റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബി.ജെപി.ക്കും മഹാസഖ്യത്തിനും കനത്ത തിരിച്ചടി നല്‍കി ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യം സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചു. ജെ.എം.എം-കോണ്‍ഗ്രസ് സഖ്യം 47 സീറ്റുകളാണ് നേടിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായതും ജെ.എം.എം ആണ്. ബി.ജെ.പി 25 സീറ്റുകളിലേക്ക് ഒതുങ്ങി. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നത്. അതുകൊണ്ടുതന്നെ അതു തിരിച്ചറിഞ്ഞുതന്നെയാണ് വോട്ടര്‍മാര്‍ ജനവിധിയെഴുതിയതെന്നാണ് ഫലം ഉറപ്പാക്കുന്നത്.
ബി.ജെ.പിയും സഖ്യകക്ഷിയായ എ.ജെ.എസ്യുവും വെവ്വേറെയാണു മത്സരിച്ചത്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസ് തോല്‍വി ഏറ്റുവാങ്ങി. സര്‍ക്കാറിലെ സ്പീക്കറും നാല് മന്ത്രിമാരും തോറ്റു. ദുംകയില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ വിജയിച്ചു. സോറന്‍ അടുത്ത മുഖ്യമന്ത്രിയാകും. അതു പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. ആ ഘട്ടത്തെ ജെ.എം.എമ്മിന് അതിജീവിക്കാനായിട്ടുണ്ട്. തൂക്കു സഭയാണെങ്കില്‍ എ.ജെ.എസ്യു, ജെ.വി.എം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പി നേരത്തെ ചര്‍ച്ച തുടങ്ങിയിരുന്നുവെങ്കിലും അതിനു പ്രസക്തിയില്ലാതായി. ജനവിധി മാനിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതികരിച്ചിട്ടുണ്ട്. അതേ സമയം ചെറുകക്ഷികളെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം. ജെ.എം.എം-കോണ്‍ഗ്രസ് സഖ്യത്തിനു മുന്‍തൂക്കമുണ്ടാകുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പു ചിത്രം ഏതാണ്ട് വ്യക്തമാകുമ്പോള്‍ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തിന്റെ കൂടി ഭരണം നഷ്ടമാകുന്നു. 16 സംസ്ഥാനങ്ങളില്‍ മാത്രമായി പാര്‍ട്ടിയുടെ ഭരണം ചുരുങ്ങുകയാണ്.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 21സംസ്ഥാനങ്ങളില്‍ വരെ ബി.ജെ.പി ഭരണം പിടിച്ചിരുന്നു. 2018 ഡിസംബര്‍ ആയപ്പോഴേക്കും അത് 17സംസ്ഥാനങ്ങളിലായി ചുരുങ്ങി. ഇപ്പോള്‍ മഹാരാഷ്ടക്കുശേഷം ജാര്‍ഖണ്ഡില്‍ കൂടി ഭരണം നഷ്ടപ്പെടുമ്പോള്‍ പതിനാറിടത്ത് മാത്രമാണ് ബിജെപിയുടെ ഭരണസാന്നിധ്യമുള്ളത്.
ഹിന്ദിഹൃദയ ഭൂമിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഒരുപോലെ തങ്ങളുടെ സ്വാധീനം പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് സംസ്ഥാനങ്ങള്‍ ഓരോന്നായി പാര്‍ട്ടിക്ക് നഷ്ടപ്പെടുന്നത്. മഹാരാഷ്ടയില്‍ ഏങ്ങനേയും ഭരണം നിലനിറുത്താന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡിലും സ്ഥിതി പ്രതികൂലമായിരിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസിനാകട്ടെ ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയങ്ങള്‍.
Be the first to comment