ഭോപ്പാല്‍: പത്താംക്ലാസ് പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭയന്ന 15 കാരന്‍ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കുട്ടി പിതാവിനെ ആക്രമിച്ചത്. വീട്ടുകാരുമായി നല്ല ബന്ധത്തിലല്ലായിരുന്ന അയല്‍വാസിയാണ് കൊലപാതകം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടി ശ്രമിച്ചു.
സംഭവത്തിന് ശേഷം അയല്‍ക്കാരനും മറ്റൊരാളും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോവുന്നതായി കണ്ടെന്ന് കുട്ടി പൊലിസിനോട് മൊഴി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അയല്‍വാസിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ കുറ്റം ചെയ്തത് ഇയാളല്ലെന്ന് മനസിലായി.
പിന്നീട്, വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയത് താനാണെന്ന് 15 കാരന്‍ സമ്മതിച്ചത്.
പഠിക്കാത്തതിന് പിതാവ് തന്നെ ശകാരിക്കുമെന്നും പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞതായി എസ്പി പറഞ്ഞു. ഫൈനല്‍ പരീക്ഷയ്ക്ക് പഠിച്ചിട്ടില്ലാത്ത കുട്ടി തോല്‍ക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
Be the first to comment