ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളവില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവുന്നില്ലെന്നു മാത്രമല്ല, വിചിത്ര വാദങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. താനും കുടുംബവും അധികം ഉള്ളി കഴിക്കാറില്ലെന്ന നിര്‍മലയുടെ വിശദീകരണത്തിനു പിന്നാലെ, വിചിത്രവാദവുമായി വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി അശ്വസിനി ചൗബെ.
‘ഞാനൊരു സസ്യാഹാരിയാണ്, ഒരിക്കലും ഉള്ളി രുചിച്ചിട്ടില്ല, അങ്ങനെയുള്ള എനിക്കെങ്ങനെ ഉള്ളിയുടെ മാര്‍ക്കറ്റ് വില അറിയാനാവും?’- ഉള്ളിവില ഉയരുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അശ്വനി ചൗബെ പറഞ്ഞു.
പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഉയരുന്നത്. ബി.ജെ.പി നേതാക്കളും മന്ത്രിമാരും ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നതെന്നും അവര്‍ പത്രങ്ങളും മാധ്യമങ്ങളും കാണുന്നില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, സസ്യാഹാരിയാണെന്നതിനാല്‍ ഉള്ള കഴിക്കാറില്ലെന്ന രീതിയിലുള്ള പരാമര്‍ശവും പരിഹാസത്തിനിടയായിട്ടുണ്ട്.
താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടുതന്നെ ഉള്ളിയുടേയും വെളുത്തുള്ളിയുടേയുമൊന്നും വിലക്കയറ്റം ബാധിക്കാത്ത വീട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്നുമായിരുന്നു നിര്‍മലാ സീതാരാമന്‍ നേരത്തെ രാജ്യസഭയില്‍ പറഞ്ഞത്. ഉള്ളി വിലക്കയറ്റത്തെ കുറിച്ചുള്ള സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടിയുകയായിരുന്നു ധനമന്ത്രി.
രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളും അവര്‍ വിശദീകരിച്ചു. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവ് ഉള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു, തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത്ക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരേയും ഇടനിലക്കാരേയും പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.
Be the first to comment