
വിധിയെ തള്ളിയും പ്രോസിക്യൂഷനില്‍ വിശ്വാസമര്‍പ്പിച്ചും റിയാസ് മൗലവിയുടെ കുടുംബം രംഗത്ത്. വിധിപകര്‍പ്പിലെ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ പറഞ്ഞു. എല്ലാതരത്തിലുമുള്ള തെളിവുകളും ഉണ്ടായിരുന്നു. കോടതി വിധി ഏകപക്ഷീയമായിപോയി. എന്തുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം എന്നറിയില്ലെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട്് പറഞ്ഞു. കോടതിവിധിയിലുള്ളത് പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണെന്നും വിധിയിലെ അപാകത പരിശോധിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി അംഗം ഹാരിസും വ്യക്തമാക്കി.
കാസര്‍കോട്ടെ വര്‍ഗീയ കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന ഒമ്പതാമത്തെ കൊലയായി റിയാസ് മൗലവി വധക്കേസ് വിധി. എട്ട് കൊലപാതകങ്ങളിലെയും പ്രതികള്‍ രക്ഷപ്പെട്ടത് തെളിവുകളുടെ അഭാവവും സാക്ഷികള്‍ കൂറുമാറിയതിന്റെയും പ്രതികളെ തിരിച്ചറിയാത്തതിന്റേയും പേരിലായിരുന്നു. എന്നാല്‍, റിയാസ് മൗലവി വധക്കേസില്‍ ചിത്രം മാറി. മൗലവി കേസില്‍ പൊലിസും പ്രോസിക്യൂഷനും ശക്തമായ ഇടപെടലാണ് നടത്തിയത്. യു.എ.പി.എയും ഗൂഢാലോചന കുറ്റവും ചുമത്താത്ത കേസില്‍ പ്രതികള്‍ ഏഴു വര്‍ഷം ജയിലില്‍ കിടന്നത് ഈ കേസില്‍ മാത്രമാണ്. ജഡ്ജിമാര്‍ മാറിക്കൊണ്ടിരുന്നപ്പോഴും പ്രതികള്‍ക്ക് അനുകൂലമായി വന്ന എല്ലാ അപേക്ഷകളും പൊലിസിന്റെ കുരുക്കില്‍ തടയപ്പെട്ടു. എന്നിട്ടും ഇത്രയും തെളിവുകള്‍ പൊലിസും പ്രോസിക്യൂഷനും ഹാജരാക്കിയിട്ടും പ്രതികള്‍ ഇറങ്ങിപ്പോയി എന്നതാണ് വൈരുദ്ധ്യം. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പീല്‍ കോടതിയില്‍ അവതരിപ്പിക്കുമെന്ന് മൗലവിയുടെ ഭാര്യ സെയ്ദക്കുവേണ്ടി ഹാജരായ അഡ്വ. സി. ഷുക്കൂര്‍ പ്രതികരിച്ചു.
Be the first to comment