ന്യൂഡല്‍ഹി: വലിയ രാഷ്ട്രീയ വിവാദമായി തുടരുന്ന പെഗാസസ് ഫോണ്‍ ചേര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രത്തിന് തിരിച്ചടി. കേസില്‍ അന്വേഷണത്തിന് സുപ്രിം കോടതി വിദ്ഗധ സമിതിയെ നിയമിച്ചു. ഏഴ് വിഷയങ്ങള്‍ സമിതി പരിശോധിക്കും. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രനാണ് സമിതി അധ്യക്ഷന്‍. അലോക് ജോഷി, സന്ദീപ് ഒബ്രോയ് എന്നിവരാണ് സമിതിയംഗങ്ങള്‍. വിദഗ്ധസമിതിയെ സഹായിക്കാന്‍ മൂന്നംഗ സാങ്കേതിക സമിതിയുണ്ട്. മലയാളിയായ ഡോ.പ്രഭാകരനും സാങ്കേതിക സമിതിയില്‍ ഉള്‍പെടുന്നു.
ഹരജി പരിഗണിക്കുന്നതിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ദേശ സുരക്ഷയെന്ന ആശങ്ക ഉയര്‍ത്തി ഭരണകൂടത്തിന് എപ്പോഴും രക്ഷപ്പെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തോട് സഹകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2019 മുതലുള്ള മുഴുവന്‍ വിവരങ്ങളും സമിതിക്ക് കൈമാറണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. കേന്ദ്രം ഇതുവരെ കോടതിക്ക് കൈമാറിയത് പരിമിത വിവരങ്ങളെന്നും കോടതി വിമര്‍ശിച്ചു.
ഫോണ്‍ ചോര്‍ത്തിയെന്ന വിവരം കേന്ദ്രം നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാദത്തിന്റെ അടിവേര് കണ്ടെത്താന്‍ കോടതി നിര്‍ബന്ധിതരാകുന്നു. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നത്. സമിതി എല്ലാകാര്യങ്ങളും അന്വേഷിക്കണം. പൗരന്റെ സ്വകാര്യത മാനിച്ചുള്ള അന്വേഷണം നടത്തണം. നീതി നടപ്പാക്കിയെന്ന് ഉറപ്പു വരുത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഏഴ് വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന സംഘമാണ് ഹരജി സമര്‍പ്പിച്ചത്.
രാഷ്ട്രീയമാധ്യമസാമൂഹിക പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ മാസം 23 ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഈ സമിതിയിലേക്ക് കണ്ടെത്തിയ ചിലര്‍ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ് വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു.
ഇസ്‌റാഈല്‍ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകള്‍ നിരീക്ഷിച്ചോ എന്നതില്‍ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നതില്‍ വ്യക്തത നല്‍കാനും കേന്ദ്രം തയ്യാറായില്ല. പെഗാസസ് കെട്ടുകഥയെന്നും, സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വിദഗ്ധ സമിതി രൂപീകരിക്കാന്‍ അനുവദിച്ചാല്‍ തെറ്റിദ്ധാരണകള്‍ മാറ്റാം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അത് തള്ളിയാണ് അന്വേഷണത്തിനുള്ള വിദഗ്ധസമിതി സുപ്രിം കോടതി തന്നെ പ്രഖ്യാപിച്ചത്.
Be the first to comment