അബുദാബി: ബലി പെരുന്നാളിനെ സ്വീകരിക്കാൻ പൊലിസ് ഒരുങ്ങിയതായി അബുദാബി പൊലിസ് ജനറൽ കമാൻഡ് അറിയിച്ചു. രാജ്യം മുഴുവൻ ജനങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ അവരുടെ സുരക്ഷയും സന്തോഷവും സംരക്ഷിക്കേണ്ടത് പൊലിസിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ എല്ലാ തരാം സുരക്ഷയും റോഡ് സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി പൊലിസ് മേധാവി അറിയിച്ചു.
പൊലിസ് സാന്നിധ്യം വർധിപ്പിച്ചു
വാണിജ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പൂന്തോട്ടങ്ങൾ, പൊതു പാർക്കുകൾ മുതലായവയ്ക്ക് സമീപവും അവധിക്കാലത്ത് വൻ ജനക്കൂട്ടത്തിന് സാക്ഷ്യം വഹിക്കുന്ന വിനോദസഞ്ചാര മേഖലകളിലും പ്രധാന റോഡുകളിലും പൊലിസും സുരക്ഷാ പട്രോളിംഗും ശക്തമാക്കി.
പൊലിസ്, സുരക്ഷാ ഏജൻസികൾ, ഫയർ സർവീസ് തുടങ്ങി സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘങ്ങളും പെരുന്നാളിനെ വരവേൽക്കാനും സുരക്ഷയൊരുക്കാനും ഒരുങ്ങി കഴിഞ്ഞു.
അതേസമയം, അബുദാബി സിറ്റി, അൽ-ഐൻ, അൽ-ദഫ്ര എന്നിവിടങ്ങളിലെ ഡയറക്ടറേറ്റുകൾ, ബാഹ്യ മേഖലകൾ, ട്രാഫിക്, പട്രോളിംഗ്, പ്രത്യേക പട്രോളിംഗ് മാനേജ്മെന്റ് എന്നിവയും ഈദ് അൽ അദഹ് വിരുന്നിന് സംയോജിത സംവിധാനം ഒരുക്കിയിട്ടുണ്ട്.
റോഡ് സുരക്ഷ
എല്ലാ സമയത്തും ഫീൽഡ് സാന്നിധ്യത്തിലൂടെ റോഡിൽ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കാനും യാത്രക്കാരുടെ ഹൃദയങ്ങളിൽ ആശ്വാസവും ഉറപ്പും പകരാനും സേന ഒരുങ്ങിയതായി ജനറൽ കമാൻഡ് അറിയിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ പൊലിസ് എല്ലാവരോടും ആഹ്വാനം ചെയ്തു.
അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളിലും ഗതാഗതക്കുരുക്ക് തടയുന്നതിനും സേന ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
നിയമങ്ങൾ പാലിക്കണം
അനുഗൃഹീതമായ ഈദ് അൽ-അദ്ഹ അവധി ആഘോഷിക്കുന്ന വേളയിലോ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിലോ പൊതുജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി അബുദാബി പൊലിസ് ജനങ്ങളോട് നിയമങ്ങൾ പാലിക്കണമെന്ന് അറിയിച്ചു
അപകടകരമായ സ്റ്റണ്ടുകൾ, അശ്രദ്ധമായ ഡ്രൈവിംഗ്, ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ റെസിഡൻഷ്യൽ ഏരിയകൾക്ക് സമീപം വാഹനങ്ങളുടെ മത്സരയോട്ടം സംഘടിപ്പിക്കൽ തുടങ്ങി നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ നടത്തരുതെന്നും പൊലിസ് അറിയിച്ചു.
അതേസമയം, ട്രാഫിക് നിയമങ്ങൾ പാലിക്കാനും അമിതവേഗത ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഡ്രൈവർമാരോട് അഭ്യർഥിച്ചു.
Be the first to comment