ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

പാരിസ്: ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ അതിശക്തമായ വ്യോമാക്രണം തുടരുന്നതിനിടെയും ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. അതേസമയം, ഇവിടങ്ങളില്‍ ഇസ്‌റാഈല്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഇല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും റാലികളില്‍ സജീവമായി പങ്കെടുത്തുകൊണ്ട് അവരുടെ പിന്തുണ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്.

യു.കെയില്‍ ‘ഭീകര പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെ ഫലസ്തീന്‍ പതാക വീശുന്നതും ഫലസ്തീന് അനുകൂലമായി സ്വാതന്ത്ര്യ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും നിയമപരമല്ലെന്ന” ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്റെ പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇത്തരം പ്രതിഷേധങ്ങള്‍ പൊതുസമാധാനത്തിന് ഭീഷണിയാകുന്നതിനാല്‍ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളെല്ലാം നിരോധിക്കുകയാണെന്ന് ഫ്രാന്‍സ് വ്യാഴാഴ്ച അറിയിച്ചു. ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ പൊതു ക്രമസമാധാനത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അതിന്റെ സംഘാടകര്‍ അറസ്റ്റിനെ നേരിടേണ്ടി വന്നേക്കുമെന്നാണ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

പൊതു ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പാരീസ് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റ് വരാനിരിക്കുന്ന രണ്ട് ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിച്ചു. എന്നാല്‍ നിരോധനങ്ങള്‍ വകവയ്ക്കാതെ ലിയോണിലും മാര്‍സെയിലിലും പ്രകടനങ്ങള്‍ നടന്നു. ഫലസ്തീന്‍ പതാകകള്‍ വഹിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സമ്മേളന സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്ന് ആക്ടിവിസ്റ്റുകള്‍ വാദിക്കുന്നു.

നെതര്‍ലാന്റില്‍ ഹമാസ് അനുകൂല പ്രകടനങ്ങളില്‍ മേയര്‍മാര്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ അറിയിച്ചു. പ്രതിഷേധത്തിനിടെയുള്ള സെമിറ്റിക് വിരുദ്ധ പ്രസ്താവനകളിലും ഹമാസ് അനുകൂല പ്രസ്താവനകളിലും ആശങ്ക പ്രകടിപ്പിച്ചു. ബെര്‍ലിനില്‍ നേരത്തെ തീരുമാനിച്ച ഫലസ്തീന്‍ ഐകൃദാര്‍ഢ്യ റാലിക്ക് പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം അനുമതി നല്‍കിയില്ല.ഫലസ്തീനെ പിന്തുണച്ച് സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അധികാരികള്‍ പരിപാടി തടയുകയായിരുന്നു.

കൂടാതെ, ഫലസ്തീനുമായി അതിര്‍ത്തി പങ്കിടുന്ന ജോര്‍ദാന്‍ ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ഫലസ്തീന്‍ പ്രദേശങ്ങളുമായുള്ള അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച പ്രതിഷേധം നിരോധിച്ചു. അതിര്‍ത്തിക്ക് സമീപമുള്ള പ്രതിഷേധങ്ങള്‍ തടയാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*