പോര്‍ട്ട് മൊറെസ്ബി: ഓഷ്യാന്യന്‍ രാജ്യമായ പാപുവ ന്യൂ ഗിനിയയില്‍ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടായിരത്തോളം പേര്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടതായി റിപ്പോര്‍ട്ട്. പാപുവ ന്യൂ ഗിനിയ ദേശീയ ദുരന്ത നിവാരണ കേന്ദ്രം യു.എന്‍ ഏജന്‍സിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഉള്‍ഗ്രാമങ്ങളിലൊന്ന് പൂര്‍ണമായും ഭൂമിക്കിടിയിലായതിന്റെ വ്യാപ്തി പുറംലോകം അറിഞ്ഞത്. ദുരന്തത്തില്‍ രണ്ടായിരത്തിലധികം ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതായും മേഖലയ്ക്ക് താങ്ങാവുന്നതിലും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായതായും ദേശീയ ദുരന്ത നിവാരണ കേന്ദ്രം തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയിലെ യു.എന്‍ ഓഫിസിനെ അറിയിച്ചു.
രാജ്യ തലസ്ഥാനമായ പോര്‍ട്ട് മോറസ്ബിയില്‍നിന്ന് 600 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള എന്‍ഗ പ്രവിശ്യയിലെ യാംബലി ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിനാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയില്‍ മുന്‍ഗ്ലോ പര്‍വതത്തിന്റെ ഒരു ഭാഗം ഇടിയുകയായിരുന്നു. പര്‍വതത്തിന് താഴെ വസിക്കുന്ന നൂറുകണക്കിന് വീടുകള്‍ക്ക് മുകളിലേക്കാണ് ഇത് ഇടിഞ്ഞുവീണത്. കൂറ്റന്‍ പാറകളും വന്‍മരങ്ങളും ഉള്‍പ്പെടെയാണ് വന്നുവീണത്. ഒട്ടേറെ കെട്ടിടങ്ങളും വയലുകളും മണ്ണിനടിയില്‍പ്പെട്ടു. നാലു ദിവസം പിന്നിട്ടെങ്കിലും ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കുന്നു. മേഖലയിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ ബുള്‍ഡോസറുകള്‍ക്ക് ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. ഹെലികോപ്ടറിലാണ് രക്ഷാപ്രവര്‍ത്തകരെ എത്തിച്ചത്.
കൂറ്റന്‍ പാറക്കല്ലുകളും മരങ്ങളും നീക്കണമെങ്കില്‍ ക്രെയിനോ ബുള്‍ഡോസറുകളോ വേണം. ഗതാഗതസംവിധാനം താറുമാറായതിനാല്‍ അവ എത്തിക്കാനായിട്ടില്ല. ഇതുവരെ ആയിരത്തിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു. അത്രയും ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ വളരെ കുറഞ്ഞ ആളുകളെ മാത്രമെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. രക്ഷാപ്രവര്‍ത്തനത്തിന് മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും പാപുവ ന്യൂഗിനി യു.എന്നിനെ അറിയിച്ചു. ഗോത്രവര്‍ഗക്കാരായ 4000ത്തോളം പേരാണ് ഗ്രാമത്തില്‍ താമസിച്ചിരുന്നതെന്നാണ് കണക്ക്.
Be the first to comment