കൽപ്പറ്റ: ദുരന്തമുണ്ടായ ആദ്യ മണിക്കൂർ മുതൽ ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച സർക്കാർ ഒടുവിൽ ദുരന്തബാധിതരെ തന്ത്രപൂർവം കൈയൊഴിയുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം കൈകൊണ്ട തീരുമാനങ്ങൾ സർക്കാർ മുൻപ് പറഞ്ഞ പ്രഖ്യാപനങ്ങൾക്കെല്ലാം വിപരീതമാണ്. ഇതോടെ ഉരുളിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ പ്രദേശങ്ങളിലടക്കം നൂറുകണക്കിന് കുടുംബങ്ങൾ ദുരന്തഭൂമിയിലേക്ക് തന്നെ തിരികെപോകേണ്ട അവസ്ഥയിലാണ്.
നോ ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകളെ ഉൾപ്പെടുത്തിയ കരട് ഫേസ് 2 ബി ലിസ്റ്റ്, നോ ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ച് തിട്ടപ്പെടുത്താനാണ് വയനാട് ജില്ലാ കലക്ടർക്ക് മന്ത്രിസഭാ യോഗം നിർദേശം നൽകിയത്.
ഇതോടെ ഉരുളെടുത്ത ഭൂമിയിൽ പലയിടത്തായി സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് ഉടമകൾ തിരികെ മടങ്ങേണ്ടി വരും. പുഞ്ചിരിമട്ടത്ത് 20ലധികം വീടുകൾ നോ ഗോ സോണിൽ നിന്ന് 50 മീറ്റർ പരിധിക്ക് പുറത്തായുണ്ട്. മുണ്ടക്കൈയിൽ 50ഓളം കുടുംബങ്ങളാണ് പുറത്താകുക.
സർക്കാർ നിർദേശിച്ച മാനദണ്ഡം അനുസരിച്ച് മുണ്ടക്കൈയിലെ ലയങ്ങളിൽ താമസിക്കുന്നവരും ദുരന്തഭൂമിയിലേക്കുതന്നെ മടങ്ങേണ്ടി വരും. ചൂരൽമല സ്‌കൂൾ റോഡിന് മുകളിലെ പടവെട്ടിക്കുന്നിൽ 37ഓളം കുടുംബങ്ങളുണ്ട്. സ്‌കൂൾ റോഡിന് എതിർഭാഗം, വില്ലേജ് ഓഫിസ് പരിസരം എന്നിവിടങ്ങളിലും നിരവധി കുടുംബങ്ങൾക്കും സർക്കാർ തീരുമാനം കാരണം ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ട സാഹചര്യമാണ്.
വയനാട്ടിലെത്തിയ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും മൂന്ന് വാർഡുകളിലായി 1024 കുടുംബങ്ങളെ പനുരധിവസിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കുടുംബശ്രീയുടെ മൈക്രോപ്ലാൻ പദ്ധതിയിൽ 1084 കുടുംബങ്ങളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ മാസം ഏഴ് കഴിഞ്ഞപ്പോൾ സർക്കാർ ദുരന്തബാധിതരെ പറഞ്ഞ് പറ്റിക്കുകയാണ്.
2019ൽ പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോൾ ഇതേ രീതിയിലായിരുന്നു സർക്കാർ നടപടികൾ. അന്ന് 106 കുടുംബങ്ങളായിരുന്നു ദുരന്തത്തിന് ഇരയായത്. മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ 56 കുടുംബങ്ങൾക്ക് മാത്രമാണ് പല മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി വീടുകൾ നൽകിയത്.
ബാക്കി മനുഷ്യർ ഇപ്പോഴും പുത്തുമലയിലും സമീപപ്രദേശങ്ങളിലുമായി ദുരന്തത്തെ പഴിച്ച് ജീവിക്കുകയാണ്. അതേ അവസ്ഥയിലേക്കാണ് മാസം ഏഴ് കഴിഞ്ഞപ്പോൾ ഉരുൾദുരന്തത്തിൽ അകപ്പെട്ട മനുഷ്യരും എത്തിച്ചേർന്നിരിക്കുന്നത്.
നൻമവറ്റാത്ത മനുഷ്യർ നൽകിയ 722.49 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കിടക്കുമ്പോഴാണ് മനുഷ്യരെ രണ്ടായി തിരിക്കാനുള്ള സർക്കാർ ശ്രമം. ഇത് വ്യാപക പ്രതിഷേധത്തിനാണ് വഴിതുറക്കുന്നത്.”

Be the first to comment