
വിശ്വാസി, ആത്മീയത പകര്‍ന്നെടുത്ത ഇടങ്ങളില്‍ എടുത്തുപറയേണ്ട കേന്ദ്രമാണ് ജാറങ്ങളുടെ പൈതൃകം. കാത്തുസൂക്ഷിച്ചും സംരക്ഷിച്ചും നിലനിറുത്തിയ ദര്‍ഗ്ഗകള്‍ നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകം അടയാളപ്പെടുത്തുന്നുണ്ട്. വിശ്വാസിയില്‍ ആത്മീയ, ആദര്‍ശ, വിശ്വാസ പരലോക ചിന്ത സജീവമായി നിലനിറുത്തുന്നതില്‍
ജാറങ്ങള്‍ വഹിച്ച പങ്ക് അദൃശ്യവഴിയിലൂടെ സമൂഹത്തെ നിയന്ത്രിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ചെലുത്തിയ സ്വാധീനങ്ങളും പഠനവിധേയമാക്കേണ്ടതാണ്.സ്വഹാബികളുടെ കാലത്തോ താബിഈങ്ങളുടെ കാലത്തോ പിടിച്ചടക്കിയ രാജ്യങ്ങളിലെ പൂര്‍വ്വ പ്രവാചകരുടെയും മഹത്തുക്കളുടെയും ഖബറുകള്‍ പ്രത്യേക സംരക്ഷണത്തോടെ ശ്രദ്ധിക്കുവാനും, സ്വഹാബത്തിന്‍റെയും താബിഈ പ്രമുഖരുടെയും പില്‍ക്കാല മഹത്തുക്കളുടെയും ഖബറുകള്‍ ജനസന്ദര്‍ശന സൗകര്യപ്പെടുത്തി വേര്‍തിരിച്ചു നിറുത്തിയെന്നതും മുസ്ലിം ചരിത്രത്തിലെ ഈടുറ്റ അദ്ധ്യായങ്ങളാണ്. ഇതേ സ്വഹാബത്തും താബിഈങ്ങളും തങ്ങള്‍ പിടിച്ചടക്കുന്ന പ്രദേശങ്ങളിലെ ലാത്തയും ഉസ്സയും മറ്റു ബിംബങ്ങളും തച്ചുടച്ചു തകര്‍ത്തിരുന്നവരാണെന്നതും തിരുനബി (സ)യുടെ നിര്‍ദേശം അതിനുണ്ടായിരുന്നുവെന്നതും ഇവിടെ ശ്രദ്ധേയമാണ്. മുസ്ലിം ശത്രുവിന്‍റെ സൃഷ്ടിയായ വഹാബിസം താണ്ടവ നൃത്തമാടിയ മഖ്ബറകളല്ലാത്ത എല്ലാമഹത്തുക്കളുടേയും മസാറുകള്‍, ചിലയിടങ്ങളില്‍ അമുസ്ലിംകളുടെ സംരക്ഷണത്തിലായിട്ടുപോലും, ഇന്നും സന്ദര്‍ശന സൗകര്യത്തോടെ ശക്തമായ സംരക്ഷണങ്ങളിലും പ്രത്യേകാലങ്കാരത്തിലും നിലനിറുത്തി വരുന്നുവെന്നതും ജാറങ്ങളുടെ പൈതൃക ചരിത്രത്തിന് ബലമേകുന്നതാണ്.
ജാറങ്ങളുടെ ചരിത്രം
ജാറങ്ങള്‍ കെട്ടിപ്പൊക്കുന്നതും മുകളില്‍ ഖുബ്ബകള്‍ നിര്‍മിക്കുന്നതും സിയാറത്തിനും തബര്‍റുക്കിനും മറ്റും സൗകര്യപ്പെടുത്തന്നതും കേവലം കേരള ചരിത്രമല്ല. ലോകത്ത് എവിടെയൊക്കെ മഹത്തുക്കള്‍ മറപ്പെട്ട് കിടക്കുന്നുണ്ടോ അവര്‍ ജനങ്ങളില്‍ ഉണ്ടായിരുന്ന സ്വാധീനത്തിനനുസരിച്ച് പരിഗണനയും സ്മരണയും അവര്‍ കിടക്കുന്നിടങ്ങളും പരിസരങ്ങളും ചമല്‍ക്കരിക്കലും സന്ദര്‍ശന സൗകര്യപ്പെടുത്തലും എക്കാലത്തുമുണ്ട്.
നബി (സ) യുടെ റൗളാശരീഫ് തന്നെ എടുക്കാം ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം സുഫ്യാത്തമാര്‍(റ) പറയുന്നു: നബി (സ) യുടെ റൗളാ ശരീഫ് ഉയര്‍ത്തിക്കെട്ടിയതായി ഞാന്‍ കണ്ടു.(1)
ഹിശാമുബ്നു ഉര്‍വ ഉദ്ധരിക്കുന്നു: വലീദുബ്നു അബ്ദുല്‍ മലികിന്‍റെ ഭരണകാലത്ത് നബി (സ) യുടെ റൗളയുടെ ഭിത്തി വീണപ്പോള്‍ അവര്‍ അത് പുതുക്കി പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. നബി (സ) യുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു. അത് തിരിച്ചറിയുന്ന ആരെയും അവര്‍ എത്തിച്ചില്ല. അവസാനം ഉര്‍വ (റ) പറഞ്ഞു. അല്ലാഹുവാണ് സത്യം ഇത് നബി (സ) യുടെ പാദമല്ല. ഉമര്‍ (റ) വിന്‍റെ പാദമാണ്.(2)
നബി (സ) യുടെ ഖബറിന് മേല്‍ നിര്‍മിച്ച ഈ കെട്ടിടത്തിനും പള്ളിക്കുമിടയില്‍ അല്‍പം വിശാലമായ ഒരു സ്ഥലമുണ്ടായിരുന്നു. ഹിജ്റ 557 -ല്‍ മദീന ഭരിച്ചിരുന്ന നൂറുദ്ദീന്‍ ശഹീദ് റൗളയുടെ ചുറ്റും കിളച്ച് ചെമ്പും ഇയ്യവും ഉരുക്കിയൊഴിച്ച് ശക്തമായ കെട്ടുറപ്പ് വരുത്തുകയുണ്ടായി.ഹിജ്റ 678-ല്‍ അഹമദ്ബ്നു ഖുര്‍ഹാന്‍ (റ) ഇയ്യത്തകിട് പതിച്ച മരത്തിലുള്ള ഒരു ഖുബ റൗളയുടെ മേല്‍ ഭാഗത്ത് നിര്‍മിച്ചു. പില്‍കാലത്ത് ഹസനുബ്നു മുഹമ്മദ് ഖലാവൂന്‍ രാജാവും, 765-ല്‍ അശ്റഫ്ബ്നു ശഅവാനും അത് പുനര്‍ നിര്‍മ്മാണം നടത്തി. ഹിജ്റ 886-ല്‍ ഖായി തബായി രാജാവ് പലവിധ കല്ലുകളുപയോഗിച്ച് നിര്‍മ്മാണം ഭദ്രമാക്കുകയും തോടുകള്‍ കീറി ഇയ്യം ഉരുക്കിയൊഴിക്കുകയും ചെയ്തു.(3)
നബി (സ) യുടെ ഖബറിന് മേല്‍ നിര്‍മിച്ച ഖുബ്ബയും ഭവനവും ഇന്നും മദീനയില്‍ കാണാം. നൂറ്റാണ്ടുകള്‍ മുസ്ലിം പണ്ഡിത മഹത്തുക്കളുടെയും ലോക മുസ്ലിംകളുടെയും അംഗീകാരത്തോടെ ഇത് തലയുയര്‍ത്തി നിന്നുവെന്നത് തന്നെ മുസ്ലിം പൈതൃകത്തിന്‍റെ സാക്ഷ്യപ്പെടുത്തുന്ന അടയാളമല്ലെ.
യഹ്യാ നബി (അ) ന്‍റെ മഖ്ബറ സ്ഥിതി ചെയ്യുന്ന ഉമവി ജുമാ മസ്ജിദിലെ ഹാള് എടുത്തുപറയേണ്ടതാണ്. ഉമര്‍ (റ) വിന്‍റെ ഭരണകാലത്താണ് മുസ്ലിംകള്‍ ഡമസ്കസ് അക്രമിച്ച് കീഴടക്കുന്നത്. പകുതി ഭാഗം കീഴടങ്ങിയപ്പോഴേക്കും ബാക്കി ഭാഗത്തുള്ളവര്‍ ആയുധം വെച്ച് സന്ധിയിലേര്‍പ്പെട്ടു. യാദൃശ്ചികമെന്നുപറയട്ടെ, രണ്ടു ഭാഗത്തിന്‍റെയും മദ്ധ്യത്തിലായി ശേഷിച്ച, റോം കാരുടെ ഭരണകാലത്ത് ഇവിടെയുണ്ടായിരുന്ന ചര്‍ച്ച്, പിടിച്ചെടുത്ത് സ്വതന്ത്രമാക്കിയ ഭാഗം പള്ളിയായും സന്ധിയായ ഭാഗം ചര്‍ച്ചായും നിലനിറുത്തി. പില്‍കാലത്ത് ചര്‍ച്ചിന്‍റെ ഭാഗം കൂടി ഉള്‍പ്പെടുത്തി, അമവി ഖലീഫ വലീദുബ്നു അബ്ദില്‍ മലിക് പള്ളി വിപുലീകരിക്കുകയുണ്ടായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കെ ഒരു ഗുഹ കണ്ടെത്തി. വിവരം ഖലീഫ വലീദ് അറിഞ്ഞു അദ്ധേഹം ഗുഹക്കകത്തി റങ്ങി പരിശോധിച്ചപ്പോള്‍ ഒരുപെട്ടി കിട്ടി. പെട്ടിയില്‍ ഒരു മനുഷ്യ ശിരസ്സുണ്ടായിരുന്നു. ഇത് പ്രവാചകര്‍ യഹ്യയുടെ തലയാണെ ന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നൂ. പള്ളി നിര്‍മ്മാണത്തിന്‍റെ മേല്‍ നോട്ടം വഹിച്ച സൈദ്ബ്നു വാഖിദ് പറയുന്നു: ഈ അനുഗ്രഹീത ശിരസ്സ് ഞാന്‍ കണ്ടു. മുഖം, തൊലി, രോമം എന്നിവയില്‍ അല്‍പം പോലും മാറ്റം വന്നിട്ടില്ല. (4)
ഇത് യഹ്യാ നബി (അ) ന്‍റെ ശിരസ്സാണെന്ന് തിരിച്ചറിഞ്ഞതോടെ മസ്ജിദിന്‍റെ ഹാളില്‍ പ്രത്യേകം ഒരു മഖ്ബറ(5) നിര്‍മിച്ചു. പില്‍കാലത്ത് അനവധി പണ്ഡിതന്‍മാര്‍ സമ്മേളിക്കുകയും വൈജ്ഞാനിക സദസ്സുകള്‍ നടക്കുകയും ചെയ്ത പള്ളിയാണിത്. കാലങ്ങളോളം ഡമസ്കസിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമെന്ന നിലയില്‍ ഈ പള്ളിയുടെ ഖുബ്ബ ഖുബ്ബതുന്നസ്ര്‍ എന്ന പേരിലറിയപ്പെട്ടിരുന്നു, പ്രസിദ്ധ സ്പെയിന്‍ സഞ്ചാരി ഇബ്നു ജുബൈര്‍ ഹി: 587-ല്‍ ഈ ഖുബ്ബ സന്ദര്‍ശിച്ചത്(6) വിവരിക്കുന്നുണ്ട്.
പള്ളിയങ്കണത്തില്‍ നടന്നിരുന്ന പണ്ഡിത സഭകളെ തഖിഉസ്മാനി വിവരിക്കുന്നത് കാണുക: അതിമനോഹരമാണ് പള്ളിയങ്കണം നൂറ്റാണ്ടുകളോളം ഈ അങ്കണം മഹാപണ്ഡിതന്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും വൈജ്ഞാനിക പറുദീസയായിരുന്നു. ഇവിടെ വൈജ്ഞാനിക അരുവി പൊട്ടിയൊഴുകി. ധാരാളം പണ്ഡിത മഹാപ്രതിഭകള്‍ക്ക് അങ്കണം ജന്‍മം നല്‍കി. ഇവിടെ ഇപ്പോഴും ഏതാനും വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കപ്പെടുന്നു. വഅളിന്‍റെ സദസ്സുകളാണധികവും. ഇസ്ലാമിക വിജ്ഞാനങ്ങള്‍ പഠിക്കലും പഠിപ്പിക്കലും ഇവിടെ നിന്ന് എന്നോ അപ്രത്യക്ഷമായിരിക്കുന്നു. (7)
സന്ദര്‍ശകര്‍ക്ക് ഇവിടെ സൗകര്യപ്പെടുമാര്‍, നൂറ്റാണ്ടുകള്‍ പണ്ഡിത സാനിധ്യമുണ്ടായിരുന്ന ഈ ദര്‍ഗ, പ്രത്യേക സംരക്ഷണത്തോടെ നിലനിറുത്തിപ്പോരുന്നുവെന്നത് മുസ്ലിം ലോകം മഖ്ബറകളുടെ പൈതൃകത്തില്‍ സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങളുടെ തുടര്‍ച്ചയാണ്.
ഇതേ പള്ളിയുടെ തൊട്ടടുത്താണ് ഹൂദ് നബി (അ) മിന്‍റെ ഖബര്‍ എന്നതാണ് പ്രഭലം. ഹൂദ് നബിയുടെ മഖ്ബറയാണെന്നറിയപ്പെടുന്ന യമനിലെ ദര്‍ഗ അടിസ്ഥാനമില്ലെന്ന അഭിപ്രായമാണ് ചിലര്‍ക്കുള്ളത്.(8) ഇതില്‍ നിന്നും മനസ്സിലാകുന്നത് പ്രവാചകന്‍മാരുടെതെന്നോ മഹത്തുക്കളുടേതെന്നോ സംശയമുള്ളവ പോലും സന്ദര്‍ശനത്തിനും മറ്റും വേര്‍തിരിച്ച് സംരക്ഷിക്കുന്ന പൈതൃകം മഖ്ബറകളള്‍ക്ക് നൂറ്റാണ്ടുകളായി ഉണ്ട്. കാരണം ഇതേ സംശയം പ്രവാചകന്‍മാരുടെയോ മറ്റോ ഖബറെന്ന് പറയപ്പെടുന്ന വേറെയും ചില സ്ഥലങ്ങളില്‍ അഭിപ്രായ വിത്യാസം ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. പക്ഷേ, ജാറമായി കെട്ടിപ്പൊക്കുന്നതിനോ, സംരക്ഷണാര്‍ത്ഥം മുകളില്‍ ഭവനം നിര്‍മിക്കുന്നതിനോ മറ്റോ ആരും എതിര്‍പ്പ് രേഖപ്പെടുത്തുന്നില്ല. ഇത് പ്രത്യേകം വിലയിരുത്തേണ്ട ശ്രദ്ധേയമായ വസ്തുതയാണ്.
ദുല്‍ഖിഫിലി നബി (അ) ന്‍റെയും സകരിയ്യ (അ) ന്‍റെയും ഖബറുകള്‍ ഇതേ പള്ളിക്കു സമീപമാണ്. സന്ദര്‍ശകര്‍ക്ക് ഇന്നും കാണാന്‍ കഴിയുന്ന സത്യവുമാണത്.(9)
ഡമസ്കസിലെ പ്രവാചകന്‍മാരുടെ ഈ മഖ്ബറകളില്‍ മുസ്ലിം പൈതൃകം എന്തായിരുന്നു വെന്നന്വേഷിക്കുന്നതോടൊപ്പം ഡമസ്കസിന്‍റെ ഇന്നലകളിലെ ചരിത്രം കൂടി വായിക്കുമ്പോഴാണ് കാര്യം സുതരാം വ്യക്തമാവുക. ലോകത്തിലെ പുരാതന നഗരങ്ങളിലൊന്നാണ് ഡമസ്ക്സ് (ദിമഷ്ഖ്). ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, പ്രളയത്തിന് ശേഷം നൂഹ് നബി (അ) കപ്പലില്‍ നിന്ന് ഇറങ്ങി രണ്ടു പട്ടണങ്ങള്‍ സ്ഥാപിച്ചു. ആദ്യം ഹറാനും പിന്നെ ഡമസ്കസും. മറ്റു ചില റിപ്പോര്‍ട്ടുകളുമനുസരിച്ച്, ഇബ്രാഹീം നബി(അ)ക്ക് ദിമശ്ഖ് എന്ന് പേരുള്ള ഒരു ഭൃത്യനുണ്ടായിരുന്നു. ഈ നഗരം പണിതതു അദ്ധേഹമാണ്. ഇക്കാരണത്തിലാണിതിന് ഡമസ്കസ് എന്ന് പേരു ലഭിച്ചത്. ഡമസ്കസിന്‍റെ സ്ഥാപകന്‍ ദുല്‍ഖര്‍നൈനിയാണെന്നും സിക്കന്‍ദര്‍ മഖ്ദൂനിയാണെന്നും അഭിപ്രായമുണ്ട്. (10)
ഇസ്ലാമിനു മുമ്പ് അനേകം രാജകുടുംബങ്ങള്‍ ഡമസ്കസ് ഭരിച്ചിട്ടുണ്ട്. ഇസ്ലാമിന്‍റെ ഉദയ കാലത്ത് ബൈസന്‍റെിയന്‍ സാമ്രാജ്യത്തിന്‍റെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു ഈ നഗരം. ഉമര്‍ (റ) വിന്‍റെ ഭരണകാലത്ത് അബൂ ഉബൈദത്തുബ്നു ജര്‍റാഹ് ഡമസ്കസ് കീഴടക്കി. ശാം സംസ്ഥാനത്തിന്‍റെ ആസ്ഥാനമായി അവര്‍ ഈ നഗരത്തെ തെരഞ്ഞെടുത്തു. മുആവിയ (റ) ഗവര്‍ണ്ണറായി നിശ്ചയിക്കപ്പെട്ടു. അലി (റ) വധിക്കപ്പെട്ട ശേഷം മുസ്ലിം ലോകത്തിന്‍റെ ആസ്ഥാനമായി ഡമസ്കസ് തെരഞ്ഞെടുക്കപ്പെട്ടു. അറ്റ്ലാന്‍റിക്ക് മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെ വ്യാപിച്ചു കിടന്ന മുസ്ലിം സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായി ഒരു നൂറ്റാണ്ട് കാലം ഡമസ്ക്സ് ചരിത്രത്തില്‍ ശോഭിച്ചു. ഡമസ്ക്സ് മുസ്ലിം ഭരണത്തില്‍ കീഴിലായപ്പോള്‍ ധാരാളം സ്വഹാബികള്‍ ഇവിടെ താമസിച്ചു.(11) ഇസ്ലാമിന്‍റെ കീഴില്‍വന്ന എല്ലാ രാജ്യങ്ങളിലെയും ജൂത, ക്രിസ്ത്യാനി, മുശ്രിക്കുകളുടെ മുഴുവന്‍ ചിഹ്നങ്ങളും തുടച്ചു നീക്കിപൂര്‍ണ്ണ ഇസ്ലാമിക വല്‍കരിച്ചിരുന്ന ആ മഹത്തുക്കള്‍ പക്ഷേ, അവിടങ്ങളില്‍ അറിയപ്പെട്ടിരുന്ന ആ പ്രവാചകന്‍മാരുടെ ഖബറുകളെ മറച്ചുകളയുവാനോ ഇല്ലായ്മ ചെയ്യുവാനോ കല്‍പ്പിച്ചില്ല. ഇവിടെ ഇസ്ലാമിക പൈതൃകമെന്താണെന്നാണ് വിളിച്ചോതുന്നത്.
നൂഹ്നബി (അ) ന്‍റെ ജോര്‍ദാനിലെ കര്‍കിലുള്ള ഖബറിടവും ഇന്ന് പ്രസിദ്ധമാണ്. ഇറാഖിലെ നജിഫിലും നൂഹ് നബി (അ) ന്‍റെ പേരില്‍ പറയപ്പെടുന്ന ഖബറുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.(12)
പ്രവാചകരുടെതായി അനുമാനിക്കപ്പെടുന്ന ഖബറുകള്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം കെട്ടിപ്പൊക്കുകയോ ജാറമുണ്ടാക്കുകയോ മുകളില്‍ ഖുബ്ബ നിര്‍മിക്കുകയോ അതുമല്ലെങ്കില്‍ ചുരുങ്ങിയത് സന്ദര്‍ശന സൗകര്യപ്പെടുത്തുകയെങ്കിലും ചെയ്തത് ഇന്ന് നേരിട്ട് കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണ്. നേരത്തെ പറഞ്ഞ നൂഹ് നബി (അ) ന്‍റെ മഖ്ബറ ജോര്‍ദാനിലെ കെര്‍കിലും, മൂസാ നബി (അ) ന്‍റെ മഖ്ബറ ഫലസ്തീനിലെ ജറീയോയിലും ദാവൂദ് നബി (അ) ന്‍റെ മഖ്ബറ ഫലസ്തീനിലെ ജറൂസലമിലും, ലൂത്ത് നബി (അ) ന്‍റെ മഖ്ബറ ഫലസ്തീനിലെ ഹെബ്രോണിലും, യൂസുഫ് നബി (അ) ന്‍റെ മഖ്ബറ ഫലസ്തീനിലെ നാബല്‍സിലും, ശീസ് നബി (അ) ന്‍റെ മഖ്ബറ ഇറാഖിലെ മോസൂളിലും, ലുഖ്മാനുല്‍ ഹകീം (അ) ന്‍റെ മഖ്ബറ ഇറാഖിലെ വാല്‍ബനീ സഅ്ദിലും, ഇംറാന്‍ നബി (അ) ന്‍റെ മഖ്ബറ ഒമാനിലെ സലാലയിലും, സ്വാലിഹ് നബി (അ) ന്‍റെ മഖ്ബറ യമനിലെ ഹള്റമൗത്തിലും, അയ്യൂബ് നബി (അ) ന്‍റെ മഖ്ബറ ഒമാനിലെ സലാലയിലും, ശുഹൈബ് നബി (അ) ന്‍റെ മഖ്ബറ ജോര്‍ദാനിലെ വാദീശുഹൈബിലും, യൂഷഅ് നബി (അ) ന്‍റെ മഖ്ബറ ജോര്‍ദാനിലെ സലതിലും, ദാനിയല്‍നബി (അ) ന്‍റെ മഖ്ബറ ഉസ്ബകിസ്ഥാനിലെ സമര്‍കന്തിലും, ഹാറൂന്‍ നബി (അ) ന്‍റെ മഖ്ബറ ജോര്‍ദാനിലെ പെട്രയിലും, ശംവീല്‍ നബി (അ) ന്‍റെ മഖ്ബറ ഫലസ്തീനിലെ റമാഹിലും, ദുല്‍ഖിഫിലി (അ) ന്‍റെ മഖ്ബറ സിറിയയിലെ ഡമസ്കസിലും, യൂനുസ് നബി (അ) ന്‍റെ മഖ്ബറ ഇറാഖിലെ നീനവയിലും തുടങ്ങി പ്രാവാചകന്‍മാരുടെതായി അറിയപ്പെടുന്നതും പറയപ്പെടുന്നതുമായ അനവധി മഖ്ബറകള്‍ വസതുതാപരമായി അവയുടെതല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ പോലും അവക്കുമുകളില്‍ കെട്ടിപ്പൊക്കുകയോ പ്രത്യേക പരിഗണനയോടെ ഖബറുകളെ വേര്‍തിരിച്ച് നിര്‍ത്തുകയോ ചെയ്തു എന്നതും മഖ്ബറകളുടെ കാര്യത്തിലെ മുസ്ലിം പൈതൃകമല്ലാതെ മറ്റെന്താണ് വിളിച്ചറിയിക്കുന്നത്. എന്തുകൊണ്ടാണ് ആ ജാറങ്ങള്‍ പ്രത്യേക സന്ദര്‍ശന കേന്ദ്രങ്ങളായി അറിയപ്പെട്ടത് ?. നടേ ഉദ്ധരിച്ചതും അല്ലാത്തതുമായ പ്രവാചകന്‍മാരുടെതെന്ന് പറയപ്പെടുന്ന മുഴുവന്‍ ജാറങ്ങളും ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് പോലും ( അഥവാ അവിടങ്ങളില്‍ പോയി കാണണമെന്നില്ല) ലഭ്യമാണ്. അവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ജാറങ്ങളുടെ കൃത്യമായ ചരിത്രങ്ങള്‍ ഗൈഡുകള്‍ വിവരിച്ചു നല്‍കാറുണ്ട്. ചുരുക്കത്തില്‍ പ്രവാചകന്‍മാരുടെ ജാറങ്ങളുടെ യഥാര്‍ത്ഥ പൈതൃകം പറഞ്ഞു തരുന്ന പച്ച സത്യങ്ങളാണ് ജീവിക്കുന്ന ജാറങ്ങളത്രയും. ഇമാം നവവി (റ) നെ പോലുള്ള പ്രഗല്‍ഭരായ പണ്ഡിതരുടെ വിശദീകരണങ്ങളില്‍ നിന്നും ഈ പ്രവാചകരുടെ ജാറങ്ങളില്‍ ചിലതെങ്കിലും വളരെ മുമ്പെ നിര്‍മിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്. ഇമാം നവവി (റ) പറയുന്നു: ശാമിന്‍റെ തീരത്തുള്ള ഫിത്വീനിലാണ് ശുഹൈബ് നബിയുടെ ഖബറുള്ളത്. അദ്ധേഹത്തിന്‍റെ ഖബറിന് മുകളില്‍ കെട്ടിടം ഉയര്‍ത്തിയിട്ടുണ്ട്. വിദൂരസ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ അവിടെ എത്തിയിരുന്നു. (13)
ഖുലഫാഉ റാശിദീങ്ങളുടെ ജാറങ്ങളിലെ പൈതൃകം
പ്രവാചകന്‍മാര്‍ക്ക് ശേഷം സ്വഹാബത്തിന്‍റെ കൂട്ടത്തില്‍ ഖുലഫാഉ റാശിദീങ്ങള്‍ മറപ്പെട്ട് കിടക്കുന്നിടങ്ങള്‍ മുസ്ലിം ലോകം സമീപിച്ചു പോന്ന പൈതൃക ചരിത്രവും വിലപ്പെട്ടതാണെല്ലോ.? തിരു നബിയുടെ റൗളാ ശരീഫ് വിവരിച്ചതിനാല്‍ സിദ്ധീഖ് (റ) ന്‍റെയും ഉമര്‍ (റ) ന്‍റെയും മഖ്ബറകള്‍ പ്രത്യേകം എടുത്തുദ്ധരിക്കല്‍ ആവിശ്യമില്ലെന്ന് കരുതുന്നു. മാത്രമല്ല, മദീന സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും തിരു നബി (സ) ക്കൊപ്പം നൂറ്റാണ്ടുകളായി ആ രണ്ടു മഹാډാരും അതി മഹത്തായ കെട്ടിടത്തിനുളളിലാണെന്നതും ദിവസവും തിരു നബി (സ) യോടൊപ്പം ആയിരങ്ങള്‍ അവരെ സിയാറത്ത് ചെയ്യുന്നുവെന്നതും തെളിവുദ്ധരിക്കാതെ പകല്‍വെളിച്ചം പോലെ വ്യക്തമാകുന്ന ചരിത്രങ്ങളാണ്.
മൂന്നാമത്തെ ഖലീഫ ഉസ്മാന്‍ (റ) ന്‍റെ ഖബറിന്‍റെ മുകളിലുണ്ടായിരുന്ന ഖുബ്ബയും ചരിത്രവും പ്രസിദ്ധമാണ്. പില്‍കാലത്ത് സഊദ് ഭരണകൂടം പൊളിച്ച് മറ്റുന്നത് വരെ അതുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അമീറുല്‍ ഹജ്ജാജായി വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിച്ച ചരിത്രകാരനായ രിഫ്അത്ത് ബാഷാ എഴുതുന്നത് കാണുക: മൂന്നാം ഖലീഫ ഉസ്മാന്‍ (റ) വിന്‍റെ ഖബറിന്‍റെ മുകളിലുണ്ടായിരുന്ന ഖുബ്ബ ഹിജ്റ 1283-ല്‍ സുല്‍ത്താന്‍ മഹ്മൂദ് പുതുക്കിപ്പണിതിരുന്നു. ഖുര്‍ആന്‍ ഖാരിഈങ്ങളുടെ നേതാവായ റാഫിഅ് (റ) അടക്കം നിരവധി മഹത്തുക്കള്‍ ഇവിടെയുണ്ടായിരുന്നെങ്കിലും ഉല്‍പതിഷ്ണുക്കളുടെ ഭരണകൂടം അവ പൊളിച്ചുമാറ്റുകയാണുണ്ടായത്. (14)
നാലാമത്തെ ഖലീഫ അലി (റ) വിന്‍റെ വിഷയത്തില്‍ അഭിപ്രായ വിത്യാസമുണ്ടെങ്കിലും, ഇന്ന് അദ്ധേഹത്തിന്‍റെതാണെന്ന് വിശ്വസിക്കപ്പടുന്ന ഖബറില്‍ സ്വീകരിച്ചിട്ടുള്ള സ്ഥിതിയും വിലയിരുത്താവുന്നതാണ്. രണ്ട് മിനാരങ്ങള്‍ക്കിടയില്‍ ചതുരാകൃതിയിലുള്ള കെട്ടിടമാണ് അലിയുടെ (ക.വ) ദര്‍ഗ എന്നറിയപ്പെയുന്ന ഈ കെട്ടിടം. മുകളില്‍ വലിയ താഴികക്കുടം ആകെ സ്വര്‍ണ്ണം പൂശിയിരിക്കുന്നു. അകത്ത് പട്ട് കൊണ്ടും മറ്റുമുള്ള പരവതാനികള്‍ വിരിച്ചിരിക്കുന്നു. വെള്ളിനിറമുള്ള കല്ലറ തിളങ്ങുന്ന ഭിത്തി സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും ചെറിയ ഗോളങ്ങള്‍ മുകളില്‍ തൂങ്ങിക്കിടക്കുന്നു. (15)
താരീഖ് ബാഗ്ദാദ് (1/138) ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. മറ്റു പലയിടങ്ങളിലുമാണ് അലി (റ) ന്‍റെ ഖബറുള്ളതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നിട്ടും അദ്ധേഹത്തിന്‍റെതാണെന്ന് സംശയിക്കുന്ന ഒരിടത്ത് എന്ത് കൊണ്ട് ഇങ്ങനെ സ്വീകരിച്ചു. ജാറങ്ങളുടെ പൈതൃകം ഇതായിരുന്നുവെന്നല്ലെ ഇതറിയിക്കുന്നത്.
ജാറങ്ങളില്‍ സ്വഹാബത്തിന്‍റെ പൈതൃകം
ഖുലഫാ ഉറാശിദീങ്ങള്‍ക്ക് പുറമെ മറ്റു സ്വഹാബത്തിന്‍റെ കാര്യത്തില്‍ സ്വഹാബികളോ പില്‍കാലത്ത് വന്നവരോ സ്വീകരിച്ചിരുന്ന നടപടി ക്രമങ്ങളും മുസ്ലിം പൈതൃകത്തിന് ശക്തിപകരുന്നതാണെല്ലോ.?
തിരുനബി (സ) യുടെ സന്നിധിയില്‍ തന്നെ ഉയര്‍ത്തപ്പെട്ട മഖ്ബറകളുണ്ടായിരുന്നുവെന്നതിന് സ്വഹീഹായ ഹദീസുകള്‍ സാക്ഷിയാണ്. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: څനബി (സ) അര്‍ജ് എന്ന സ്ഥലത്തിന്‍റെ പിറക് ഭാഗത്ത്വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകള്‍ ഉണ്ടായിരുന്നു.چ (16)
മഖ്ബറകളുടെ ഈ പൈതൃകം പിന്തുടര്‍ന്ന് വന്ന സ്വഹാബത്തിന്‍റെ ചരിത്രം ഇതില്‍ നിന്ന് വ്യത്യസ്ഥമാകില്ലല്ലോ. ഖാരിജത്തുബ്നു സൈദ് പറയുന്നത് കാണുക: څഉസ്മാന്‍ (റ) ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന് ഉസ്മാനുബ്നു മള്ഊനിന്‍റെ ഖബര്‍ ചാടിക്കടന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാരന്‍.چ(17) വലിയ ചാട്ടക്കാരന് ഖബറ് ചാടിക്കടക്കാന്‍ മാത്രം ഉയരത്തില്‍ ഉസ്മാനുബ്നു മള്ഊനിന്‍റെ ഖബര്‍ കെട്ടിപ്പൊക്കിയിരുന്നുവെന്നും ഇതില്‍ നിന്നും ഖബര്‍ ഉയര്‍ത്തിക്കെട്ടല്‍ അനുവദനീയമാണെന്ന് ഇബ്നു ഹജര്‍ (റ) തെളിവു പിടിച്ചിരിക്കുന്നു.(18)
മക്കയിലെയും മദീനയിലെയും മഖ്ബറകളില്‍ മറവെട്ട് കിടക്കുന്ന സ്വഹാബത്തിന്‍റെ ചരിത്രമന്വേഷിച്ചാലും ജാറങ്ങളുടെ പൈതൃകം കണ്ടെത്താന്‍ കഴിയും. രിഫ്അത്ത് ബാഷ എഴുതുന്നു: മക്കയിലെ പൊതു ഖബര്‍ സ്ഥാനമാണ് ജന്നത്തുല്‍ മുഅല്ല സ്വഹാബാക്കളുടെ ഖബറുകളാണ് അതിനകത്തുള്ളത്. ജന്നത്തുല്‍ മുഅല്ലയുടെ കവാടത്തിന്നടുത്താണ് നബി (സ) യുടെ പത്നി ഖദീജ ബീവിയുടെ ഖബറുള്ളത് അതിനു മുകളില്‍ വലിയൊരു ഖുബ്ബയുണ്ട്. കല്ലു കൊണ്ട് നിര്‍മിച്ച ഈ ഖുബ്ബ ഹിജ്റ 950-ല്‍ സുല്‍ത്താന്‍ സുലൈമാനുല്‍ ഖാനൂനിയുടെ ഗവര്‍ണ്ണറായ ദാവൂദ് ഭാഷയുടെ ഭരണകാലത്താണ് നിര്‍മ്മിക്കപ്പെടുന്നത്. അതിനു മുമ്പ് മരംകൊണ്ടുണ്ടാക്കിയ ഒരു പെട്ടി ഈ ഖബറിനു മുകളില്‍ വെച്ചിരുന്നു. ആ ഖുബ്ബയുടെ മുകളില്‍ രേഖപ്പെടിത്തിയ ലിഖിതം ഞാന്‍ കണ്ടു. നബി (സ) യുടെ പിതാമഹന്മാരായ അബ്ദുമനാഫ്, അബ്ദുല്‍ മുത്തലിബ്, ഹാശിം എന്നിവരുടെ ഖബറിടങ്ങള്‍ അവിടെയാണെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം .(19)
മദീനയിലെ ജന്നത്തുല്‍ ബഖീഇനെ അദ്ധേഹം വിവരിക്കുന്നത് കാണുക: മദീനയുടെ കിഴക്കുഭാഗത്താണ് ബഖീഅ്. പതിനായിരത്തോളം സ്വഹാബികളെയും നിരവധി താബിഈങ്ങളെയും മറ്റു മഹാത്മാക്കളെയും ഇവിടെ മറവ് ചെയ്തിട്ടുണ്ട്. അവരില്‍ പ്രമുഖരുടെയെല്ലാം ഖബറിടങ്ങളില്‍ ഖുബ്ബകളുണ്ടായിരുന്നു. നബിപുത്രനായ ഇബ്രാഹിം, പുത്രി റുഖിയ (റ), സ്വഹാബി പ്രമുഖരായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ), അബ്ദുല്ലാഹിബ്നു ഔഫ് (റ), സഅ്ദുബ്നു അബീ വഖാസ് (റ), അസ്അദ്ബ്നു സുറാറത്ത് (റ), ഖുറൈസ് (റ), അബൂ ജഅ്ഫര്‍ (റ), സ്വാദിഖ് (റ), തുടങ്ങിയവരുടെയൊക്കെ ഖബറിടങ്ങളില്‍ ചെറുതും വലുതുമായ ഖുബ്ബകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.
നബി (സ) യുടെ പത്നിമാരില്‍ ഖദീജ (റ) മൈമൂന (റ) എന്നിവര്‍ ഒഴികെയുള്ളവരൊക്കെ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെ ഒരു വലിയ ഖുബ്ബക്ക് താഴെയാണ്.چ(20)
നബി (സ) യുടെ മകന്‍ ഇബ്രാഹീമിന്‍റെ ജന്നത്തുല്‍ ബഖീഇലെ ഖബറിന് ഖുബ്ബയുണ്ടായിരുന്നത് ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അദ്ധേഹത്തെ ബഖീഇല്‍ മറമാടി, അദ്ധേഹത്തിന്‍റെ ഖബര്‍ പ്രസിദ്ധവും അതിന്‍റെ മുകളില്‍ ഖുബ്ബയുമുണ്ട്. (21) ജന്നത്തുല്‍ ബഖീഇന് പുറത്തും പ്രസിദ്ധമായ അനവധി സ്വഹാബികളുടെ മഖ്ബറകളുണ്ട്.
നൂറുദ്ധീന്‍ അലിയ്യുബ്നു അഹ്മദുസ്സംഹൂദി (റ) പറയുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സയ്യിദുശ്ശുഹദാഅ് ഹംസ (റ) യുടെ മഖ്ബറയാണ്. അദ്ധേഹത്തിന്‍റെ മേല്‍ നല്ല ഉറപ്പുള്ള ഒരു ഖുബ്ബയുണ്ട്. അതിന്‍റെ വാതില്‍ പാളികള്‍ ഇരുമ്പ്കൊണ്ട് നിര്‍മിച്ചതാണ്. (22) ഇതേപോലെ ത്വല്‍ഹത്ത് (റ) വിന്‍റെ ഖബറിടത്തെ പ്രസിദ്ധവും അനുഗ്രഹവും ബര്‍ക്കത്തും തേടിയെത്തുന്നവര്‍ക്ക് ഒരു തീര്‍ത്ഥാടന കേന്ദ്രവുമാണെന്ന് ഇമാം നവവി (റ) വിവരിച്ചിട്ടുണ്ട്. (23)
മുആവിയയുടെ ഖബറിനെ വിശേഷിപ്പിക്കുന്നത് നോക്കൂ: മുആവിയയുടെ ഖബറിന് മേല്‍ ഉയര്‍ത്തിയ കെട്ടിടം സിയാറത്തിനായി തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് തുറന്നു കൊടുത്തിരുന്നത്. (24) സ്വഹാബിയായ അബൂസുഫിയാന്‍റെ ഖബറിന് മേലും ഖുബ്ബയുണ്ടാക്കിയിരുന്നു.(25)
ഇങ്ങനെ സ്വഹാബത്തിലെ പ്രമുഖരില്‍ പലരുടെയും ഖബറുകള്‍ കെട്ടിപ്പൊക്കുകയും മുകളില്‍ ഖുബ്ബയും ജാറവും നിര്‍മ്മിക്കുകയും ചെയ്തത് സര്‍വ്വാഗീകൃതരായ പണ്ഡിതരുടെ കിതാബുകളില്‍ തന്നെയുണ്ട്. അവരാരും അതിനെ എതിര്‍ക്കുന്നതിന് പകരം പ്രശംസയോടെ ഉള്ള വസ്തുതകള്‍ എടുത്തുദ്ധരിക്കുന്നു. മുസ്ലിം പൈതൃകത്തിന്‍റെ ജാറങ്ങളോടുള്ള സമീപനമല്ലെ നാം ഇതില്‍ നിന്നും വായിച്ചെടുക്കേണ്ടത്.
പൈതൃക ചരിത്രത്തില്‍ മഹ്ദബിന്‍റെ ഇമാമുകളുടെ പങ്ക്
മുന്‍ഗാമികളില്‍ നിന്നു ഖുര്‍ആനും ഹദീസും ഗഹനമായ പഠനങ്ങള്‍ക്ക് വിധേയമാക്കി പരിശുദ്ധ ദീനിനെ പില്‍കാലക്കാര്‍ക്ക് സമാഹരിച്ചു തന്ന മുജ്തഹിദീങ്ങളാണല്ലോ മദ്ഹബിന്‍റെ ഇമാമുകള്‍. അനുവദനീയവും അല്ലാത്തവയും വ്യവഛേദിച്ചു കൃത്യമായി രേഖപ്പെടുത്തി ഗ്രന്ഥ രചന നിര്‍വഹിച്ചവരുടെ അനുയായികള്‍ ആ മഹത്തുക്കളുടെ ജാറങ്ങളില്‍ എന്തിുനിലപാടെടുത്തുവെന്നന്വേഷിക്കുന്നത് ജാറങ്ങളുടെ പൈതൃക ചര്‍ച്ചയില്‍ പ്രസക്തമാണല്ലോ?.
ഇമാം അബൂ ഹനീഫ (റ) യുടെ ഖബറിനു മേല്‍ രാജാവായ അബൂസഅ്ദ് മുഹമ്മദ്ബ്നു മന്‍സൂറുല്‍ ഖവാരിസ്മി ഖുബ്ബ പണിയുകയും അതിനടുത്ത് വലിയൊരു മദ്രസ സ്ഥാപിക്കുകയും ചെയ്തുവെന്ന് ഇബ്നു ഖല്ലികാല്‍ എഴുതുന്നു. നിര്‍മാണ ശേഷം പരിവാര സമേതം രാജാവ് ആ ഖബര്‍ സന്ദര്‍ശിക്കുകയുണ്ടായി .(26) ഇമാമുല്‍ അഅ്ളം എന്നറിയപ്പെടുന്ന ആ മഹാനോട് സ്വീകരിച്ച നിലപാട് ജാറങ്ങളുടെ പൈതൃകമെന്നല്ലാതെ നാം എങ്ങനെ വിലയിരുത്തും.
ഇമാം ശാഫിഈ (റ) വിന്‍റെ മഖ്ബറയും ഇതില്‍ നിന്ന് വിത്യാസമല്ല. ഈജിപ്തിന്‍റെ തലസ്ഥാന നഗരമായ കൈറോപട്ടണത്തിന്‍റെ ഹൃദയഭാഗം അല്‍ഇമാമുശ്ശാഫിഈ എന്നാണറിയപ്പെടുന്നത്. അവിടെയാണ് ഇമാം ശാഫിഈ (റ) വിന്‍റെ മഖ്ബറ നിലകൊള്ളുന്നത്. ശാഫിഈ (റ) യുടെ മഖ്ബറക്കു മുകളില്‍ പണിത ഖുബ്ബ ലോകപ്രസിദ്ധ മുകുടങ്ങളില്‍ ഒന്നാണ്. മാറി മാറി വരുന്ന മുസ്ലിം ഭരണാധികാരികളൊക്കെമഖ്ബറ സംരക്ഷണത്തിനും പുനര്‍ നിര്‍മാണത്തിനും അതീവ ശ്രദ്ധ നല്‍കാറുണ്ട്. ഇന്നും ഭരണകൂടം മഖ്ബറക്ക് ശ്രദ്ധേയമായ പരിഗണന നല്‍കിവരുന്നു. എല്ലാ വര്‍ഷവും റജബ് അവസാന വാരം അല്‍ജാമിഉ ശ്ശാഫിഈയില്‍ വിപുലമായ ഉറൂസ് പരിപാടികള്‍ നടക്കാറുണ്ട്. (27)
ഇമാം മാലിക് (റ) വിന്‍റെയും ഇമാം ഹമ്പലിന്‍റെയുമൊക്കെ മേല്‍ ഖുബ്ബയുണ്ടെന്ന് ശദറാതുദഹബും (3/319) തഹ്ദീസും (1/112) വിവരിക്കുന്നുണ്ട്. ചരിത്രാതീത കാലം മുതല്‍ക്കു തന്നെ ജാറങ്ങളുടെ പൈതൃകം ഇതായിരുന്നുവെന്നാണല്ലോ നടേ ഉദ്ധരിച്ച മുഴുവന്‍ സംഭവങ്ങളും വ്യക്തമാക്കുന്നത്. ഈയൊരു മാതൃകയും പാരമ്പര്യവും മഹത്തുക്കളുടെ കാര്യത്തില്‍ പുലര്‍ത്തുന്നതില്‍ കാര്‍ക്കശ്യവും ശ്രദ്ധയുമുണ്ടായിരുന്നുവെന്നതിന് അബൂ അയ്യൂബുല്‍ അന്‍സാരിയുടെ മസാറ് തെളിവാണ്. മുആവിയയുടെ ഭരണ കാലത്ത് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ അക്രമിക്കാന്‍ വേണ്ടി യസീദിന്‍റെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തില്‍ അബൂ അയ്യൂബുല്‍ അന്‍സാരിയുമുണ്ടായിരുന്നു. ഉപരോധത്തിനിടെ അദ്ധേഹം രോഗ ബാധിതനായി. യസീദ് അദ്ധേഹത്തെ സന്ദര്‍ശിച്ചു. താങ്കള്‍ക്ക് ഞാന്‍ എന്തു സേവനമാണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എനിക്ക് ഒറ്റ ആഗ്രഹമേയുളളൂ .ഞാന്‍ മരണപ്പെട്ടാല്‍ എന്‍റെ മൃതശരീരം കുതിരപ്പുറത്തു കയറ്റി ശത്രുക്കളുടെ ഭൂമിയില്‍ നിന്ന് എത്ര അകലം കൊണ്ട് പോവാന്‍ കഴിയുമോ അത്രയും ദൂരം കൊണ്ട് പോവുക. അവിടെ ഖബറടക്കം ചെയ്യുക. ഇതാണ് എന്‍റെ അഭിലാഷം. മരണ ശേഷം വസിയ്യത്ത് അനുസരിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ അതിര്‍ത്തി മതിലിനടുത്ത് യസീദ് അദ്ധേഹത്തിന്‍റെ മയ്യിത്ത് ഖബറടക്കി (28)
മുഹമ്മദ് ഫാതിഹ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കിയ ഉടനെ താല്‍പര്യപൂര്‍വ്വം അബൂഅയ്യൂബുല്‍ അന്‍സാരിയുടെ ഖബര്‍ അന്വേഷണമാരംഭിച്ചു. ഒരു സൂഫിവര്യന്‍റെ സഹായത്തോടെ അദ്ധേഹം ഖബര്‍ കണ്ടു പിടിച്ചു. സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് ഇവിടെ ജാമിഅ് അബൂഅയ്യൂബ് എന്ന പേരില്‍ പള്ളി നിര്‍മിച്ചു.(29) തുര്‍ക്കിയിലെ പ്രധാന മസാറാണിത്. അബൂഅയ്യൂബ് എന്നാണ് ഈ പ്രദേശത്തിന്‍റെ പേരും. സന്ദര്‍ശകര്‍ മസാറിനടുത്ത് ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നു.(30) അതിസാഹസികമായ ഒരു യുദ്ധ വിജയത്തിന്‍റെ ഉടനെ മഹാനായൊരു സ്വഹാബിയുടെ ഖബറന്വേഷിക്കുകയും അതിന്‍റെ പരിപാലനം ശ്രദ്ധിക്കുമാര്‍ മഹത്തുക്കളുടെ ഖബറുകള്‍ക്ക് മുസ്ലിം ലോകം പരിഗണന നല്‍കുന്ന പൈതൃക ചരിത്രമുണ്ടെന്ന് ആണയിടുന്ന രേഖയാണ് അബൂ അയ്യൂബുല്‍ അന്‍സാരിയുടെ മസാര്‍.
ജാറങ്ങളുടെ പൈതൃകം ഔലിയാക്കളുടെ പങ്ക്
പ്രവാചകന്‍മാരുടെയും സ്വാഹാബാക്കളുടെയും താബിഈങ്ങളുടെയും മഖ്ബറകളില്‍ മുസ്ലിം ലോകം സ്വീകരിച്ചുവന്ന പൈതൃകമെന്താണോ അതു തന്നെയാണ് ഔലിയാക്കളില്‍ പ്രസിദ്ധരായവരുടെ ജാറങ്ങളിലും ഉണ്ടായത്. ത്വരീഖത്തുകളുടെ വളര്‍ച്ചയോടെ മുമ്പുള്ളവയേക്കാള്‍ പ്രചാരത്തിലും പ്രസിദ്ധിയിലും മാറ്റമുണ്ടെന്ന് മാത്രം. അവര്‍ നിര്‍വഹിച്ച പ്രബോധന പ്രവര്‍ത്തനങ്ങള്‍ ജാറങ്ങളില്‍ ചെലുത്തിയ സ്വാധീനത്തിനനുസരിച്ച് ആളുകളില്‍ കൂടുതല്‍ അംഗീകാരവും സ്വീകാര്യതയും വര്‍ദ്ധിക്കാന്‍ കാരണമായി. അവരുടെ മരണ ശേഷവും ആ അംഗീകാരവും സ്വീകാര്യതയും, മരണ ശേഷവും ജീവിതകാലത്തെന്ന പോലെ അവരുടെ സഹായങ്ങള്‍ നിലനില്‍ക്കുമെന്ന് തെളിവിന്‍റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന ലോകമുസ്ലിംകള്‍, അവരുമായുള്ള ആ ബന്ധം നിലനിറുത്തിപ്പോരാന്‍ കാരണമായി. പ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും ഹദീസ് പണ്ഡിതന്‍മാരുടെയും മറ്റു മഹാന്‍മാരായ പണ്ഡിതന്‍മാരുടെയും ജാറങ്ങള്‍ സംരക്ഷിച്ച പോലെയോ അതിലും അല്‍പ്പം ജാഗ്രതയോടെയോ ഔലിയാക്കളുടെതും സംരക്ഷിക്കാന്‍ നടേ പറഞ്ഞ കാരണങ്ങള്‍ പ്രചോദനമായി.
ലോക പ്രസിദ്ധരായ ഗസ്സാലി (റ), മുഹ്യുദ്ധീന്‍ ശൈഖ് (റ), റിഫാഈ ശൈഖ് (റ), തുടങ്ങി ഇന്നേവരെ ജീവിച്ചു മരണപ്പെട്ടുപോയ ഔലിയാക്കളില്‍ പലരുടെയും ജാറങ്ങള്‍ കെട്ടിപ്പൊക്കി സിയാറത്ത് സൗകര്യമൊരുക്കിയത് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. ലോകത്ത് ഓരോ വലിയ്യിന്‍റെയും ജാറത്തിന്‍റെ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നില്ല. എങ്കിലും നടേയുദ്ധരിച്ച ചരിത്ര വസ്തുതകളില്‍ നിന്നും വ്യക്തമാകുന്ന ജാറങ്ങളുടെ പൈതൃകം ഔലിയാക്കളുടെ ജാറങ്ങളിലും ലോകമുസ്ലിംകള്‍ സ്വീകരിച്ചു വന്നുവെന്ന വസ്തുത ഏതൊരാള്‍ക്കും അംഗീകരിക്കേണ്ടിവരുന്നുണ്ട്.
തെളിവുകള്‍ സംസാരിക്കുന്നു.
കേവല പൈതൃകത്തെ വിമര്‍ശന വിധേയമാക്കിയേക്കാം. കാരണം ജാറങ്ങളെ വിമര്‍ശിക്കുന്നവര്‍ പലപ്പോഴും എടുത്തു പറയാറുള്ള അവാസ്തവമായ ഒന്നാണ് ഇതര മതങ്ങളില്‍ നിന്ന് കടം കൊണ്ടതാണ് ഈ സമ്പ്രദായങ്ങള്‍ എന്നത്. ഈ ആരോപണം വാസ്തവ വിരുദ്ധമാണ്. കൃത്യമായ തെളിവിന്‍റെ പിന്‍ബലത്തിലാണ് ഈ പൈതൃകം രൂപം കൊള്ളുന്നത്. ഇവിടെ ജാറങ്ങളില്‍ മുസ്ലിം ലോകത്തിന് പൈതൃകമായി കിട്ടിയിട്ടുള്ള ആചാരങ്ങള്‍ എന്തൊക്കെയാണെന്നും അവയുടെ പിന്‍ബലം എന്തൊക്കെയാണെന്നുമാണ് അന്വേഷിക്കേണ്ടത്.
1- ഖബര്‍ സന്ദര്‍ശനം
നേരത്തെ നിരോധിക്കപ്പെട്ടതും പിന്നീട് ഇസ്ലാം അംഗീകരിക്കുകയും ചെയ്ത ഒന്നാണ് ഖബര്‍ സിയാറത്ത്. നബി (സ) പറയുന്നു: നിങ്ങള്‍ക്ക് ഞാന്‍ ഖബര്‍ സിയാറത്ത് തടഞ്ഞിരുന്നു. ഇപ്പോള്‍ നിങ്ങള്‍ സിയാറത്ത് ചെയ്ത് കൊള്ളുക (31).
ബഖീഇലെ മഖ്ബറകള്‍ നബി (സ) സന്ദര്‍ശിച്ചിരുന്നത് ഇമാം മുസ്ലിം ഉദ്ദരിക്കുന്നത് കാണുക. ആയിശ (റ) പറയുന്നു: നബി (സ) തന്നോടൊപ്പമുണ്ടാകുന്ന രാത്രികളില്‍ അതിന്‍റെ അവസാന ഭാഗം ബഖീഇലേക്ക് (മദീനയിലെ ഖബര്‍സ്ഥാന്‍) പുറപ്പെടും. എന്നിട്ട് ഖബറാളികളെ സംബോധനം ചെയ്ത് കൊണ്ട് ഇങ്ങനെ പറയുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ രക്ഷാഗുണങ്ങള്‍ വര്‍ഷിക്കട്ടെ, വിശ്വാസികളായ ശ്മശാന വാസികളേ, നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് പ്രാപിച്ചിരിക്കുന്നു. നാളെ നിങ്ങള്‍ക്ക് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ നിശ്ചയ പ്രകാരം നാം നിങ്ങളോട് ചേരുന്നതാണ്. (32)
മറ്റൊരു ഹദീസ് നോക്കൂ: നബി(സ) ഉഹ്ദ് യുദ്ധത്തില്‍ നിന്നും മടങ്ങവെ മിസ്അബ്ബ്നു ഉമൈര്‍ (റ) കൊല്ലപ്പെട്ട സ്ഥലത്തെത്തിയപ്പോള്‍ അവിടെ നില്‍ക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു എന്നിട്ട് നബി(സ) പറഞ്ഞു: അവര്‍ അല്ലാഹു വിന്‍റെയടുക്കല്‍ ഖിയാമത്ത് നാളില്‍ ശുഹദാക്കളാണെന്നതില്‍ ഞാന്‍ സാക്ഷി നില്‍കുന്നു. അത് കൊണ്ട് നിങ്ങളവരെ സിയാറത്ത് ചെയ്യുക. അല്ലാഹുവാണ് സത്യം , ഖിയാമത്ത് നാള്‍ വരെ നിങ്ങള്‍ അവര്‍ക്ക് ചൊല്ലുന്ന സലാം മടക്കുക തന്നെചെയ്യും (33)
സിയാറത്ത് ചെയ്യേണ്ട രൂപം തിരുനബി(സ) കാണിച്ചുതന്നു എന്ന് മാത്രമല്ല അവിടത്തെ സിയാറത്ത് ചെയ്യാന്‍ ആവശ്യപ്പെടുക കൂടി ചെയ്തിട്ടുണ്ട്. നബ(സ) പറഞ്ഞു: എന്‍റെ ഖബര്‍ ആരെങ്കിലും സിയാറത്ത് ചയ്താല്‍ അവന് എന്‍റെ ശഫാഅത്ത് നിര്‍ബന്ധമായി .(ദാറഖുത്നി, ബൈഹഖി) ഈ ഹദീസിനെ സംബന്ധിച്ച് അബ്ദുല്‍ ഹഖ്, തഖിയ്യുസുബ്ഖി ഉള്‍പ്പെടെയുളള ഒരുപറ്റം പണ്ഡിതډാര്‍ സ്വഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് (34)
മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: സിയാറത്ത് ചെയ്യാനായി ഒരാള്‍ എന്‍റെ അടുക്കല്‍ വന്നാല്‍ അന്ത്യദിനത്തില്‍ ഞാന്‍ അവന്‍റെ ശുപാര്‍ശകനാവുക എന്നത് അവന്‍റെ അവകാശമായിത്തീരുന്നതാണ് (ത്വബ്റാനി) ഇമാം സുബ്ഖി(റ) ഈ ഹദീസ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട് (35)
തിരു നബി (സ) യുടെ പ്രവര്‍ത്തനത്തെയും അവിടത്തെ ആവശ്യപ്പെടലിനെയും അനുധാവനം ചെയ്യുന്ന പില്‍കാല മുസ്ലിംകളുടെ പൈതൃകത്തെ നാം എങ്ങനെയാണ് പഴിക്കുക.
കര്‍മ്മ ശാസ്ത്ര പണ്ഡിത മഹത്തുക്കള്‍ ഇതു സംബന്ധമായ വിധി എന്തുപറഞ്ഞുവെന്നതും പ്രശസ്തമാണ്. ലോക പ്രശസ്ത പണ്ഡിതന്‍ ഇമാം നവവി (റ) പറയുന്നു: ഖബര്‍ സന്ദര്‍ശനം വിശ്വാസികള്‍ക്ക് സുന്നത്താണെന്നഭിപ്രായം പണ്ഡിതലോകത്തിന്‍റെ ഇജ്മാആണ്. (36)
തുഹ്ഫയില്‍ ഇബ്നു ഹജറില്‍ ഹൈതമി (റ) പറയുന്നു: മുസ്ലിംകളുടെ ഖബറുകള്‍ സന്ദര്‍ശിക്കല്‍ സുന്നത്താണെന്നത് പണ്ഡിത ലോകത്തിന്‍റെ ഏകോപനമാണ്.(37)
പ്രഗല്‍ഭരായ പണ്ഡിത മഹത്തുക്കള്‍ ഖബര്‍ സിയാറത്തെന്ന വിഷയം കിതാബുകളില്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ സ്വാഭാവികമായും ജാറങ്ങളുടെ പൈതൃകത്തില്‍ അത്തരമൊന്ന് ഉള്ളതിനാലെല്ലെ?.
2- ഖബര്‍ സിയാറത്ത് സ്ത്രീകള്‍ക്ക്
സിയാറത്ത് ചര്‍ച്ച ചെയ്യുന്ന കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ പുരുഷന്‍മാരുടെതും സ്ത്രീകളുടെതും വേര്‍തിരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. അഥവാ ഇസ്ലാമിക ചരിത്രത്തില്‍ രണ്ടും നില നിന്ന് വന്നിരുന്നുവെന്ന് ഇതൊരു ചര്‍ച്ചാവിഷയമാകുമ്പോള്‍ തന്നെ വ്യക്തമാകുന്നു.
ഇബനു ഹജര്‍ (റ) തുഹ്ഫയില്‍, څസ്ത്രീകള്‍ക്ക് നബി (സ) യുടെയും അമ്പിയാക്കളുടെയും ഉലമാക്കളുടെയും ഔലിയാക്കളുടെയും മഖ്ബറകള്‍ സന്ദര്‍ശിക്കല്‍ സുന്നത്താണെന്ന് വ്യക്തമാക്കുന്നുണ്ട്.(3)
നബി (സ) യുടെ പുത്രി ഫാത്വിമ (റ) ഹംസ (റ) യുടെ ഖബര്‍ സന്ദര്‍ശിച്ചിരുന്നതും(39) അവര്‍ ഉഹ്ദ് ശുഹദാക്കളുടെ ഖബറിന്നരികില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതും കരഞ്ഞിരുന്നതും.(40) ചരിത്രമാണ്. ആയിഷാ ബീവി (റ) സഹോദരന്‍ അബ്ദുറഹ്മാന്‍റെ മഖ്ബറ സന്ദര്‍ശിച്ചരുന്നുവെന്ന് മുസ്വന്നഫ് (3/599) ഉദ്ധരിക്കുന്നുണ്ട്.
പരിശുദ്ധ ദീനില്‍ സ്ഥിരപ്പെട്ട ഈ പൈതൃകത്തെ എതിര്‍ക്കാന്‍ മഖബറകളിലെ സ്ത്രീ പുരുഷ ഇടകലരലിനെ ചൂണ്ടിക്കാട്ടി പുത്തന്‍ പ്രസ്ഥാനക്കാര്‍ ന്യായീകരിക്കാറുണ്ട്. വസ്തുത ഇതിനെ പോലും കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇബ്നു ഹജര്‍ (റ) പറയുന്നു: സ്ത്രീ പുരുഷ ന്മാര്‍ ഇടകലരുന്നുവെന്ന് പേടിച്ച് സിയാറത്തിനെ നിരുപാധികം നിരോധിക്കുകയാണെങ്കില്‍ സുന്നത്തായ ത്വാവാഫിനെയും റംല് നടത്തത്തേയും അറഫയില്‍ നില്‍ക്കുന്നതിനെയും മുസ്ദലിഫയില്‍ രാപാര്‍ക്കുന്നതിനെയുമൊക്കെ സ്ത്രീകളുമായുള്ള ഇടകലരല്‍ ഭയന്ന് നിരോധിക്കേണ്ടി വരും. എന്നാല്‍ മുന്‍കാല മഹത്തുക്കള്‍ അങ്ങനെയല്ല ചെയ്തത്. കൂടിക്കലരല്‍ ഉണ്ടാവുന്നതിനെയാണ് അവര്‍ നിരോധിച്ചത്. (41)
ഈ വിവരിച്ചതില്‍ നിന്നു തന്നെ സിയാറത്തിനായി മുന്‍കാലത്തും സ്ത്രീകള്‍ പോയിരുന്നുവെന്നും ഇടകലരലിനെ നിരോധിച്ചിരുന്നു വെന്നും ഇതായിരുന്നു ജാറങ്ങളുടെ പൈതൃകമെന്നും ധ്വനിയുണ്ടല്ലോ.
3- മഖ്ബറകള്‍ നല്‍കുന്നത്
സാധാരണക്കാരും അല്ലാത്തവരുമായ സന്ദര്‍ശകര്‍ ജാറങ്ങളില്‍ നിന്നും അനുഭവിക്കുന്ന ബര്‍ക്കത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും അവര്‍ണ്ണനീയമായ അനുഭൂതിയുണ്ട്. പലപ്പോഴും ലോകത്തെവിടെയുമുള്ള ജാറത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിലെ പ്രധാന ഘടകം ഇത്തരമൊരു കണ്‍കുളിര്‍മയും ആനന്ദാനുഭൂതിയും ആത്മീയാഹ്ളാദവും മറ്റുമാണ്. പൈതൃകമായി നൂറ്റാണ്ടുകളിലൂടെ കടന്നു വന്ന അവയത്രയും ഇന്നും ശേഷിക്കുന്നുവെന്ന് മാത്രം.
ഇബ്നു ഹജര്‍(റ) പറയുന്നു: അമ്പിയാക്കള്‍, ഉലമാക്കള്‍ തുടങ്ങിയവരുടെ ഖബര്‍ സിയാറത്ത് കൊണ്ടുളള വിവക്ഷ അവരുടെ ജാറങ്ങള്‍ സജീവമാക്കിയുളള ആദരവ് പ്രകടിപ്പിക്കലാണ്. മാത്രമല്ല, അവരുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നവര്‍ക്ക് അവരില്‍ നിന്ന് പാരത്രിക സഹായം ലഭിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്‍റെ അനുഗ്രഹം തടയപ്പെട്ടവരല്ലാതെ ഇതെതിര്‍ക്കില്ല. (42) ഇമാം ശാഫിഈ(റ) പറയുന്നു: അബൂഹനീഫയെക്കൊണ്ട് ഞാന്‍ ബറകത്തെടുക്കുന്നു. എനിക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ ഞാന്‍ രണ്ട് റക്അത്ത് നിസ്കരിക്കുകയും അബൂഹനീഫ(റ) വിന്‍റെ ഖബ്റിനടുത്തു നിസ്കരിക്കുകയും ചെയ്യും. അദ്ദേഹത്തിന്‍റെ അരികില്‍വെച്ചു ആവശ്യം അല്ലാഹുവിനോട് ചോദിക്കും. ഞാന്‍ തിരിച്ചുപോരുമ്പോഴേക്കും എന്‍റെ ആവശ്യം നിര്‍വഹിക്കപ്പെട്ടിരിക്കും (43)
ഇത് മുസ്ലിം ലോകത്തിന്ന് പൈതൃകമായി കിട്ടിയ അനുഭവമാണ്. ഇതിനെ എങ്ങനെ നിഷേധിക്കാന്‍ സാധിക്കും. ഔലിയാക്കളുടേയും മറ്റും തബര്‍റുക് കരസ്ഥമാക്കാന്‍ ഇന്നും ലോകമുസ്ലിംകള്‍ അവരുടെ മഖ്ബറകളിലെത്താറുണ്ട്. വെളളമോ നൂലോ മറ്റു മധുര പലഹാരങ്ങളോ അവര്‍ക്ക് സമീപം വെച്ച് അവരുടെ സാനിദ്ധ്യത്തിലുളള ബര്‍ക്കത്ത് സിദ്ധിക്കുന്ന സമ്പ്രദായം എല്ലാ മഖ്ബറകളിലും കാണാം. ഇമാം സ്സംഹൂദി(റ) പറയുന്നു: څജഅ്ഫര്‍ സ്വാദിഖിന്‍റെ പുത്രന്‍ ഇസ്മാഈല്‍ (റ)വിന്‍റെ മഖാമിനടുത്ത് ഒരു കിണറുണ്ട് ജനങ്ങള്‍ ചികിത്സ ആവശ്യാര്‍ത്ഥം അതില്‍ നിന്നും വെളളം കൊണ്ടുപോകും. (44)
മുഹമ്മദ് ബ്നു യൂസുഫില്‍ യമനി(റ) ന്‍റെ മഖാമില്‍ നിന്ന് ബറക്കത്ത് സിദ്ധിക്കാന്‍ വേണ്ടി ജനങ്ങള്‍ മണ്ണ് പോലും എടുത്തുകൊണ്ടുപോയിരുന്നത് ഇമാം യൂസുഫുന്നബഹാനി(റ) പറയുന്നുണ്ട് (45) ഖതീബുല്‍ ബാഗ്ദാദി(റ) ബാബുല്‍ ബുര്‍ദാനിനെ കുറിച്ച് വിവരിക്കുമ്പോള്‍ പറയുന്നത് നോക്കൂ څനേര്‍ച്ച ഖബര്‍ എന്ന പേരില്‍ അവിടെ ഒരു ഖബര്‍ തന്നെയുണ്ട് അലിയ്യുബ്നു അബീത്വാലിബിന്‍റെ സന്താന പരമ്പരയില്‍പെട്ട ഒരാളെയാണ് അവിടെ മറവ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ സിയാറത്ത് ചയ്യല്‍ കൊണ്ട് ജനങ്ങള്‍ ബറക്കത്ത് സിദ്ധിക്കുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തിരുന്നു (46).
4- ഖബര്‍ കെട്ടിപ്പൊക്കല്‍
മഹാന്മാര്‍ മറപ്പെട്ട് കിടക്കുന്ന മിക്ക സ്ഥലത്തേയും മഖ്ബറകള്‍ കെട്ടിപൊക്കിയ ചരിത്രം വസ്തു നിഷ്ടമായി ജാറങ്ങളുടെ പൈതൃകത്തില്‍ നാം വായിച്ചു. എന്നാല്‍ അവക്ക് നിദാനമായ തെളിവുകള്‍ എന്തൊക്കെയാണെന്നന്വേഷണം കൂടി ഉചിതമെന്ന് കരുതി ചേര്‍ക്കുന്നു. കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍, ഖബറുകള്‍ പരിപാലിക്കാന്‍ വസിയ്യത്ത് അനുവദനീയ്യ മാണോ അല്ലേ എന്നൊരു ചര്‍ച്ചതന്നെയുണ്ട്. ഇമാം നവവി(റ), ഇമാം റാഫിഈ(റ) എന്നിവര്‍ പറയുന്നു: അമ്പിയാക്കളുടേയും ഉലമാക്കളുടേയും സ്വാലിഹീങ്ങളുടേയും ഖബറുകള്‍ പരിപാലിക്കാന്‍ വസിയ്യത്ത് ചെയ്യല്‍ അനുവദനീയ്യമാണ്. അത് സിയാറത്തിനെ സജീവമാക്കുകയും അത് കൊണ്ട് ബറകത്തെടുക്കല്‍ സാധ്യമാവുകയും ചെയ്യുന്നു (47).(റൗള 6/98)
ഖബറിന് മുകളില്‍ കെട്ടിപൊക്കിയും ഖുബ്ബകള്‍ നിര്‍മിച്ചും സിയാറത്ത് ചെയ്യാന്‍ ആവശ്യത്തില്‍ സൗകര്യപ്പെടുത്തലും ഖബറിന്‍റെ പരിപാലനമാണല്ലോ. നിഷിദ്ധമായ കാര്യത്തിന് വസിയ്യത്ത് സാധൂകരിക്കില്ലെന്നത് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിവരിക്കുന്നതുമാണല്ലോ. അഥവാ മഹാന്മാരുടെ മഖ്ബറകള്‍ പരിപാലിക്കാന്‍ വസിയ്യത്ത് ചയ്താല്‍ അത് സ്വഹീഹാവണമെങ്കില്‍ അനുവദനീയ്യമായ കാര്യമായിരിക്കേണ്ടതെല്ലെ. ഇമാം ശര്‍വാനി (റ) അത് വ്യക്തമാക്കുന്നുണ്ട് (48) റൂഹുല്‍ ബയാന്‍ വിശദീകരിക്കുന്നതുകാണുക: മഹത്തുക്കളുടെ മഖ്ബറയില്‍ ഖുബ്ബകള്‍ നിര്‍മ്മിക്കുകയും ഖബറിന്‍മേല്‍ വസ്ത്രങ്ങളും വിരികളും കൊണ്ടുവന്നിടുകയും ചെയ്യല്‍ അനുവദനീയമാണ്. ഖബറാളികളെ ആദരിക്കലും വന്ദിക്കലുമാണ് അതിന്‍റെ ലക്ഷ്യം . ഈ സദുദ്ദേശ്യത്തോടുകൂടി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ശരീഅത്തിന്‍റെ നിയമങ്ങള്‍ക്കനുസൃതമായതിനാല്‍ അത് സുന്നത്തായ മഹത്തായ ആചാരമാണ്. (49)
ഇതുസംമ്പന്ധിച്ച ഒരു പൊതു വിശദീകരണം ഇമാം ശര്‍വാനി ഉദ്ധരിക്കുന്നത് കാണുക. ന്യായമായ അഭിപ്രായം മുസ്ലിംകളെ മറമാടുന്ന ഭൂമിയില്‍ (മുസബ്ബല:)സ്വാലിഹീങ്ങളുടെ ഖബറുകളുണ്ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക, ഖബറിനുചുറ്റും കെട്ടിടം (മഖാം) പണിയുക തുടങ്ങി പ്രസ്തുത ഖബറുകള്‍ നശിച്ചുപോകാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിറുത്താനുമാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാകും എന്നതാണ്.(50)
ജാറങ്ങള്‍ നിര്‍മിക്കലും കെട്ടിപ്പൊക്കലും ലോകമുസ്ലിംകള്‍ക്കിടയില്‍ നടന്നുവന്നിരുന്നതാണ്. മഹാന്മാരുടേതാകുമ്പോള്‍ അത് അനുവദനീയവുമാണെന്ന് ഉദ്ധൃത രേഖകള്‍ ബോധ്യപ്പെടുത്തുന്നു.
5- ജാറം മൂടല്‍
മഖ്ബറകളെ ആദരിച്ച് വസ്ത്രം കൊണ്ട് മൂടുന്ന പതിവ് എല്ലാജാറങ്ങളിലുമുണ്ട്. ഇതിന്‍റെ പൈതൃകമെന്തെനന്വേഷിക്കുമ്പോള്‍ നാം റൗളയുടെ ചരിത്രത്തിലേക്കാണ് എത്തിച്ചേരുക. ഫതാവാ സുയൂഥി വിവരിക്കുന്നു. കഅ്ബയെ വസ്ത്രമിട്ട് ആദരിക്കുന്ന രീതി വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്നത് പോലെ തന്നെ യാണ് വിശുദ്ധ റൗളാശരീഫിന് ഖില്‍അ അണിയിക്കലും . നബി(സ)യുടെ റൗളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നു അബില്‍ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്‍റെ മന്ത്രിയായ അദ്ദേഹം രാജാവിന്‍റെ അനുമതിയോടെ യാണ് ഇങ്ങനെ ചെയ്തത്. വെളുത്ത വസ്ത്രമാണ് അദ്ദേഹം അണിയിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം രാജാവ് മറ്റൊരു പച്ചവസ്ത്രം കൊടുത്തയച്ചു. ഖലീഫ നാസ്വിര്‍ ഭരണമേറ്റെടുത്തപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിനു വന്ന ശേഷം കറുത്ത പട്ട് തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴ് വര്‍ഷം കഴിയുമ്പോഴും പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. (51)
ഇതിന്‍റെ ന്യായാന്യായങ്ങളെ വിശദീകരിച്ചുകൊണ്ട് ഇസ്മാഈല്‍ ഹഖി(റ) പറയുന്നു. ശൈഖ് അബ്ദുല്‍ ഗനിയ്യി ന്നാബല്‍സി(റ) പറഞ്ഞു څഔലിയാക്കളുടെയും സ്വലിഹീങ്ങളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ
എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുളള കാര്യങ്ങള്‍ ശറഇന്‍റെ ഉദ്ദേശത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തനങ്ങളാകുന്നു. ഇവകൊണ്ടുളള ഉദ്ദേശം ആ ഖബറിലുളള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായത്കൊണ്ട് അത് സദുദ്ദേശ്യമാണ്. (52)
മഖ്ബറകളുടെ പൈതൃകത്തില്‍ ഇങ്ങനെ ഒന്നുളളത് കൊണ്ടാണല്ലോ പണ്ഡിത ചര്‍ച്ചക്ക് അത് വിധേയമായത്. തിരുറൗളയെ പറ്റി സയ്യിദ്സ്സുംഹൂദി(റ) പറയുന്നത് ഇതോടൊപ്പം കൂട്ടിവായിച്ചാല്‍ ജാറങ്ങളുടെ പൈതൃകങ്ങള്‍ അവിടെ നിന്ന് പകര്‍ത്തിയെടുത്തതാണെന്ന് മനസ്സിലാക്കാം . കഅ്ബയെ പുതപ്പിക്കല്‍ അനുവദനീയമാണ്. കാരണം അത് ആദരിക്കാനാണ്. എന്നാല്‍ നമ്മള്‍ നബി(സ)യെ ആദരിക്കാന്‍ കല്‍പ്പിക്കപ്പെട്ടവരാണ്. അത് പ്രകാരം അവിടത്തെ ഖബ്റിനെയും. അതിനാല്‍ നബി(സ) യുടെ ഖബ്റിന്‍മേല്‍ പുതപ്പിക്കകല്‍ കഅ്ബയെ പുതപ്പിക്കുന്നതിനേക്കാള്‍ കടമപ്പെട്ടതാണ്.(53)
6-മഖ്ബറ ചുംബിക്കല്‍
മഹത്മാക്കളോടുളള ആദരവും സ്നഹവും പ്രകടിപ്പിച്ചുകൊണ്ട് പരക്കെ, മഖബറകള്‍ ചുംബിക്കുന്നതും
ഖബറുകളുടെ പൈതൃകത്തിലുണ്ട്. പണ്ഡിത ചര്‍ച്ചക്ക് വിധേയമായ ഇത് എങ്ങനെ ചുംബിക്കണമെന്നും തിക്കും തിരക്കുമുളളപ്പോള്‍ എന്ത് ചെയ്യണമെന്നു വരെ പഠനവിധേയമാക്കുന്നുണ്ട്. കേവലം പില്‍കാലത്ത് ഉടലെടുത്തതാണെങ്കില്‍ മഹാപണ്ഡിതډാരുടെ ഗ്രന്ഥങ്ങളില്‍ ഈ ചര്‍ച്ച എങ്ങനെവന്നു. ഇബ്നു ഹജര്‍(റ) പറയുന്നു. څശാഫിഈ പരമ്പരയിലെ പണ്ഡിതനായ അബിഹൈഫഇല്‍ നിന്നും സ്വഹീഹായിവന്നിട്ടുളളത് മുസ്ഹഫുകളെയും ഹദീസിന്‍റെ ഭാഗങ്ങളെയും സ്വലഹീങ്ങളുടെ ഖബറിനെയും ചുംബിക്കല്‍ അനുവദനീയമാണെന്നാണ്چ(54)
സിയാറത്ത് ചെയ്യുന്നവന്‍ ഖബര്‍ ചുംബിക്കുന്നതും തൊട്ടുമുത്തുന്നതും ബറകത്ത് ഉദ്ദേശിച്ചാണെങ്കില്‍ അത് അനുവദനീയമാണെന്നും ജാറങ്ങളില്‍ തിക്കും തിരക്കും ഉണ്ടാവുന്ന സമയത്ത് കൈകൊണ്ടോ മറ്റോ ചൂണ്ടി ചുംബിക്കുന്നതിന് ഒരു വിരോധവുമില്ലന്നും. ഇമാം റംലി(റ) പറയുന്നുണ്ട്(55)
7- സുഗന്ധവും പൂക്കളും വിതറല്‍
ഏതൊരുജാറത്തിന്‍റേയും പൈതൃകമന്വേഷിക്കുമ്പോള്‍ അവിടെ നടന്നു വരുന്ന ആചാരങ്ങളില്‍ പെട്ടതാണ് പുഷ്പവും മറ്റും വിതറി സുഗന്ധം വമിപ്പിക്കുന്ന സമ്പ്രദായം. നൂറ്റാണ്ടുകളുടെ പൈതൃകം ഇതിനുമുണ്ടെന്നു വേണം വിശ്വസിക്കുവാന്‍. പ്രസിദ്ധമായ തുഹ്ഫ, ബുഷ്റല്‍കരീം, ഫത്ഹുല്‍ മഈന്‍ തുടങ്ങിയ ഗ്രന്ഥങ്ങളൊക്കെ ഇതിനെ പരാമര്‍ശിച്ച് വിശകലനം നടക്കുന്നുണ്ട്. പണ്ഡിത ശ്രദ്ധക്ക് കാരണമായൊരു വിഷയം ഏറ്റവും ചുരുങ്ങിയത് അവരുടെ കാലത്തെങ്കിലും അത്തരമൊന്ന് ഉണ്ടാവേണ്ടതെല്ലെ ?
സൈനുദ്ദീന്‍ മഖദൂം (റ) പറയുന്നു: ഖബറിനു മുകളില്‍ ചെടിനാട്ടുന്നത് പോലെയാണ് അതിന് മേല്‍ റൈഹാന്‍ പോലുളള സുഗന്ധപൂക്കള്‍ വിതറല്‍. അവ ഉണങ്ങാതെ അവയില്‍ നിന്ന് വല്ലതും എടുക്കല്‍ ഹറാമാണ് .ചെടി പറിക്കുമ്പോള്‍, നബി(സ) പറഞ്ഞപ്രകാരം ചെടിയുടെ തസ്ബീഹ് നിമിത്തമായി മയ്യിത്തിന്ന് പൊറുക്കപ്പെടുന്നത് ഒഴിവാകുന്നു. സുഗന്ധപ്പൂക്കള്‍ എടുക്കുന്വോള്‍ സുഗന്ധത്തിന് വേണ്ടി അവതരിക്കുന്ന മലക്കുകള്‍ കാരണമായി മയ്യിത്തിന് ലഭിക്കുന്ന ഗുണങ്ങളും നഷ്ടപ്പെടുന്നു (56)
ഇബ്നു ഹജര്‍ (റ) വ്യക്തമാക്കുന്നു സ്വഹീഹായ സനദുളള നബി(സ)യുടെ ഹദീസാണ് മഖ്ബറിനു മുകളില്‍ പച്ചകൊമ്പ് കുത്തല്‍ സുന്നത്താണ് എന്നുളളത്. അതിന്‍റെ തസ്ബീഹിന്‍റെ ബര്‍കത്ത് കൊണ്ട് മയ്യിത്തിന് ദോഷം പൊറുക്കപ്പെടും. ഉണങ്ങിയ മരത്തേക്കാള്‍ ഏറ്റവും അര്‍ഹമായതാണത്. റൈഹാന്‍ പോലുളള സുഗന്ധ ദ്രവ്യങ്ങള്‍ ഖബറിേډല്‍ ഇടുന്ന പതിവ് ഇതിനോട് സാദൃശ്യപ്പെടുത്തേണ്ടതാണ്. (57)
ഇങ്ങനെ ജാറങ്ങളുമായി ബന്ധപ്പെട്ട് എണ്ണാവുന്ന ആചാരങ്ങളും സമ്പ്രദായങ്ങളും ശക്തമായ തെളിവിന്‍റെ പിന്‍ബലത്തോടെ പൈതൃകമായി കൈമാറിപ്പോരുന്നതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഖബര്‍ സന്ദര്‍ശനം, ഖുര്‍ആന്‍ പാരായണം, കെട്ടിപ്പൊക്കല്‍, ചുംബനം, മഖ്ബറയുടെ പരിചരണം, നല്ലനടപ്പ് എന്നിവക്കായി വിളക്ക് കത്തിക്കല്‍, അതിന് എണ്ണ നേര്‍ച്ചയാക്കല്‍(58) , ജാറം മൂടല്‍ ,നേര്‍ച്ചയും ഉറൂസും നടത്തല്‍ , പൂക്കള്‍ വിതറല്‍ ,തബര്‍റുക്കെടുക്കല്‍, സ്വന്തത്തിനും മറ്റുളളവര്‍ക്കും ഖബറാളിയാല്‍ ആഗ്രഹപൂര്‍ത്തീകരണം തുടങ്ങി ലോകമുസ്ലിംകള്‍ കാലങ്ങളായി പാരമ്പര്യമായും പൈതൃകമായും ജാറങ്ങളിലൂടെ കൈമാറിവരുന്ന സകലതും കൃത്യമായ പണ്ഡിത വിചിന്തനങ്ങള്‍ക്ക് വിധേയ മായതാണെന്നും സുസമ്മതമായ പൈതൃകം ഇവക്കൊക്കെ പിന്നിലുണ്ടെന്നും അന്വേഷകന് കണ്ടെത്താന്‍ കഴിയും.
പ്രത്യക്ഷത്തില്‍ സമൂഹമദ്ധ്യത്തിലില്ലാഞ്ഞിട്ടും ആ മഹത്തുക്കളുടെ അദൃശ്യേനയുളള ഇടപെടലുകളും ആത്മസംസ്കരണങ്ങളും ആത്മീയ നിയന്ത്രണങ്ങളും സര്‍വ്വാംഗീകൃതവും അനുഭവ യാഥാര്‍ത്ഥ്യവുമാണ്. ഈ പൈതൃകത്തിന്‍റെ തുടര്‍ച്ച മാത്രമാണ് ഇന്നും നിലനല്‍ക്കുന്നത്.
റഫറന്‍സ്
- ബുഖാരി: 1/186
- ബുഖാരി: 1/186
- അഹ്ലുസ്സുന്ന വല്‍ജമാഅ: നേര്‍വഴിയുടെ പാഠം, ഭാഗം രണ്ട് പേജ്: 136,137
- തഹ്ദീസു താരിഖി ഇബ്നി അസ്കിര്‍ 1/197
- മുഹമ്മദ് തഖിഉസ്മാനി, ഞാന്‍ കണ്ട ലോകം, പേജ്: 232
- രിഹ്ലത്തു ഇബ്നു ജുബൈര്‍ പേജ്:30
- . മുഹമ്മദ് തഖിഉസ്മാനി, ഞാന്‍ കണ്ട ലോകം, പേജ്: 234
- മൊയ്തു കിഴിശ്ശേരി, ചരിത്ര ഭൂമികളിലൂടെ, പേജ്: 102
- മൊയ്തു കിഴിശ്ശേരി, ചരിത്ര ഭൂമികളിലൂടെ, പേജ്: 102
- താരീഖ് ദിമശ്ഖ്, മുഖ്തസര്‍ താരീഖ് ദിമശ്ഖ്
- മുഹമ്മദ് തഖി ഉസ്മാനി, ഞാന്‍കണ്ട ലോകം,218
- മൊയ്തു കിഴശ്ശേരി, ചരിത്ര ഭൂമികളിലൂടെ പേജ്: 77
- തഹ്ദീബ് 1/246
- മിര്‍ആ/ത്തുല്‍ ഹറമൈനി 1/426
- മൊയ്തു കിഴിശ്ശേരി, ചരിത്രഭൂമികളിലൂടെ പേജ്: 144
- ബുഖാരി 2/348
- . ബുഖാരി 4/365
- ഫത്ഹുല്‍ ബാരി 4/365
- മിര്‍ആത്തുല്‍ ഹറമൈനി: 1/131
- മിര്‍ആത്തുല്‍ ഹറമൈനി: 1/426
- തഹ്ദീബ്: 1/116
- വഫാഉല്‍ വഫാ 3/154
- തഹ്ദീബ് 1/252
- മുറൂജുദഹബ്: 3/11
- സീരറത്തുന്നബവിയ്യ 2/201
- വഫായത്തുല്‍ അഅ്യാന്‍ 5/414
- അഹ്ലുസ്സുന്ന വല്‍ജമാഅ: നേര്‍വഴിയുടെ പാഠം, ഭാഗം രണ്ട് പേജ്: 140
- അല്‍ ഇസാബ 1/405
- ഡോ: മുഹമ്മദ് അസീസ്,താരീഖേ ദൗലത്ത് ഉസ്മാനിയ്യ, പേജ്: 1/121
- മുഹമ്മദ് തഖിഉസ്മാനി, ഞാന്‍ കണ്ടലോകം, പേജ്: 289
- മുസ്ലിം 1/314
- മുസ്ലിം: 1/313
- മുസ്തദ്റഖ്: 2/228
- ഹാശിയത്തുല്‍ ഈളാഹ് 472
- വഫാഉല്‍ വഫാ 4/134
- ശറഹ് മുസ്ലിം 1/314
- തുഹ്ഫ 3/199
- തുഹ്ഫ 3/201
- മുസ്തദ്റക് 1/377
- അല്‍ ബിദായത്തു വന്നിഹായ 2/52
- ഫതാവല്‍ കുബ്റ 2:24
- തുഹ്ഫ 3/201
- താരീഖു ബാഗ്ദാദ് 1/123
- വഫാഉല്‍ വഫാ 3/103
- ജാമിഉകറാമാത്തില്‍ ഔലിയാ 1/196
- താരീഖു ബാഗ്ദാദ് 1/123
- താരീഖു ബാഗ്ദാദ് 1/123
- ശര്‍വാനി 6/248
- റൂഹുല്‍ ബയാന്‍ 3/400
- ഈആബ്, ശര്‍വാനി 3/206
- ഫതാവാ സുയൂഥി 2/31
- റൂഹുല്‍ ബയാന്‍ 3/400
- വഫാഉല്‍ വഫാ 2/582
- ഫത്ഹുല്‍ ബാരി 3/475
- ഫതാവാ റംലി 4/102
- ഫത്ഹുല്‍ മഈന്‍ 154
- തുഹ്ഫ 3/167
- ഫതാവല്‍ കുബ്റ 4/389
Be the first to comment