പ്രമുഖന്മാര് ആക്രോഷിച്ചു. ശുഅയ്ബേ, നിന്നേയും കൂടെയുള്ള വിശ്വാസികളേയും നാട്ടില്‍ നിന്ന് ബഹിഷ്കരിക്കുക തന്നെ ചെയ്യും. തീര്‍ച്ച. അല്ലങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് വരണം”. നബി ചോദിച്ചു: “ഞങ്ങളത് പൊറുക്കുന്നുവെങ്കിലും വരുമെന്നാണോ? നിങ്ങളുടെ ബഹുദൈവത്വത്തില് നിന്ന് അല്ലാഹു ഞങ്ങളെ സുരക്ഷിതരാക്കിയിട്ടും അതിലേക്കുവരികയാണെങ്കില് അവന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാവും ഞങ്ങള്‍ ചെയ്യുന്നത്. ആ തിരിച്ചുപോക്ക് ഞങ്ങള്‍ക്ക് പാടില്ലാത്തതാണ്. രക്ഷിതാവ് ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്റെ ജ്ഞാനം സമസ്ത വസ്തുക്കള്‍ക്കും പ്രവിശ്യാലമത്രെ. അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പ്പിക്കുന്നു. നാഥാ ഞങ്ങള്‍ക്കും സ്വജനങ്ങള്‍ക്കും സത്യത്തിന്റെതായ വിജയം നീ കനിഞ്ഞരുളേണമേ. തീരുമാനമെടുക്കന്നവരില് ഉത്തമനാണല്ലോ നീ”. (അഅ്റാഫ് 88, 89).
നിഷേധികളുടെ പീഡനപര്‍വ്വങ്ങളില്‍ ക്ഷമയറ്റ നബി തന്റെയും അനുയായികളുടെയും കാര്യം റബ്ബില്‍ ഭരമേല്‍പ്പിച്ച് അല്ലാഹുവിന്റെ വിധിക്കായ് പ്രത്യാശിച്ചു. അനന്തരം ധിക്കാരികളായ മദ്യന്കാരെ ഭൂകമ്പം പിടികൂടുകയും ഒരു ഘോര ശബ്ദവും മേഘാഗ്നിയും അവര്‍ക്ക് വന്നെത്തുകയും ചെയ്തു. “അക്രമികളെ കഠോര ശബ്ദം പിടികൂടുകയും പുലര്‍ക്കാലം അണയുന്നതിന്ന് മുമ്പ് അവര്‍ അധിവസിച്ചിട്ടില്ലാത്തവിധം സ്വഭവനങ്ങളില്‍ മുട്ടുകുത്തി വീണു കിടക്കുകയായിരുന്നു അവര്‍”. (ഹൂദ് 94,95) ശുഅയ്ബ് നബി (അ) പിന്നീട് മക്കയില്‍ വന്നു താമസിച്ചെന്നും ദാറുന്നദ്വയുടെയും ദാറുബനീ സഹ്മിന്റയും ഇടയിലാണ് അദ്ദേഹത്തിന്റെ ഖബറെന്ന് പറിയപ്പെടുന്നു.
Be the first to comment