ഭരണഘടനാഭേദഗതി: ലക്ഷ്യം പ്രതികാരംതന്നെ

അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവന്നാൽ 31ാം ദിവസം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർക്ക്‌ സ്ഥാനം നഷ്ടപ്പെടുന്ന വിവാദ 130ാം ഭരണഘടനാഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുകയും സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി)യുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരിക്കുകയാണ്. തടവ് 30 ദിവസം പിന്നിട്ടാൽ 31ാമത്തെ ദിവസം മന്ത്രിപദവി നഷ്ടപ്പെടുന്നതാണ് ബില്ലിലെ വ്യവസ്ഥ. ഇതിനുവേണ്ടി ആർട്ടിക്കിൾ 75ൽ പുതിയ വ്യവസ്ഥകൾ ചേർക്കാനാണ് ബിൽ നിർദേശിക്കുന്നത്. തടവ് 30 ദിവസം പൂർത്തിയായാൽ കേന്ദ്രമന്ത്രിമാരെ നീക്കാനാണെങ്കിൽ പ്രധാനമന്ത്രി രാഷ്ട്രപതിക്കും സംസ്ഥാന മന്ത്രിമാരെ നീക്കാൻ മുഖ്യമന്ത്രി ഗവർണർക്കും ശുപാർശ നൽകണം. ശുപാർശയുണ്ടായില്ലെങ്കിലും 31ാമത്തെ ദിവസം പദവി നഷ്ടപ്പെടും. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ വീണ്ടും മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് തടസമില്ല.

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ 130ാം ഭരണഘടനാഭേദഗതി ബിൽ പാസാകില്ല എന്നത് ഉറപ്പാണ്. സംസ്ഥാന മുഖ്യമന്ത്രിമാരെ കേസുകളിൽ കുടുക്കി സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലെന്നാണ് പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിയതൊക്കെ കണ്ണിൽ പൊടിയിടലാണെന്നും പ്രധാനമന്ത്രിയെയൊക്കെ ആര് അറസ്റ്റ് ചെയ്യാനാണെന്നും പ്രതിപക്ഷം ചോദിക്കുന്നു. പ്രധാനമന്ത്രി അറസ്റ്റിലായ ചരിത്രം ഇന്ത്യയിലില്ല. കഴിഞ്ഞവർഷം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌ രിവാളും അറസ്റ്റിലായിരുന്നു. അറസ്റ്റിനു മുൻപ് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. കെജ് രിവാൾ ജുഡിഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരിക്കുമ്പോഴും മുഖ്യമന്ത്രിയായി തുടർന്നു. ഇത്തരത്തിലൊരു ബിൽ കൊണ്ടുവരാനുള്ള പ്രകോപനം ഇതാണെന്നാണ് കരുതുന്നത്. കുറ്റം തെളിയിക്കപ്പെടുംവരെ ഒരാൾ നിരപരാധിയാണെന്ന രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ മൂലക്കല്ലായ തത്വത്തെ അട്ടിമറിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. കുറ്റപത്രം തയാറാക്കൽ, വിചാരണ, എതിർവാദങ്ങളുന്നയിക്കാനുള്ള അവസരംപോലുള്ള നടപടിക്രമങ്ങൾ നിഷേധിക്കപ്പെടുന്നു.
ബിൽ അധികാരവിഭജന തത്വത്തെ ദുർബലപ്പെടുത്തുകയും ഫെഡറൽ സ്വയംഭരണത്തെ ലംഘിക്കുകയും ചെയ്യുന്നു. ഒരാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് നിശ്ചയിക്കാനുള്ള ജുഡിഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടിവിന് നൽകുന്നുവെന്ന പ്രശ്‌നവും ബില്ലിനുണ്ട്. എക്‌സിക്യൂട്ടീവ് തന്നെ അറസ്റ്റ് ചെയ്യുകയും കുറ്റക്കാരനെന്ന് വിധിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കും. ഇന്ത്യയിൽ അഞ്ചുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന 2,000-ത്തിലധികം കുറ്റകൃത്യങ്ങളുണ്ട്. 

ഗൗരവമുള്ള കുറ്റങ്ങൾക്കൊപ്പം ഒരു പൊതു ഉദ്യോഗസ്ഥനെ തടസപ്പെടുത്തുന്നതുപോലുള്ള താരതമ്യേന ഗൗരവമില്ലാത്ത കുറ്റകൃത്യങ്ങൾവരെ ഇവയിൽ ഉൾപ്പെടുന്നു. ചെറിയ കുറ്റങ്ങൾക്ക് ഒരു മുഖ്യമന്ത്രിയെയോ മന്ത്രിയെയോ പദവിയിൽനിന്ന് പുറത്താക്കാമെന്നാണ് ഇതിനർഥം. ഇത് ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ രാഷ്ട്രീയപ്രക്ഷോഭത്തിൽപോലും പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കും. നിലവിൽ മന്ത്രിക്ക് പദവി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ഗൗരവമുള്ള കേസിൽ ശിക്ഷിക്കപ്പെടുമ്പോഴാണ്. ജുഡിഷ്യൽ നടപടിക്രമത്തിലൂടെയാണ് ശിക്ഷാനടപടിയിലേക്ക് എത്തുന്നത്. എന്നാൽ, ഇവിടെ തടങ്കലിൽവയ്ക്കൽ എന്ന വസ്തുതയിലാണ് ഈ വ്യവസ്ഥ നിലനിൽക്കുന്നത്. പ്രതിപക്ഷപ്പാർട്ടികളുടെ നേതാക്കളെ അറസ്റ്റ് ചെയ്ത് ദീർഘകാലത്തേക്ക് കസ്റ്റഡിയിൽവച്ച് തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയച്ച സംഭവങ്ങളുണ്ട്.

ഇന്ത്യയിലെ കേസ് വിചാരണകൾ അവസാനിക്കാൻ പലപ്പോഴും വർഷങ്ങളെടുക്കുന്നുണ്ട്. അടുത്തിടെ കർശനമാക്കിയ പലനിയമങ്ങളും ജാമ്യം ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. അന്വേഷണ ഏജൻസികളുടെ വ്യാപകമായ ദുരുപയോഗത്തിനാണ് ബിൽ വഴിവയ്ക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തെ ക്രിമിനൽ നീതിന്യായവ്യവസ്ഥ വിവേചനാധികാരത്തിലുള്ളതാണ്. പൊലിസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും സംശയത്തിന്റെ പേരിൽപോലും ആളുകളെ അറസ്റ്റ് ചെയ്യാൻ അധികാരമുണ്ട്. പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ മന്ത്രിയെയോ തൽസ്ഥാനത്തുനിന്ന് നീക്കാൻ ഒരു ഉദ്യോഗസ്ഥന്, കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള തന്റെ അധികാരമുപയോഗിച്ച് ചെയ്യാൻ കഴിയുമെന്നത് എത്രമാത്രം ഭീതിയുണ്ടാക്കുന്നതും ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുന്നതുമാണ്. അറസ്റ്റ് ദുരുദ്ദേശ്യപരമാണെന്ന് കണ്ടെത്തിയാൽ നഷ്ടപരിഹാരത്തിനും വ്യവസ്ഥയില്ല. സമീപകാലത്ത് നമ്മുടെ അന്വേഷണ ഏജൻസികളുടെ പ്രവർത്തനം ജനങ്ങളുടെ മനസിൽ മാത്രമല്ല,സുപ്രിംകോടതി ജഡ്ജിമാർക്കിടയിലും സംശയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ റെയ്ഡ് നടന്ന കേസിൽ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികാര രാഷ്ട്രീയത്തിന്റെ പ്രധാന ഉപകരണമായി പ്രശസ്തി നേടിയ ഇ.ഡിയുടെ ശിക്ഷാനിരക്ക് ദയനീയമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ, രാഷ്ട്രീയക്കാർക്കെതിരേ 193 കേസുകൾ വരെ ഇ.ഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ രണ്ടുപേർക്ക് മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതിനാൽ ഇ.ഡിയുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കപ്പെടാൻ കാരണങ്ങളുണ്ട്. 

രാഷ്ട്രീയത്തിലെ അഴിമതി ഗുരുതര പ്രശ്‌നമാണെന്ന കാര്യത്തിൽ സംശയമില്ല. രാഷ്ട്രീയത്തെ കുറ്റകൃത്യ രഹിതമാക്കുന്നതിലെ ആദ്യപടി സമവായത്തിലൂടെ തെരഞ്ഞെടുക്കുന്ന ഡയരക്ടർമാരുള്ള സി.ബി.ഐ, ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികൾക്ക് ഗണ്യമായ സ്വയംഭരണം നൽകലാണ്. അവരുടെ അന്വേഷണത്തിലും അവർ നടത്തുന്ന അറസ്റ്റുകളിലും ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. അങ്ങനെ അല്ലാത്തിടത്തോളം കാലം ഇത്തരം നിയമനിർമാണങ്ങൾ ക്രിമിനൽ നീതിന്യായവ്യവസ്ഥയുടെ ദുരുപയോഗത്തിലേക്ക് നയിച്ചേക്കാം.പ്രതികാര നടപടിയെ ഭരണഘടനാനുസൃതമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് വ്യക്തം.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*