ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

ന്യൂഡൽഹി: കശ്മിരിൽ നിലവിലുള്ള രാഷ്ട്രീയ നേതൃത്വത്തെ ഇല്ലാതാക്കി പുതിയ തലമുറ രാഷ്ട്രീയ നേതൃത്വത്തെ കൊണ്ടുവരുമെന്നായിരുന്ന 2019 ഓഗസ്റ്റ് അഞ്ചിന് 370ാം വകുപ്പ് പിൻവലിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാർലമെന്റിൽ നടത്തിയ പ്രഖ്യാപനം. 370ാം വകുപ്പ് പിൻവലിച്ച ശേഷം ഒരു കാരണവുമില്ലാതെ നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളാണ് കശ്മിരിൽ ജയിലിലും വീട്ടുതടങ്കലിലുമായി കഴിഞ്ഞത്. ബി.ജെ.പിയുടെ ഏറ്റവും വലിയ പരിഹാസം അബ്ദുല്ല കുടുംബത്തിനെതിരായിരുന്നു. കുടുംബരാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ പോകുന്നുവെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. വീട്ടുതടങ്കലിൽ താടിവളർത്തിയ ഉമർ അബ്ദുല്ലയ്ക്ക് ഷേവിങ് സെറ്റ് അയച്ചു കൊടുത്ത് പരിഹസിച്ചു ബി.ജെ.പി നേതാക്കൾ.
ഒറ്റ തെരഞ്ഞെടുപ്പോടെ കശ്മിർ ജനത എല്ലാത്തിനും മറുപടി നൽകിയിരിക്കുന്നു. നാഷനൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ നേടിയ വൻ വിജയത്തോടെ ഇൻഡ്യ സഖ്യം അധികാരത്തിലേക്കാണ്. ഉമർ അബ്ദുല്ലയാണ് മുഖ്യമന്ത്രി. മത്സരിച്ച രണ്ടു സീറ്റിലും ഉമർ അബ്ദുല്ല വിജയിച്ചു. കശ്മിരിൽ നിന്ന് മാത്രമല്ല, ജമ്മുവിൽ നിന്ന് കൂടി നിർണായക സീറ്റുകൾ പിടിച്ചാണ് ഇൻഡ്യ സഖ്യം അധികാരമേൽക്കാൻ പോകുന്നത്. ജമ്മു കശ്മിരിൽ നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം കൂടുതൽ സീറ്റുനേടുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടില്ലെന്ന എക്‌സിറ്റ്‌പോൾ ഫലങ്ങൾ തെറ്റി. കശ്മിരിൽ നാഷനൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യത്തിന് 50ലധികം സീറ്റുകളുണ്ട്. ലഫ്റ്റനന്റ് ഗവർണർ വോട്ടവകാശമുള്ള 5 എം.എൽ.എമാരെ നോമിനേറ്റ് ചെയ്താലും 48 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. അതിനപ്പുറവും നേടിയിരിക്കുന്നു.

370ാം വകുപ്പ് പിൻവലിക്കലും കശ്മിരിനെ ഇന്റർനെറ്റും സഞ്ചാര സ്വാതന്ത്ര്യവും നിരോധിച്ച് തടവിലിട്ടതുമാണ് തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത്. താഴ് വരയിലെ ഓരോ പ്രചാരണത്തിലും 370ാം വകുപ്പിനെ കശ്മിരികൾ എത്രത്തോളം പ്രാധാന്യത്തോടെ കണ്ടിരുന്നുവെന്നത് വ്യക്തമായിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയതും കശ്മിരിനെ തടവിലിട്ടതും അവിടുത്തെ ജനങ്ങളുടെ നൻമയ്ക്കും വികസനത്തിനും വേണ്ടിയാണെന്ന ബി.ജെ.പിയുടെ പരിഹാസ്യമായ വാദം കശ്മിരി ജനത തള്ളി. 370ാം വകുപ്പ് പിൻവലിച്ചതിനെ എതിർത്ത പാർട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 370ാം വകുപ്പ് പിൻവലിച്ചത് മുതൽ കശ്മിർ പിടിക്കാൻ ബി.ജെ.പി പദ്ധതി തയാറാക്കിയതാണ്. മണ്ഡല പുനർനിർണയമായിരുന്നു ആദ്യപദ്ധതി. ഇതിന്റെ ഭാഗമായി ഏഴു സീറ്റുകൾ കൂട്ടിയപ്പോൾ അതിൽ ആറും ബി.ജെ.പിക്ക് സ്വാധീനമുള്ള ജമ്മു മേഖലയിലാക്കി. വോട്ടവകാശമുള്ള അഞ്ചംഗങ്ങളെ ലഫ്റ്റനന്റ് ഗവർണർക്ക് നാമനിർദേശം ചെയ്യാമെന്ന് ജമ്മു കശ്മിർ പുനഃസംഘടനാ നിയമത്തിൽ വ്യവസ്ഥ വച്ചു.
47 സീറ്റുകളുള്ള കശ്മിർ മേഖലയിൽ 19 സീറ്റുകളിൽ മാത്രം മത്സരിച്ച ബി.ജെ.പി വിഘടനവാദികളെയും പാകിസ്താനെ പിന്തുണച്ചതിന്റെ പേരിൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ് ലാമിയുടെ നേതാക്കളെയും സ്വതന്ത്രരായി മത്സരിപ്പിച്ച് ഇന്ത്യവിരുദ്ധ പ്രചാരണത്തിലൂടെ സീറ്റുകൾ പിടിക്കാൻ ശ്രമിച്ചു. 28 സീറ്റുകളാണ് ബി.ജെ.പി ഇത്തരത്തിൽ സ്വതന്ത്രവേഷം കെട്ടിയവർക്കായി നൽകിയത്. കശ്മിരിന്റെ ചരിത്രം കണ്ടതിൽ ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായത്. ബി.ജെ.പിയുടെ അധിക്ഷേപത്തിനുള്ള മറുപടി അവർ ബാലറ്റിലൂടെ നൽകുകയായിരുന്നു.

About Ahlussunna Online 1294 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*