ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ ലഖ്നൗ സി.ബി.ഐ കോടതിയില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇതു സംബന്ധിച്ച കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന നടപടികള്‍ ആരംഭിച്ചു.
അന്വേഷണത്തിന് നേതൃത്വം നല്‍കിയ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം.നാരായണനെയാണ് വിസ്തരിക്കുന്നത്. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഉടന്‍ ആരംഭിക്കും. നാരായണന്റെ വിസ്താരം പൂര്‍ത്തിയായാല്‍ കേസിലെ ഉപ അന്വേഷണ മേധാവിയെ വിസ്തരിക്കും. ബാബരി മസ്ജിദ് തകര്‍ക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയ ദൂരദര്‍ശന്‍ ഫിലിം ഡിവിഷന്‍ ജീവനക്കാരുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായി.
കേസിലെ നിര്‍ണായക തെളിവായ 15 മിനിറ്റും 35 മിനിറ്റും വരുന്ന രണ്ടു വീഡിയോ ടേപ്പുകള്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ കോടതിയില്‍ പ്ലേ ചെയ്യാനായില്ല. പഴയ രീതിയിലുള്ള വീഡിയോ ടേപ്പുകള്‍ പ്ലേ ചെയ്യുന്നതിന് കോടതിയില്‍ പ്രൊജക്ടര്‍ സൗകര്യമൊരുക്കാത്തതായിരുന്നു കാരണം. തുടര്‍ച്ചയായി കേസ് പരിഗണിച്ച് വിചാരണ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അടുത്തകാലത്താണ് കോടതി നടപടികളില്‍ പുരോഗതിയുണ്ടായത്. കഴിഞ്ഞ ജൂലൈയില്‍ കേസ് പരിഗണിച്ച സുപ്രിം കോടതി ഒമ്പതു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്ത കേസും അതിലെ ഗൂഢാലോചനക്കേസും ലഖ്നൗ കോടതിയിലും റായ്ബറേലി കോടതിയിലും രണ്ടായാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും അത് ഒറ്റക്കേസാക്കി ലഖ്നൗ കോടതിയിലേക്ക് നേരത്തെ സുപ്രിം കോടതി മാറ്റിയിരുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ എല്‍.കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. അദ്വാനിയുള്‍പ്പെടെയുള്ള 13 ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നെങ്കിലും 2017 ഏപ്രില്‍ 19ന് സുപ്രിം കോടതി പുനഃസ്ഥാപിച്ചിരുന്നു.
Be the first to comment