അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്. തകര്‍ന്നടിഞ്ഞ ഗസ്സന്‍ തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയാണ്. മണ്ണില്‍ ഒരായിരം ശുക്‌റിന്റെ സുജൂദുകളമരുന്നു. അനിശ്ചിതമായ നീണ്ട വെടിനിര്‍ത്തലും നിലക്കാത്ത വെടിയൊച്ചയും മരവിപ്പിച്ച തെരുവുകളില്‍ പ്രതീക്ഷയുടെ പുതു സൂര്യന്‍ ഒരിക്കല്‍ കൂടി ഉദിച്ചിരിക്കുന്നു. എണ്ണിയാല്‍ തീരാത്ത നഷ്ടങ്ങളുടെ ടെന്റുകളില്‍ നിന്ന് ഒരിക്കല്‍ കൂടി കുഞ്ഞു മക്കള്‍ തെരുവുകളിലേക്കിറങ്ങി. തലക്കുമീതെ വട്ടമിട്ടു പറക്കുന്ന ഇസ്‌റാഈല്‍ തീ വിമാനങ്ങളില്ലെന്ന സമാധാനത്തില്‍. ഗസ്സ മുനമ്പിലെങ്ങും പാട്ടും സന്തോഷവുമാണ്.
15 മാസം നീണ്ട രക്തച്ചൊരിച്ചിലിനാണ് താല്‍ക്കാലികമെങ്കിലും വിരാമമായിരിക്കുന്നത്. ഈ സമയം വരെ അനിശ്ചിതത്വത്തിലായിരുന്നു വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാക്കുന്ന കാര്യം. ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്നതായിരുന്നു ഇസ്‌റാഈല്‍ തങ്ങളുടെ മൗനത്തിന് നല്‍കിയ വിശദീകരണം. വെടിനിര്‍ത്തല്‍ വൈകിപ്പിച്ചതോടൊപ്പം ഗസ്സയില്‍ കൊന്നൊടുക്കല്‍ തുടരുകയായിരുന്നു ഇസ്‌റാഈല്‍. സാങ്കേതിക തകരാറാണ് ബന്ദികളുടെ പേര് പുറത്തുവിടാത്തതിന് കാരണമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടും നെതന്യാഹു ചെവികൊണ്ടില്ല. ഒടുവില്‍ ഹമാസ് ബന്ദികളുടെ പേര് പുറത്തു വിട്ടതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നടപ്പിലായത്.
മൂന്ന് വനിതകളെയാണ് ഇന്ന് ഹമാസ് കൈമാറുക. റോമി ഗൊനേന്‍ (24), എമിലി ദമാരി (28), ഡോറോണ്‍ ഷതന്‍ബര്‍ ഖൈര്‍ (31) എന്നിവരെയാണ് വിട്ടയക്കുകയെന്ന് ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ ടെലഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഖത്തര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഈ സമയത്തിനുള്ളില്‍ 19 ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Be the first to comment