ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം അനുവദിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതും തര്‍ക്കങ്ങള്‍ തുടരുന്നതിനുമിടെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗുഡ്ഗാവ് ഭരണകൂടം ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ചകള്‍ നടത്തുകയാണെന്നും ആരുടെയും അവകാശങ്ങള്‍ക്ക് മേലെ കടന്നുകയറാതെ സൗഹാര്‍ദ്ദപരമായി പരിഹാരം ഉണ്ടാക്കുമെന്നും അതുവരെ ആളുകള്‍ അവരുടെ വീടുകളിലും മറ്റ് ആരാധനാലയങ്ങളിലും പ്രാര്‍ത്ഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞാന്‍ പൊലിസുമായി സംസാരിച്ചു, ഈ പ്രശ്‌നം പരിഹരിക്കണം. ആരാധനാലയങ്ങളില്‍ ആരും പ്രാര്‍ത്ഥിക്കുന്നതുമായി പ്രശ്‌നങ്ങളൊന്നുമില്ല. ആ സ്ഥലങ്ങള്‍ ഇതിനായി നിര്‍മ്മിച്ചതാണ്.ഖട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്ന മുസ്‌ലിംകളെ വലതുപക്ഷ ഹിന്ദു സംഘടനകള്‍ ആവര്‍ത്തിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നനിടയിലാണ് ഖട്ടറിന്റെ പ്രസ്താവന.
Be the first to comment