ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയേയും കേന്ദ്രത്തേയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് തന്റെ കണ്ണുകളില്‍ നോക്കാന്‍ പോലും ഭയമാണെന്ന് രാഹുല്‍ പറഞ്ഞു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രസംഗത്തിനിടെയാണ് പരാമര്‍ശം. ഞാന്‍ ബി.ജെ.പി യോടും ആര്‍.എസ്സ്.എസ്സിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, കോണ്‍ഗ്രസ്സിന്റെ മൂല്യം, അര്‍ത്ഥം തുടങ്ങിയവ മനസ്സിലാക്കി തന്നതെന്ന് രാഹുല്‍ പറഞ്ഞു.
റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം, ജി.എ.സ്ടിയും തൊഴില്‍ വാഗ്ദാനം തുടങ്ങി ഓരോന്നും എണ്ണിയെണ്ണി ചോദിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. റാഫേല്‍ കരാര്‍ ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്പടിയാണെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്.
ഞാന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചു. അത്തരത്തിലൊരു കരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടി. പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി. 35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന ഈ ബിസിനസുകാരന് സ്വന്തമായി ഒരു വിമാനംപോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. വന്‍കിട ബിസിനസുകാരെയാണ് മോദി സര്‍ക്കാര്‍ സഹായിക്കുന്നത്. സാധാരണക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. അമിത് ഷായുടെ മകന്‍ അനധികൃതമായി വരുമാനം 16,000 ഇരട്ടി വര്‍ധിപ്പിച്ചപ്പോള്‍, ഇന്ത്യയുടെ കാവല്‍ക്കാരനാണെന്ന് പറയുന്ന മോദി മൗനം പാലിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ രാജ്യത്ത് അക്രമം വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ മോദിയുടെ അഭിപ്രായം പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് ലോകം പറയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇതിനെതിരെ ഒരുവാക്ക്? പോലും പറയാന്‍ മോദി തയാറായിട്ടില്ലന്നെും രാഹുല്‍ ചൂണ്ടിക്കാട്ടി.
പാള്ളയായ വാഗ്ദാനങ്ങളുടെ ഒരു ഇരയാണ് ആന്ധ്രപ്രദേശ്. ഇത്തരത്തില്‍ ഒരുപാട് പൊള്ളയായ വാഗ്ദാന പെരുമഴ തന്നെ ബിജെപി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. തൊഴില്‍ വാഗ്ദാനം നല്‍കി യുവാക്കളെ വഞ്ചിച്ചു. കര്‍ഷകരേയും ചെറുകിട വ്യാപാരികളുടേയും ജീവിതം നോട്ട് നിരോധനം തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ജി.എസ്.ടി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്ത ബി.ജെ.പി എന്ത് കൊണ്ടാണ് ഭരണത്തില്‍ കയറിയപ്പോള്‍ നടപ്പാക്കിയതെന്ന് അദ്ദേഹം ചോദിച്ചു.
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗം നടത്തുന്നതിനിടെ കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം ബലപ്പെടുത്തുന്ന ചില രേഖകളും ട്വീറ്റ് ചെയ്തു. ഖത്തറും ഈജിപ്തും റാഫേല്‍ കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ കണക്കുകളും ഇന്ത്യ നടത്തിയ ഇടപാടിന്റെ കണക്കും താരതമ്യം ചെയ്തുള്ളതാണ് രേഖകള്‍.
പ്രസംഗത്തിന് ശേഷം ഇരിപ്പിടത്തിനടുത്തെത്തി മോദിയെ ആലിംഗനം ചെയ്യുകയും ചെയ്തു കോണ്‍ഗ്രസ് അധ്യക്ഷന്‍.
അതിനിടെ, ബി.ജെ.പി അംഗങ്ങല്‍ രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. സഭയില്‍ അഴിമതി ആരോപണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാതെ ഉന്നയിക്കാന്‍ പാടില്ലെന്ന് ബിജെപി അംഗങ്ങള്‍ രാഹുലിന്റെ പ്രസംഗത്തിനിടയില്‍ കയറി പറഞ്ഞ് കൊണ്ടിരുന്നു.
അതേസമയം, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ഇതിനിടെ മറുപടി പറയാന്‍ സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
Be the first to comment