തൂത്തുക്കുടി: മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് തൂത്തുക്കുടിയില്‍ നടക്കുന്ന സമരത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. ഒരാളുടെ നില ഗുരുതരമാണ്. 65 ല്‍ ഏറെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, പൊലിസ് വെടിവയ്പ്പിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് (സര്‍ക്കാര്‍ ചെലവില്‍ ഉണ്ടാക്കുന്ന) ഭീകരവാദമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അനീതിക്കെതിരെ സമരം ചെയ്തതിനാണ് ഈ പൗരന്മാര്‍ കൊല്ലപ്പെട്ടത്. എന്റെ ചിന്തകളും പ്രാര്‍ഥനകളും രക്തസാക്ഷിത്വം വരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാര്‍ കലക്ട്രേറ്റ് ഓഫിസ് ഘൊരാവോ ചെയ്യാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും പൊലിസ് വെടിവയ്പ്പ് നടത്തുകയുമായിരുന്നു.
വെടിവയ്പ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൗരന്മാര്‍ ക്രിമിനലുകള്‍ അല്ലെന്നും നിര്‍ഭാഗ്യകരമായ സംഭവത്തിന് കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
Be the first to comment