സോള്‍: 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പുതന്നെ റെക്കോര്‍ഡിംഗ് നിര്‍ത്തിയെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 29 ന് 181 യാത്രക്കാരും ജീവനക്കാരുമായി തായ്‌ലന്‍ഡില്‍ നിന്ന് ദക്ഷിണ കൊറിയയിലെ മുവാനിലേക്ക് പറക്കുകയായിരുന്നു ബോയിംഗ് 737 വിമാനം. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം കോണ്‍ക്രീറ്റ് ബാരിയറില്‍ തട്ടി തീഗോളമാവുകയായിരുന്നു.
ദക്ഷിണ കൊറിയയില്‍ ഉണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു ഇത്.
റണ്‍വേയുടെ അറ്റത്തുള്ള ലോക്കലൈസര്‍ ഒരു തടസ്സമാണ്. ഇത് വിമാനം ലാന്‍ഡിംഗിന് സഹായിക്കുന്നു. ഇത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
ദക്ഷിണ കൊറിയന്‍, യുഎസ് അന്വേഷകര്‍ ഇപ്പോഴും തകര്‍ച്ചയുടെ കാരണം അന്വേഷിക്കുകയാണ്.
തങ്ങളുടെ അന്വേഷണത്തില്‍ പെട്ടികള്‍ നിര്‍ണായകമാണെന്ന് അന്വേഷകര്‍ പറഞ്ഞു. എന്നാല്‍ തകരാര്‍ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
181 പേരുമായി സഞ്ചരിച്ച വിമാനം ലാന്‍ഡിംഗിനിടെയാണ് അപകടത്തില്‍പെട്ടത്. ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9.03 നാണ് സംഭവം. യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ജെജു എയര്‍ വിമാനം 2216 തായ്‌ലന്‍ഡില്‍ നിന്ന് മടങ്ങുമ്പോള്‍ സൗത്ത് ജിയോല്ല പ്രവിശ്യയില്‍ വച്ചാണ് അപകടമുണ്ടായത്.
ബെല്ലി ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് തീപിടിക്കുകയായിരിന്നു. വിമാനത്തില്‍ പക്ഷിയിടിച്ചതും ലാന്‍ഡിങ് ഗിയറിന് വന്ന തകരാറും പ്രതികൂല കാലാവസ്ഥയുമാണ് അപകടകാരണം എന്നാണ് സൂചന. വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ 175 പേര്‍ യാത്രക്കാരും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്.
Be the first to comment