നിസ്കാരം; റജബിന്‍റെ സമ്മാനം

ഏ വി ഉസാമ റഹ്മാനി കുന്നത്തുപറമ്പ്

പരിശുദ്ധ റജബ് മാസം നമ്മിലേക്ക് സമാഗതമായിരിക്കകുകയാണ്. റമളാന്‍ മാസത്തെ പോലെ ഒരുപാട് പവിത്രത റജബ് മാസത്തിനുണ്ടെങ്കലും പ്രവാചകര്‍(സ്വ)ക്ക് ജഗനിയന്താവ് നിസ്കാരത്തെ പാരിതോഷികമായി നല്‍കിയ മാസം എന്നുള്ളതാണ് ഇതിന്‍റെ മാഹ്ത്മ്യത്തെ ശതഗുണീഭവിപ്പിക്കുന്നത്.

മനഷ്യന്‍ ശരീരം കൊണ്ട് ചെയ്യുന്ന അത്യുല്‍കൃഷ്ട ആരാധനയായ നിസ്കാരത്തിന്‍റെ ചരിത്രത്തിന്‍റെ അടിവേരുകള്‍ അന്വേഷിച്ച് മുന്നേറുമ്പോള്‍ ഒരു വലിയ അമാനുഷികതയിലേക്കാണ് നാം ചെന്നെത്തുക. ഇസ്റാഅ്, മിഅ്റാജ് എന്നീ പേരുകളിലറിയപ്പെട്ട ഇത് നാഥന്‍ തന്‍റെ ഇഷ്ട ദാസന്‍ മുഹമ്മദ് (സ്വ) ക്ക് കനിഞ്ഞു നല്‍കിയതാണ്.

മാലാഖ ജിബ്രീല്‍ (അ) ബുറാഖ് എന്ന വാഹനത്തില്‍ വന്ന് സഹധര്‍മ്മിണി ആഇശ (റ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്ന തിരുമേനിയെ വിളിച്ചുണര്‍ത്തി ആ വാഹനത്തില്‍ കയറ്റി ഒറ്റ രാത്രി കൊണ്ട് ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കും സപ്താകാശങ്ങളിലേക്കും അതിനുമപ്പുറത്ത് പടച്ചതമ്പുരാനിലേക്കും ചെന്നണഞ്ഞ് അതേ രാത്രി തന്നെ തിരിക വീട്ടിലെത്തിച്ച യാത്രയുടെ നാമമാണല്ലോ ഇസ്റാഉം മിഅ്റാജും. പ്രപ്രസ്തുത യാത്രയിലാണ് നാഥന്‍ നിസ്കാരത്തെ പ്രവാചകര്‍ക്ക് പാരിതോഷികമായി നല്‍കിയത്.

അമ്പത് വഖ്ത് നിസ്കാരമായിരുന്നു നാഥന്‍ നല്‍കിയിരുന്നത്. പിന്നീടത് മൂസാ (അ) ന്‍റെ അഭ്യര്‍ത്ഥന മാനിച്ച് റബ്ബിന്‍റെ അടുക്കല്‍ പോയി അഞ്ചാക്കി ചുരുക്കുകയായിരുന്നുവെന്നാണ് ചരിത്രം. വിശ്വാസി ജീവിതത്തില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ടിയിരിക്കുന്ന പഞ്ചസ്തംഭങ്ങളിലെ രണ്ടാമനാണ് നിസ്കാരം എന്നുള്ളത് തന്നെ മതി ഇതിന്‍റെ ഗൗരവ സ്വഭാവത്തെ തെര്യപ്പെടുത്താന്‍. പൂര്‍വ്വിക സമുദായങ്ങള്‍ക്കും നിസ്കരം ഉണ്ടന്നതിന് ചരിത്ര രേഖകള്‍ സാക്ഷിയാണ്. അമ്പത് വഖ്ത് നിസ്കാരം പാരിതോഷികമായി ലഭിച്ചപ്പോള്‍ അതില്‍ നിര്‍വൃതിയടഞ്ഞ് തിരിച്ചുവന്ന പ്രവാചകര്‍ (സ്വ) യെ അഞ്ചാക്കി ചുരുക്കാന്‍ ആവശ്യപ്പെടാന്‍ മൂസാ (അ) നെ പ്രേരിപ്പിച്ച ഘടകം തന്‍റെ സമുദായത്തിന് നിര്‍ബന്ധമായിരുന്ന മൂന്നു വഖ്ത് നിസ്കാരം മുറ പോലെ നിര്‍വ്വഹിക്കാന്‍ സമുദായം കൂട്ടാക്കിയില്ലെന്നുള്ളതാണ്. ഇസ്ലാം നിസ്കാരത്തിന് അനിതര സാധാരണ മഹത്വം കല്‍പ്പിക്കുമ്പോള്‍ തന്നെ അര്‍ഹിച്ച പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്.

അല്ലാഹു പറയന്നു:നിസ്കാരം തിന്മ, റജബിന്റെ സമ്മാനം , വൈകൃതം, അനിഷ്ടകാര്യങ്ങള്‍ എന്നിവയെ തടുക്കുന്നു. (അന്‍കബൂത്ത് 45). നിസ്കരിക്കുന്ന വ്യക്തിയില്‍ നിന്നും ഇത്തരം പാപങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഉദ്ദൃത വചനം ദ്യോതിപ്പിക്കുന്നത്. നിസ്കരിക്കുകയും അതോടൊപ്പം അയാള്‍ പാപ മുക്തനുമല്ലെങ്കില്‍ അയാളുടെ നിസ്കാരം കേവലം ആക്രോബാറ്റിക് ഷോ മാത്രമായാണ് ഇസ്ലാം കാണുന്നത്. ഹൃദയ വീമലീകരണം നടത്തി ഋജു മാനസനായി നാഥനിലേക്കടുക്കുകയും വിലയം പ്രാപിക്കുകയും ചെയ്ത് വിശ്വാസം ഹൃദയാന്തരങ്ങളില്‍ രൂഢമൂലമാക്കി നിസ്കരിച്ചാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്ന് ചുരുക്കം.

ഇസ്ലാമികാധ്യാപനങ്ങളില്‍ നിസ്കാരത്തിന്‍റെ ശ്രേഷ്ടതയും മഹത്വവും ധാരാളം ദര്‍ശിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: ഭക്തിയോടെ നിസ്കരിച്ച വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു(മുഅ്മിനൂന്‍:1,2), ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കുകയും നാഥന്‍റെ നാമം ഓര്‍ക്കുകയും നിസ്കരിക്കുകയും ചെയ്തവര്‍ വിജയിച്ചു (അഅ്ലാ 14,15) എന്നീ ഖൂര്‍ആനിക സൂക്തങ്ങള്‍ ചില ഉദാരഹണങ്ങള്‍ മാത്രം. അബൂ ഹൂറൈറ (റ) വില്‍ നിന്ന് നിവേദനം.

പ്രവാചകര്‍(സ്വ) പറയുന്നു. വീടിനു ചാരത്ത് കൂടി ഒഴുകുന്ന നദിയില്‍ നിന്നും വല്ലവനും ദിനം പ്രതി അഞ്ചുതവണ കുളിച്ചാല്‍ അവന്‍റെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ? ചുറ്റിലുമുണ്ടായിരുന്ന അനുചരര്‍ പറഞ്ഞു. ഇല്ല, ഒരു അഴുക്കും ശേഷിക്കില്ല. അപ്പോള്‍ പ്രവാചകര്‍(സ്വ) പറഞ്ഞു. അതാണ് അഞ്ചു വഖ്ത് നിസ്കാരം. അതു കാരണത്താല്‍ നാഥന്‍ പാപങ്ങളെ മായ്ച്ചു കളയും (ബുഖാരി, മുസ്ലിം). മറ്റൊരു ഹദീസില്‍ പ്രവാചകന്‍(സ്വ) പറയുന്നു.

അഞ്ചു വഖ്ത് നിസ്കാരവും ഒരു ജുമുഅ മറ്റൊരു ജുമുഅ നിസ്കാരം വരെയും മഹാപാപങ്ങള്‍ ചെയ്യാത്ത കാലത്തോളം അവക്കിടയിലെ പാപത്തിന്‍റെ പ്രാചശ്ചിത്തമാണ്(ബുഖാരി, മുസ്ലിം). ആധുനികതയുടെ അതിപ്രസരത്തിലും ഭൗതികപ്രമത്തതയുടെ നിറപ്പകിട്ടുകളിലുമകപ്പെട്ട് ജീവിത നൗകയെ ശാന്തിയുടെ ശാദ്വല തീരത്തേക്കടുപ്പിക്കല്‍ ക്ഷിപ്രസാധ്യമല്ലാതാവുകയും അസൂയ, കളവ്, അഹംഭാവം, പൊങ്ങച്ചം തുടങ്ങിയ ഹൃദയ മഹാമാരികള്‍ ഈ അപഥസഞ്ചാരികള്‍ക്ക് ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കുകയും ചെയ്യുന്ന കാലത്ത് നിസ്കാരം നല്ലൊരു ഹാര്‍ട്ട് റിഫൈനറി(ഹൃദയ ശിദ്ധീകരണശാല) യായി മാറുമെന്നതില്‍ സന്ദേഹിക്കാനില്ല. മറ്റു ആരാധനകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നിസ്കാരം. ഇതര ഇസ്ലാം കാര്യങ്ങള്‍ പോലും സ്ഥല-കാല-വസ്തു ബന്ധിതമാണ്. വ്രതാനുഷ്ടാനം കേവലം വര്‍ഷത്തിലൊരു മാസം മാത്രമേ നിര്‍ബന്ധമുള്ളൂ.

സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കു മാത്രമേ സകാത്തും ബാധകമാവുന്നുള്ളൂ ശാരീരിക-സാമ്പത്തിക-മാര്‍ഗ്ഗ തടസ്സങ്ങളില്ലാത്തവര്‍ക്കു മാത്രമേ ഹജ്ജ് കര്‍മ്മവും അനിവാര്യമാവുന്നുള്ളൂ. എന്നാല്‍ നിസ്കാരം ഇതില്‍ നിന്നെല്ലാം വേറിട്ട് സ്ഥല-കാല വൈജാത്യങ്ങള്‍ക്കതീതമായി നിര്‍വ്വഹിക്കേണ്ട ആരാധനയാണ്.  ഒരു നിലക്കും നിസ്കാര നിര്‍വ്വഹണം വിശ്വാസിക്ക് ബാധകമാവാതിരിക്കുകയില്ല. വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കടിമപ്പെട്ട് എത്രതന്നെ ശാരീരികമയി ദൗര്‍ബല്യവും ചാപല്യവുമനുഭവിച്ചാലും തന്‍റെ ആത്മാവ് ശരീരത്തില്‍ നിന്ന് വിട്ട് പിരിയാതെ ജീവന്‍റെ തുടിപ്പുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം നിസ്കാര നിര്‍വ്വഹണം വിശ്വാസിയുടെ ബാധ്യതയാണ്.

നിന്ന് നിസ്കരിക്കാന്‍ കഴിയാത്തവന്‍ ഇരുന്നും അതിനും സാധിക്കാത്തവന്‍ ചെരിഞ്ഞു കിടന്നും അതിനും ശേഷിയില്ലാത്തവന്‍ മലര്‍ന്നു കിടന്നും നിസ്കരിക്കണം എന്ന ഇസ്ലാമികാധ്യാപനം രോഗപീഡകളും അവശതകളുമനുഭവിക്കുന്നവര്‍ക്ക് നിസ്കാരം സുഗമവും സുതാര്യവുമാക്കിക്കൊടുക്കുന്നതിലൂടെ അതു നിര്‍വ്വഹിക്കാത്തവന്‍ വിശ്വാസിയല്ലെന്ന പാഠവും കൂടി നല്‍കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ അധികം ചിന്തിക്കേണ്ടതില്ല.  ദീര്‍ഘ ദൂര യാത്രക്കാരനും പരിശുദ്ധ ഇസ്ലാം നിസ്കാരത്തില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

രണ്ട് നിസ്കാരങ്ങളെ ഒന്നിച്ചു നിസ്കരിക്കുന്ന രീതിയായ ജംഉം നാല് റക്അത്ത് നിസ്കാരത്തെ ചുരുക്കി രണ്ട് റക്അത്തുകളാക്കി നിസ്കരിക്കുന്ന രീതി ഖസ്വ്റുമാണത്. ഒരു ലക്ഷണമൊത്ത യാത്രക്കാരന് ഈ രണ്ട് രീതികളും ഒരേ സമയം നിര്‍വ്വഹിക്കാന്‍ പറ്റുമെന്നതിലൂടെ യാത്രാക്ലേശങ്ങള്‍ എന്തു തന്നെയായാലും പരിധികള്‍ക്കും പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് അതിന്‍റെ നിര്‍വ്വഹണം നടത്തി തന്‍റെ ഹൃത്തടത്തിലെ വിശ്വാസത്തിന് കാവലിരിക്കണം എന്നാണ് ഇസ്ലാം ഉദ്ബോധിപ്പിക്കുന്നത്.  യുദ്ധവേളയില്‍ പോലും നിസ്കാരം ഉപേക്ഷിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക ഭാഷ്യം. ഇരു സൈന്യങ്ങളും സര്‍വ്വായുധ വിഭൂഷിതരായി ഏതു സമയവും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കു സാധ്യതയുള്ള അത്യന്തം ഭീതീതമായ സന്ദിഗ്ധ ഘട്ടങ്ങളില്‍ പോലും നിസ്കാരത്തിന് വേറിട്ട ശൈലി വിശ്വാസികള്‍ക്കു മുമ്പില്‍ വരച്ചു കാണിച്ചുകൊണ്ട് ഇസ്ലാം സൂചിപ്പിക്കുന്നതും ആപല്‍സന്ദികളില്‍ പോലും നിസ്കാരം മുറപ്രകാരം ചെയ്യേണ്ടതാണെന്ന സന്ദേശമാണ്.

സമകാലിക മുസ്ലിം സമുദായത്തിന്‍റെ നിസ്കരാദി ആരാധനാകര്‍മ്മങ്ങളിലെ നിര്‍വ്വഹണരീതി വിചിന്തനാര്‍ഹമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മനഃപൂര്‍വ്വം നിസ്കാരം ഉപേക്ഷിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍. കല്യാണ, സല്‍ക്കാരാദി പരിപാടികളില്‍ പങ്കെടുക്കുന്ന മങ്കമാരുടെ അവസ്ഥയാണ് അതിലേറെ പരിപാതകരവും ദുഃഖ സാന്ദ്രവും. കല്യാണം പോലോത്ത പ്രവാചക സുന്നത്തില്‍ ഭാഗവാക്കാവാന്‍ വേണ്ടി നിര്‍ബന്ധ ബാധ്യതയായ നിസ്കാരത്തെ കുരുതിക്കൊടുക്കുകയാണ്. വിശ്വാസിക്കും അവിശ്വാസിക്കുമിടയുലുള്ള അന്തരമായ നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷ കഠിനകഠോരമാണ്. അല്ലാഹു പറയുന്നു.

നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്തെന്ന് അവരോട് ചോദിക്കുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ നിസ്കരിച്ചിരുന്നില്ലെന്ന്(മുദ്ദസിര്‍ 40,41). വീണ്ടും പറയുന്നു. അവരുടെ പിന്‍മുറക്കാന്‍ നിസ്കാരം ഉപേക്ഷിക്കുകയും സ്വേച്ഛകളെ പിന്തുടരകയും ചെയ്തതിനാല്‍ അവര്‍(പിന്‍മുറക്കാര്‍) നരകത്തെ കണ്ടുമുട്ടും(മര്‍യം 59). നിസ്കാരം ഭക്തിപൂര്‍ണ്ണമാക്കാനാണ് നാമോരോരുത്തരും ബദ്ധശ്രദ്ധകാണിക്കേണ്ടത്. സകല ചിന്തകളില്‍ നിന്നും അകലം പാലിച്ച് ‘നാഥന്‍ നിന്നെ കാണുന്നുണ്ടെന്ന വിചാരപ്പെടലുകളോടെ ആരാധന ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടെന്ന’ തിരുവരുളിനോട് സമ്പൂര്‍ണ്ണ നീതി പുലര്‍ത്താന്‍ വിശ്വാസിക്ക് സാധ്യമാവേണ്ടതുണ്ട്. അതിനുള്ള ഇച്ഛാശക്തിയും മനക്കരുത്തും നേടിയെടുക്കാനുള്ള ശ്രമകരമായ ദൗത്യം വിശ്വാസിയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത് അവന്‍റെ വിശ്വാസ പൂര്‍ണ്ണിമക്ക് അനിവാര്യമാണ്. പൂര്‍ണ്ണ വിശ്വാസിക്ക് നിസ്കാരം പാപങ്ങള്‍ക്കു മീതെയുള്ള പ്രതിബന്ധമാണെന്ന ദൈവവചനസാരമുള്‍ക്കൊണ്ട് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ. ആമീന്‍.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*