
കോഴിക്കോട്: വിദ്യാർഥികൾ മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷി അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചത്. രാജ്യത്തെങ്ങും വലിയ വ്യവസായമായി ഇത്തരം കേന്ദ്രങ്ങൾ വളർന്നിരിക്കുകയാണ്. ഇവയുടെ പ്രവർത്തനം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി വിലയിരുത്തുന്നു. 25 ലക്ഷത്തോളം പേരാണ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്നത്. ജെ.ഇ.ഇ- 15 ലക്ഷം, സി.യു.ഇ.ടി-13.5 ലക്ഷം, ഗേറ്റ്- 7.5 ലക്ഷം, സി.എ.ടി-3ലക്ഷം എന്നിവയാണ് പ്രധാന പരീക്ഷകളും അതിൽ പങ്കെടുക്കുന്ന വിദ്യാർഥികളും. ഇത്തരം കേന്ദ്രങ്ങൾ കുട്ടികളിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നതായി പഠനങ്ങൾ വന്നിട്ടുണ്ട്. പരിശീലന കേന്ദ്രങ്ങൾ ഏറെയുള്ള രാജസ്ഥാനിലെ കോട്ടയിൽ ഓരോ വർഷവും നിരവധി പേർ ആത്മഹത്യ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിനെക്കുറിച്ച് സർക്കാർ പഠിക്കുന്നത്.
സ്കൂൾ സംവിധാനത്തിൽ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കാൻ നിർബന്ധിക്കുന്ന സാഹചര്യം എന്ത് എന്ന് കമ്മിറ്റി പരിശോധിക്കും. മുഴുസമയ പരിശീലനത്തിനെ സഹായിക്കുന്ന വിധമുള്ള ഡമ്മി സ്കൂളുകളെയും അത് സാധ്യമാക്കുന്ന അവസ്ഥയെയുംപ്പറ്റി പഠിക്കും. സ്കൂളുകളിലെ പരീക്ഷാരീതി വിശകലനം ചെയ്യും. ഇത് എങ്ങനെയാണ് മത്സര പരീക്ഷകൾക്കുള്ള തയാറെടുപ്പിനെയും പഠന വിഷയങ്ങളിലെ ആശയ ധാരണകളെയും ബാധിക്കുന്നത് എന്നും പരിശോധിക്കും. ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ പേർ വരുമ്പോഴും പ്രധാന സ്ഥാപനങ്ങളിൽ സീറ്റുകൾ കുറവാകുന്നത് ഇത്തരം കേന്ദ്രങ്ങളിലേക്ക് കുട്ടികളെ തള്ളിവിടുന്നുവെന്ന് വിശകലനം ചെയ്യണമെന്ന് നിർദേശിക്കുന്നു. വിവിധ അവസരങ്ങളെക്കുറിച്ച് മനസിലാക്കാതെ ഏതാനും സ്ഥാപനങ്ങളിലേക്കുമാത്രം കുട്ടികളെ തള്ളിവിടാനാണ് രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. പരീക്ഷകളുടെ ഫലപ്രാപ്തിയും പരിശീലനകേന്ദ്രങ്ങൾ നടത്തുന്ന പരസ്യങ്ങളിലെ നൈതികതയും പരിശോധിക്കും. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങളെ കണ്ടെത്താനും തടയാനും വഴികൾ നിർദേശിക്കണം.
സ്കൂളുകളിലും കോളജുകളിലും കരിയർ മാർഗനിർദേശങ്ങൾ കൃത്യമായി നൽകുന്നതിനെക്കുറിച്ചും വിശകലനം ചെയ്യാൻ നിർദേശമുണ്ട്. സി.ബി.എസ്.ഇ ചെയർമാൻ, സ്കൂൾ എഡ്യുക്കേഷൻ ജോയിന്റ് സെക്രട്ടറി, മദ്രാസ്, ട്രിച്ചി, കാൻപൂർ ഐ.ഐ.ടി പ്രതിനിധികളും എൻ.സി.ഇ.ആർ.ടി പ്രതിനിധി, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സ്വകാര്യസ്കൂൾ എന്നിവയുടെ ഓരോ പ്രിൻസിപ്പൽമാരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കമ്മിറ്റി അംഗമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു

Be the first to comment