
ലഖ്നൗ: ഹോളി ആഘോഷത്തിനിടെ പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യത ഉളളത് മുൻകൂട്ടിക്കണ്ട് അവ ടാർപോളിൻ ഉപയോഗിച്ച് മൂടിയിട്ടും കാര്യമുണ്ടയില്ല. ഉത്തർപ്രദേശിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നിട്ടും സംസ്ഥാനത്ത് ഹോളി ആഘോഷക്കാർ പള്ളിയുടെ വാതിലിൽ കളർ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു. തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദിന് സമീപത്തെ മറ്റൊരു പള്ളിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പള്ളിയുടെ ചുമരിൽ ഹോളി ആഘോഷിക്കാൻ ഉപയോഗിച്ച കളർ കൊണ്ട് ജയ് ശ്രീ റാം പെയിന്റ് ചെയ്തു.
സംസ്ഥാനത്ത് സമാധാനപരമായ ഹോളി ഘോഷയാത്രകൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നതിനിടെ ആണ് ഈ സംഭവം.
ഇന്നലെ ഉച്ചയോടെ നടന്ന ആഘോഷത്തിനിടെ പള്ളിയുടെ പ്രവേശന കവാടത്തിൽ ഒരു കൂട്ടം കൗമാരക്കാർ നിറങ്ങൾ തളിക്കുകയും “ജയ് ശ്രീ റാം” എന്ന് എഴുതുകയുമായിരുന്നു.
സംഭവത്തിൽ പളളി കമ്മിറ്റി പരാതി നൽകി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹർസ്വരൂപ്, ശിവോം, വിനോദ് എന്നിവരുടെ പേരുകൾ പരാതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
അലിഗഡിലും സമാന സംഭവം റിപോർട്ട് ചെയ്തു. അബ്ദുൽ കരീം ചൗക്കിലെ അബ്ദുൽ കരീം മസ്ജിദിന് പുറത്ത് ഹോളി ആഘോഷിക്കുന്ന ഒരു സംഘം ടാർപോളിൻ കൊണ്ട് മൂടിയിട്ടും ഹോളിക്ക് നിറം നൽകാൻ ശ്രമിച്ചു.
ജനക്കൂട്ടം ഉച്ചത്തിൽ വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രകോപനപരമായ ഗാനങ്ങൾ ആലപിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു. പള്ളിയിൽ വിശ്വാസികൾ നിസ്‌കരിക്കുമ്പോഴാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. വിശ്വാസികൾ സംയമനം പാലിച്ചതുകൊണ്ട് സംഘർഷം ഉണ്ടായില്ല.
ഉത്തരേന്ത്യയിൽ നൂറുകണക്കിന് പള്ളികൾ ടാര്‍പോളിനിട്ട് മൂടിയാണ് രാജ്യം ഹോളി ആഘോഷത്തിന് ഒരുങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം എങ്കിലും എന്നിട്ടും അക്രമം ഉണ്ടായി.
ബറേലിയില്‍ മാത്രം 109 ഓളം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടുണ്ട്. ഹോളിയുടെ തലേ ദിവസം നടന്ന രാം ബാറാത്തിന്റെ ഭാഗമായി വഴിയിലുള്ള എല്ലാ പള്ളികളിലും 5000ത്തിലധികം പൊലിസുകാരേയാണ് വിന്യസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജില്ലയില്‍ പൊലിസ് സംഘം ഫഌഗ് മാര്‍ച്ചും നടത്തിയിരുന്നു. സംഭാലിലെ 10 പള്ളികളിലും അലിഗഡിലെ മൂന്ന് പള്ളികളിലും പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്.
Be the first to comment