കോഴിക്കോട്: പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളുടെ ചോദ്യച്ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും വ്യാപിപ്പിച്ചു. യൂട്യൂബ് ട്യൂഷൻ പ്ലാറ്റ്‌ഫോമുകളിൽ ക്ലാസെടുക്കുന്ന എയ്ഡഡ് അധ്യാപകരുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചുതുടങ്ങി.
വിവരം ലഭിക്കുന്നമുറയ്ക്ക് അധ്യാപകരുടെ മൊഴിയെടുക്കും. ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്കായി എയ്ഡഡ് സ്‌കൂൾ അധ്യാപകർ ചോദ്യങ്ങൾ തയാറാക്കി നൽകുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തും.
അധ്യാപകരിൽ നിന്ന് പരമാവധി വിവരം ലഭിച്ചതിന് ശേഷം ആരോപണവിധേയനായ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബിനെ ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. അതിനിടെ, എം.എസ് സൊല്യൂഷൻസിന്റെ വിഡിയോയിൽ അശ്ലീല പരാമർശങ്ങളുണ്ടെന്ന വിദ്യാർഥി സംഘടനകളുടെ പരാതിയിൽ കൊടുവള്ളി പൊലിസ് നടപടി തുടങ്ങി. എം.എസ് സൊല്യൂഷൻസിനെതിരേ നേരത്തെ പരാതി നൽകിയ ചക്കാലയ്ക്കൽ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
ഡി.ഡി.ഇ മനോജ്കുമാർ, താമരശേരി ഡി.ഇ.ഒ എൻ. മൊയിനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി കെ. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി റെജി കുന്നംപറമ്പിലുൾപ്പെടെ അഞ്ചംഗ സംഘമാണ് കേസന്വേഷിക്കുന്നത്. അതിനിടെ, 18ന് നടന്ന കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേർ ചോർത്തി പുറത്തുവിട്ട കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ ട്യൂഷൻ കേന്ദ്രത്തിനെതിരേ നടിപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി പി.സി ഫിജാസ് പൊലിസിൽ പരാതി നൽകി. പത്താംക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നെന്ന് കഴിഞ്ഞദിവസം കെ.എസ്.യു ആരോപിച്ചിരുന്നു.
Be the first to comment