തെരഞ്ഞെടുപ്പ് പ്രചാരണവും അംബേദ്കർ നിന്ദയും

സുശക്തമായ നിയമവിമർശനത്തിന്റെയും ഭരണഘടനാ തത്ത്വങ്ങളുടെയും സമ്പന്നമായ പാരമ്പര്യമുള്ളവരാണ് ഇന്ത്യക്കാർ. ഈ പാരമ്പര്യം അവിചാരിതമായി വന്നുഭവിച്ചതല്ല, പകരം കോളനിവിരുദ്ധ സമരങ്ങളിലെ നമ്മുടെ നേതാക്കന്മാർ പലരും അഭിഭാഷകരോ അല്ലെങ്കിൽ നിയമപണ്ഡിതരോ ആയിരുന്നു എന്നതിനാലാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇന്ത്യക്കാർ ഭരണഘടനയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതിനു പ്രധാന കാരണം, ഭരണഘടനാ ശിൽപി ഡോ. അംബേദ്കർ പറഞ്ഞതുപോലെ അധീശത്വത്തിനെതിരായി പ്രതിരോധം തീർക്കാനും പൗരാവകാശങ്ങളെ സംരക്ഷിക്കാനും ഭരണഘടനയ്ക്ക് സാധിക്കുമെന്ന ഉറപ്പ് നമുക്കുള്ളതിനാലാണ്. ഇന്ത്യയിലെ വലുതും ചെറുതുമായ അധികാര ദുഷ്പ്രഭുത്വത്താൽ ചവിട്ടിമെതിക്കപ്പെട്ടവർക്കാർക്കും ഇന്ത്യൻ ഭരണഘടന എന്നത് വെറുമൊരു നിയമസംഹിത മാത്രമല്ല എന്നതാണ് സത്യം. എന്നാൽ ഭരണഘടനയ്ക്ക് വിശുദ്ധ പരിവേഷം നൽകുന്നതിൽ അപാകതയുണ്ടുതാനും. 

ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും അധികാരമില്ലാത്തവരുടെയും അഭിലാഷങ്ങളെ പരിപൂർണതയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഒരു സാമൂഹിക ഉടമ്പടിയാണ് അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടന. സാമൂഹിക പരിവർത്തനവും സാമൂഹികനീതിയും സാധ്യമാക്കാനുള്ള ഉപകരണമായാണ് അംബേദ്കർ ഭരണഘടനയെ കണ്ടത്. അതുവഴി ചരിത്രപരമായുള്ള അനീതികൾ തിരിച്ചറിഞ്ഞ് പാർശ്വവൽക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. സമൂഹം നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽതന്നെ അധികാര കേന്ദ്രീകരണത്തെയും നിരുത്തരവാദ ഭരണത്തെയും തടയുന്ന ആരോഗ്യകരമായൊരു സംവിധാനമാണ് ഇന്ത്യയിലുണ്ടായിരിക്കേണ്ടതെന്നും ബാബാ സാഹബ് അംബേദ്കർ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. സാമൂഹിക പരിണാമത്തിന്റെ കയറ്റിറക്കങ്ങളിൽ പോലും അടിതെറ്റാതിരിക്കുന്നതിന് നീതിന്യായ വ്യവസ്ഥയും തെരഞ്ഞെടുപ്പ് കമ്മിഷനും പോലുള്ള സംവിധാനങ്ങളും അദ്ദേഹം ഉറപ്പാക്കി എന്നാൽ, ഭരണഘടനാ തത്ത്വങ്ങളാൽ സുശക്തമായ ഇന്ത്യയുടെ സമത്വവും മഹത്വവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകൂടത്തിനു കീഴിൽ വെല്ലുവിളി നേരിടുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം, ഇന്ത്യയിലെ പല സംവിധാനങ്ങളിലും നേരിട്ട് പിടിമുറുക്കാൻ പാകത്തിലുള്ള അധികാര കേന്ദ്രീകരണമാണ് ഈ ഭരണകക്ഷി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയിലെ മാറ്റങ്ങളെക്കുറിച്ച് ലജ്ജയില്ലാതെ ഉറക്കെ സംസാരിക്കുന്ന ബി.ജെ.പി നേതാക്കളെയാണ് ഇന്ന് ഇന്ത്യയിൽ കാണാനാവുക. തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിലെല്ലാം ഇത്തരത്തിലുള്ള ഭരണഘടനാ ഭേദഗതികൾ നടത്തുമെന്നവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി, പാർലമെന്റിൽ തങ്ങളുടെ അജൻഡ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുകയും യാതൊരു പരിഗണനയും കൂടാതെ പല ഭേദഗതികളും പ്രാബല്യത്തിൽ കൊണ്ടുവന്ന് ഇന്ത്യൻ ഭരണഘടനയ്ക്ക് തീരാകളങ്കം വരുത്തുന്നതുമാണ് കാണാനാവുന്നത്. 

തന്റെ പേരും പ്രഥമപുരുഷ സർവനാമങ്ങളും ആവർത്തിച്ചുപയോഗിച്ചുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നതും തന്നെ എല്ലാത്തിനും മുകളിലായി പ്രതിഷ്ഠിക്കുന്നതും പ്രധാനമന്ത്രിയുടെ നിലവിലെ തുറുപ്പു ചീട്ടാണ്. അത്തരത്തിൽ ഉന്നയിച്ച വാദങ്ങളിലൊന്നാണ് താനാണ് ‘രാമനെ കൊണ്ടുവന്നിരിക്കുന്നത്’ എന്ന വാദം. രാജസ്ഥാനിലെ ബാർമറിൽ തെരഞ്ഞെടുപ്പു സംബന്ധിച്ചു നടന്ന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്; ‘ബാബാ സാഹബിന്റെ പേരിലുള്ള അഞ്ച് തീർഥാടന കേന്ദ്രങ്ങൾ കൊണ്ടുവന്നത് ഈ മോദിയാണ്’ എന്നാണ്. ഇൻഡ്യാ നേതാക്കന്മാർ ബാബാ സാഹബിനെയും ഭരണഘടനയെയും അപമാനിച്ചുവെന്നു പറഞ്ഞ മോദി പറഞ്ഞവസാനിപ്പിച്ചതിങ്ങനെ; ‘ഭരണഘടനയെ സംബന്ധിച്ച ഏതു കാര്യത്തിലും നിങ്ങൾക്ക് ഞാൻ ഉറപ്പു തരാം. മോദിയുടെ വാക്കുകൾ അടയാളപ്പെടുത്തിക്കോളൂ. ഇനി ബാബാ സാഹബ് അംബേദ്കർ തന്നെ നേരിട്ട് വന്നാലും ഈ ഭരണഘടനയെ അവസാനിപ്പിക്കാൻ സാധ്യമല്ല’ എന്നാണ്. 
അനാവശ്യ സന്ദർഭങ്ങളിൽപോലും ബാബാ സാഹബ് അംബേദ്കറിന്റെ പേര് വലിച്ചിഴക്കുന്നതിലൂടെ ആ നേതാവിനോടുള്ള ബഹുമാനത്തെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെയും ലംഘിക്കുന്നുവെന്നു മാത്രമല്ല, ഈ രാഷ്ട്രത്തിനു നൽകിയ സംഭാവനകളും ഓർമകളും പോലും വിലകുറച്ചു കാണുകയുമാണ് ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ പ്രധാനമന്ത്രി നടത്തിയ ഈ വാദം അംബേദ്കറെ സംബന്ധിച്ച് ആധികാരിക പ്രസ്താവനയായി തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ അതിലടങ്ങിയിരിക്കുന്ന പൊള്ളത്തരം വ്യക്തമാകും. അംബേദ്കറുടെ വിശ്വാസങ്ങൾക്കും പ്രവർത്തനങ്ങൾക്കും തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് പ്രധാനമന്ത്രി ഉന്നയിക്കുന്നതെന്നതാണ് സത്യം. ഇന്ത്യൻ ഭരണഘടനയെ കീറിമുറിക്കുന്നത് തടയാൻ അംബേദ്കർക്ക് തടയാൻ സാധിക്കില്ലെന്നത് നേരുതന്നെ. എന്നാൽ അതുകൊണ്ട് അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്നിവർ ചെയ്യുന്നതെല്ലാം കൈയും കെട്ടി നോക്കിനിൽക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിത ഉന്നമനത്തിനുവേണ്ടിയും സ്വാതന്ത്ര്യാനന്തരം നിരവധി പ്രതിസന്ധികളേറ്റ രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയും സ്വയം സമർപ്പിച്ച നേതാക്കന്മാരുടെ വാക്കിലും പ്രവൃത്തിയിലും വഞ്ചനാപരമായ ലക്ഷ്യങ്ങൾ ആരോപിക്കുന്നത് ഈ നേതാക്കന്മാരുടെ പൈതൃകത്തെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമാണ്. 

ഭരണഘടന ഇല്ലാതാക്കുക എന്ന ലക്ഷ്യം ബാബാ സാഹബ് അംബേദ്കറിൽ ആരോപിക്കുന്നതുതന്നെ ഗുരുതരമായ പിഴവാണ്. അദ്ദേഹം നിലകൊണ്ടത് ഏത് ആശയത്തിനും തത്ത്വങ്ങൾക്കും വേണ്ടിയാണെന്ന അറിവില്ലായ്മയാണ് ഇത്തരം തെറ്റായ ആരോപണങ്ങൾക്കു പിന്നിൽ. അംബേദ്കർ തന്നെ തിരിച്ചുവന്നാലും ഭരണഘടനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും മറ്റും പ്രസ്താവിക്കുന്നതിലൂടെ അംബേദ്കറെന്ന നേതാവിനെ ഇടിച്ചു താഴ്ത്തുകയും ഒരിക്കലും അത്തരമൊരു പ്രവൃത്തിക്ക് അദ്ദേഹം മുതിരില്ലെന്ന സത്യത്തെ അപ്രസക്തമാക്കുകയുമാണ് മോദി ചെയ്യുന്നത്. 
അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ ശാക്തീകരണത്തിനു വേണ്ടി പ്രവർത്തിച്ച അംബേദ്കറെക്കുറിച്ചുള്ള ഓർമകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും ഓജസ്സോടെ നിലനിൽക്കും. അദ്ദേഹത്തിന്റെ പേര് ആവർത്തിച്ച് പറയുന്നതിലൂടെ നാം ആവർത്തിക്കുന്നത് ആ നേതാവിന്റെ ആശയങ്ങളും തത്ത്വങ്ങളും തന്നെയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ വാദങ്ങൾ അംബേദ്കറെ മാത്രമല്ല, അദ്ദേഹം ആർക്കു വേണ്ടിയാണോ പ്രവർത്തിച്ചത് അവരെക്കൂടി നിന്ദിക്കുന്നതിനു തുല്യമാണ്. 

(ആർ.ജെ.ഡിയുടെ രാജ്യസഭാംഗമായ ലേഖകൻ ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*