മലപ്പുറം: മലപ്പുറത്തെ നിപാ വൈറസ് ഭീതി അകലുന്നു. ഇന്നലെ സമ്പര്‍ക്കപ്പട്ടികയിലെ 17 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസം നിപാ ബാധിച്ചു മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ അടക്കമുള്ള 11 പേരുടെ ഫലം നെഗറ്റീവായിരുന്നു. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റൈനില്‍ തുടരണമെന്ന് മന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു.
ജില്ലയില്‍ 460 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കപ്പട്ടികയിലെ 19 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരുമുണ്ട്.
നിപായുടെ ഉറവിടം കണ്ടെത്താന്‍ വവ്വാലുകളില്‍നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധന തുടങ്ങി. പൂനെ എന്‍.ഐ.വിയില്‍നിന്ന് ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രോഗബാധിത മേഖലയിലെത്തി പരിശോധന നടത്തുന്നത്. വവ്വാലുകളുടെ സ്രവസാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായി രോഗബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറും.
കഴിഞ്ഞ ശനിയാഴ്ചയാണ് പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി 14കാരന് നിപാ സ്ഥിരീകരിച്ചത്. ഞായാറാഴ്ച കുട്ടി മരിച്ചു. തുടര്‍ന്നുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ആര്‍ക്കും ഇതുവരേ പോസിറ്റീവ് ആയിട്ടില്ലെന്നുള്ളത് ആശ്വാസമായി.
Be the first to comment