മനാമ: ബഹ്‌റൈനില്‍ തടവില്‍ കഴിയുന്ന മലയാളികളുള്‍പ്പെടെ 250 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം ലഭിക്കുന്നു. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി നടത്തിയ കൂടികാഴ്ചക്കു ശേഷമാണ് തടവുകാരുടെ മോചനം സംബന്ധിച്ച തീരുമാനമുണ്ടായത്.വിവിധ കുറ്റകൃതൃങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കായിരിക്കും മോചനം ലഭിക്കുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതോടെ മലയാളികളടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തടവുകാര്‍ക്ക് മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്. അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് നിയമ നടപടികള്‍ പൂര്‍ത്തിയാകാതെ മോചനം സാധ്യമാകില്ല. സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
ബഹ്‌റൈനില്‍ പെരുന്നാള്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിനങ്ങളോടനുബന്ധിച്ച് രാജാവ് തടവുകാരെ മോചിപ്പിക്കുന്നത് സാധാരണയാണ്. കഴിഞ്ഞ ബലിപെരുന്നാളില്‍ 105 തടവുകാര്‍ക്ക് രാജാവ് മോചനം നല്‍കിയിരുന്നു.
Be the first to comment