
മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവും പണ്ഡിതരും പ്രത്യേക കൂട്ടുപ്രാര്‍ത്ഥനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു.
വിവിധ സന്ദര്‍ഭങ്ങളിലായി രാജ്യത്ത് കൊല്ലപ്പെട്ട സൈനികരടക്കമുള്ള രക്തസാക്ഷികള്‍ക്ക് വേണ്ടി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് ഹദ്‌യ (സമര്‍പ്പണം) ചെയ്താണ് പ്രാര്‍ത്ഥനാ ചടങ്ങ് നടന്നത്.
ബഹ്‌റൈനിലെ സഖീര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവരെല്ലാം വിശുദ്ധ ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറത്തുല്‍ ഫാതിഹ പാരായണം ചെയ്തു. തുടര്‍ന്ന് നടന്ന കൂട്ടു പ്രാര്‍ത്ഥനക്ക് ശരീഅ റിവിഷന്‍ കോടതി ചീഫ് ജസ്റ്റിസും അല്‍ഫാതിഹ് ഗ്രാന്റ് മസ്ജിദ് ഖത്തീബുമായ ശൈഖ് അദ്‌നാന്‍ ബിന്‍ അബ്ദുല്ല അല്‍ഖത്താന്‍ നേതൃത്വം നല്‍കി.
രക്തസാക്ഷികള്‍ അല്ലാഹുവിന്റെ അടുക്കല്‍ പ്രത്യേക പരിഗണന ലഭിച്ചവരും ജീവിച്ചിരിക്കുന്നവരുമാണെന്ന് വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്തവരെ അനുസ്മരിക്കുന്ന ഇത്തരം ചടങ്ങ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഡിസംബര്‍ 17ന് സംഘടിപ്പിക്കുമെന്ന് രാജാവ് പ്രഖ്യാപിച്ചു.
ശുഹദാക്കളെ (രക്തസാക്ഷികളെ) ഒരിക്കലും മറക്കാന്‍ കഴിയില്ല. രാജ്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്തവര്‍ രാജ്യത്തിന്റെ മക്കളാണ്. അവര്‍ ഈ രാജ്യത്തെ ഓരോ കുടുംബത്തിലെയും അംഗങ്ങളാണെന്നും അവരില്‍ അഭിമാനം കൊള്ളുന്നുവെന്നും രാജാവ് പറഞ്ഞു.
ചടങ്ങില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, ബി.ഡി.എഫ് കമാന്റര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, നാഷണല്‍ ഗാര്‍ഡ് കമാന്റര്‍ ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Be the first to comment