വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറു പേര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളും തീരുമാനിച്ചത്. കാണാതായ ആറുപേരും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. നദിയില്‍ വീണ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നവരാണ് വെള്ളത്തില്‍ വീണത്. ഇവരുടെ വാഹനങ്ങളും നദിയില്‍ വീണിരുന്നു. വെള്ളത്തില്‍ വീണ പാലത്തിന്റെ അവശിഷ്ടങ്ങളും വാഹനങ്ങളും കണ്ടെടുക്കാനാണ് കോസ്റ്റ് ഗാര്‍ഡും മറ്റ് ഏജന്‍സികളും പരിശ്രമിക്കുന്നത്.
ചരക്കുകപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി സ്ഥിരീകരിച്ചിരുന്നു. കപ്പല്‍ ജീവനക്കാരായ 22 ഇന്ത്യാക്കാരും സുരക്ഷിതരാണ്. സിംഗപ്പൂര്‍ പതാകയുള്ള ഡാലി ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്.
Be the first to comment