ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ അന്തിമവാദംകേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. ഇരുവിഭാഗത്തോടും തങ്ങളുടെ വാദങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ ഇന്നലെ കോടതി നിര്‍ദേശിച്ചു. നേരത്തെ നാളെ വാദംനിര്‍ത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ഒരുദിവസം നേരത്തെ അവസാനിപ്പിക്കാന്‍ കോടതി നിശ്ചയിക്കുകയായിരുന്നു. ഇന്ന് തന്നെ വാദം അവസാനിപ്പിക്കുമെന്ന് ചീഫ്ജസ്റ്റിസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 11 മണിക്ക് തുടങ്ങുന്ന വാദം കേള്‍ക്കല്‍ വൈകിട്ട് അഞ്ച് മണി വരെ തുടരുമെന്നും. ഇതിന് ശേഷം തുടരാനുള്ള വാദങ്ങള്‍ എഴുതി നല്‍കാന്‍ സമയം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വാദം വേഗം അവസാനിപ്പിച്ച് അടുത്ത മാസം 17നകം ഉത്തരവ് പുറപ്പെടുവിക്കാനാണ് കോടതിയുടെ തീരുമാനം. എന്നാല്‍, അന്തിമവാദം കേള്‍ക്കാന്‍ ഹിന്ദു സംഘടനകള്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. ഇതേ കോടതി പരിഗണിച്ചേക്കില്ല.
കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അടുത്തമാസം 17ന് വിരമിക്കാനിരിക്കുകയാണ്. വാദംകേള്‍ക്കലിന്റെ 39മത്തെ ദിവസമായ ഇന്നലെ ഹിന്ദുവിഭാഗമാണ് വാദങ്ങള്‍ നിരത്തിയത്. അയോധ്യയില്‍ 60ഓളം ക്ഷേത്രങ്ങളുണ്ടെന്നും അതില്‍ ഒന്ന് രാമജന്‍മഭൂമിയാണെന്നും രാംലല്ലയ്ക്ക് വേണ്ടി ഹാജരായ കെ. പരഷരന്‍ വാദിച്ചു. രാമജന്മഭൂമിയാണെന്ന് വിശ്വസിക്കുന്ന പ്രസ്തുത ഭൂമിക്കു വേണ്ടി നൂറ്റാണ്ടുകളായി ഞങ്ങള്‍ പോരാടുകയാണെന്നും അദ്ദേഹം വാദിച്ചു.
ഇന്നത്തോടെ വാദം കേള്‍ക്കല്‍ 40ാമത്തെ ദിവസമാകും. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 197273 വര്‍ഷങ്ങളിലായി 68 ദിവസം.
ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
Daily Hearings In Ayodhya Case May End Today, The 40th Day
Be the first to comment