കോഴിക്കോട്: നിപ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോഴിക്കോട് ചങ്ങരോത്ത് നിപ വൈറസ് ബാധിച്ച് മരിച്ച മൂന്നുപേരുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. ഈ വവ്വാലുകള്‍ വഴി കിണറ്റിലെ വെള്ളത്തിലൂടെയാവാം വൈറസ് പടര്‍ന്നതെന്ന് കോഴിക്കോട് ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
വവ്വാലുകള്‍ കിണറ്റില്‍ നിന്ന് പുറത്തുപോവാതിരിക്കുവാന്‍ കിണര്‍ മൂടിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ കോളജില്‍ രണ്ട് വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ചു. കൂടാതെ രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി തുറന്നിട്ടുണ്ട്.
പെട്ടെന്നു രോഗം കുറയ്ക്കാനുള്ള മരുന്നിന്റെ അഭാവം ലോകത്താകമാനമുണ്ടെങ്കിലും കിട്ടാവുന്നിടത്തു നിന്നെല്ലാം എത്തിച്ചിട്ടുണ്ട്.
വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത് അതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുകയ അതിനാല്‍ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും വേണം.
വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ അവരെ വിളിച്ചുവരുത്തും. വൈറസ് തടയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മൂന്നിടത്ത് ആരോഗ്യ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. നിപാ വൈറസ് മൂലമുള്ള പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പേരാമ്പ്രയ്ക്ക് സമീപം പന്തിരിക്കര, ചെറുവണ്ണൂര്‍, ചെമ്പനോട എന്നിവിടങ്ങളിലാണ്ആരോഗ്യ വകുപ്പിന്റെ ക്യാമ്പ് നടക്കുന്നത്.
Be the first to comment