കോഴിക്കോട്: ഫോണ് ചോര്ത്തിയെന്ന ഭരണപക്ഷ എം.എല്.എയുടെ വിവാദവെളിപ്പെടുത്തലില് ആഭ്യന്തരവകുപ്പിന് മൗനം. മന്ത്രിമാരുള്പ്പെടെയുള്ളവരുടെ ഫോണ് എ.ഡി.ജി.പി എം.ആര് അജിത്കുമാറും എസ്.പി സുജിത്ദാസും ചോര്ത്തിയെന്ന ആരോപണത്തിലും താന് ഫോണ് ചോര്ത്തിയെന്ന പി.വി അന്വര് എം.എല്.എയുടെ ‘കുറ്റസമ്മത’മൊഴിലും ആഴ്ചകള് പിന്നിട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഒരു വ്യക്തിയുടെ ഫോണ് മറ്റൊരാള് ചോര്ത്തുകയെന്നത് നിയമവിരുദ്ധമാണ്. എന്നാല് മൗലിക സ്വാതന്ത്ര്യത്തിന്മേല് യുക്തി പൂര്വകമായ നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നതിനുള്ള നിയമമനുസരിച്ച് ഫോണുകള് നിരീക്ഷിക്കാം. ആഭ്യന്തരസുരക്ഷ ഉള്പ്പെടെയുള്ള കാര്യങ്ങള് പരിഗണിച്ചാണിത്. എം.എല്.എയും എ.ഡി.ജി.പിയും എസ്.പിയും ഫോണ് ചോര്ത്തിയെങ്കില് അത് ഇത്തരം കാര്യങ്ങള്ക്കായല്ല. ഈ സാഹചര്യത്തില് പൊലിസിന് നടപടി സ്വീകരിക്കാവുന്നതാണ്.
പൊലിസിന്റെ സംവിധാനമുപയോഗിച്ചാണ് എം.എല്.എ ഫോണ് ചോര്ത്തിയതെങ്കില് അത് കുറ്റകരമാണ്. ഫോണ് ചോര്ത്തലിന് കൂട്ടുനിന്ന പൊലിസുകാരുള്പ്പെടെ പ്രതിസ്ഥാനത്താകും. എം.എല്.എ നിയമനടപടി നേരിടാന് തയാറാണെന്ന് പരസ്യമായി പ്രതികരിച്ചിട്ടും പൊലിസ് നടപടി സ്വീകരിച്ചിട്ടില്ല. എ.ഡി.ജി.പിക്കെതിരേയുള്ള ഫോണ് ചോര്ത്തല് ആരോപണത്തിലും അന്വേഷണം ആരംഭിച്ചിട്ടില്ല. സൈബര് സെല്ലിലെ ഐ.പി.എസ് ഉദ്യോഗസ്ഥന് വഴിയാണ് മന്ത്രിമാരുള്പ്പെടെയുള്ളവരുടെ ഫോണ് എ.ഡി.ജി.പി ചോര്ത്തിയതെന്നായിരുന്നു അന്വര് എം.എല്.എയുടെ ആദ്യ ആരോപണം. എന്നാല് ആഭ്യന്തരവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഔദ്യോഗികമായി ഫോണ് ചോര്ത്താന് സാധിക്കില്ല. സസ്പന്ഷനിലായ എസ്.പി സുജിത്ദാസ് എ.ടി.എസ് സംവിധാനമുപയോഗിച്ച് മന്ത്രിമാരടക്കമുള്ളവരുടെ ഫോണ് ചോര്ത്തിയെന്ന് പി.വി അന്വര് കഴിഞ്ഞ ദിവസവും ആരോപണമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം ആരംഭിച്ചിട്ടില്ല.
സ്വര്ണക്കള്ളക്കടത്ത് സംഘമുള്പ്പെടെ സമാന്തര ടെലിഫോണ് എക്സ്ചേഞ്ച് വഴി ഫോണ് ചോര്ത്താറുണ്ടെന്ന് നേരത്തെ ഇത് സംബന്ധിച്ചുള്ള കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇത്തരത്തില് ഏത് രീതിയില് ഫോണ് ചോര്ത്തിയതെന്നതും ദുരൂഹമാണ്. സമാന്തര ടെലിഫോണ് എക്സ്ചേഞ്ച് വഴി ഫോണ് ചോര്ത്തിയതാണെങ്കില് രാജ്യദ്രോഹകുറ്റമാണ്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി രജിസ്റ്റര് ചെയ്ത സമാന്തര എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കേസുകള് എന്.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. ഹാക്കിങ് വഴിയും ഫോണ് ചോര്ത്താം. ഇതും നിയമവിരുദ്ധമാണ്.
Be the first to comment