ചരിത്രസ്മാരകങ്ങൾ പൊളിച്ച് എന്ത് രാജ്യസ്നേഹം?

ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലുകൾക്ക് വിലക്കേർപ്പെടുത്തിയ സുപ്രിംകോടതി വിധിക്ക് പുല്ലുവില നൽകി 500 വർഷത്തിലേറെ പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും അവയോട് ചേർന്നുള്ള മഖ്ബറയും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹാജി മംഗ്‌റോളി ഷാ ബാവ, ഗരീബ് ഷാ ബാവ എന്നിവരുടെ ദർഗയും വെരാവലിലെ പാടാനിയിൽ സ്ഥിതിചെയ്യുന്ന ജാഫർ മുസാഫർ ഖബർസ്ഥാനും ഈദ്ഗാഹ് മസ്ജിദുമാണ് ഗിർ സോമനാഥ് ജില്ലാ ഭരണകൂടം തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെ വൻ പൊലിസ് സന്നാഹത്തോടെ പള്ളിയും മഖ്ബറയും ഇടിച്ചുനിരപ്പാക്കുകയായിരുന്നു. ഇതിൽ സമാധാനപരമായി പ്രതിഷേധിച്ച 135 പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സോമനാഥ് വികസന പദ്ധതിക്ക് വഴിയൊരുക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് അധികൃതർ പറയുന്നു.

മോദിസർക്കാർ അധികാരത്തിലെത്തിയ ശേഷം അനധികൃത നിർമാണമെന്ന പേരിൽ രാജ്യത്തെ ചരിത്രസ്മാരകങ്ങളായ പള്ളികൾ പൊളിച്ചുനീക്കൽ വ്യാപകമായിട്ടുണ്ട്. ഡൽഹി മെഹ്‌റോളിയിലെ 600 വർഷം പഴക്കമുള്ള അക്കുൻജി മസ്ജിദും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുനീക്കിയത് ഡി.ഡി.എ ഭൂമി കൈയേറി നിർമിച്ചുവെന്നാരോപിച്ചാണ്. 13ാം നൂറ്റാണ്ടിൽ ഡൽഹിയിലെ ഏക മുസ് ലിം വനിതാ ഭരണാധികാരിയായിരുന്ന റസിയ സുൽത്താന നിർമിച്ചതാണ് അക്കുൻജി മസ്ജിദ്. ഡൽഹി ഡവലപ്‌മെന്റ് അതോറിറ്റിയുണ്ടായത് 72 വർഷം മുമ്പ് മാത്രമാണ്. പള്ളിയുണ്ടാക്കുമ്പോൾ ഇന്നത്തെ ഇന്ത്യയെന്ന സങ്കൽപം പോലുമില്ല. പിന്നെങ്ങനെയാണ് ഈ ഭൂമി കൈയേറ്റമാകുന്നത്.
മെഹ്‌റോളിയിലെ തന്നെ പ്രശസ്തമായ രണ്ടു ചരിത്ര സ്മാരകങ്ങളായ 13ാം നൂറ്റാണ്ടിൽ നിർമിച്ച ആശിഖ് അല്ലാഹ് ദർഗ, ബാബാ ഫരീദ് ചില്ലാഗഡ് എന്നിവയും പൊളിക്കൽ ഭീഷണിയിലാണ്. ഇത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമീൽ അഹമ്മദ് എന്നയാൾ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഡൽഹിയുടെ സാംസ്‌കാരിക പൈതൃകത്തിൽനിന്ന് ഇസ്‌ലാമിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പൊളിക്കലുകൾക്ക് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ഡൽഹി ഡവലപ്‌മെന്റ് അതോറിറ്റി കുറച്ചു കാലമായി രൂപം നൽകിയിട്ടുണ്ട്.

ഗതാഗതം സുഗമമാക്കാനെന്ന പേരിൽ പാർലമെന്റിന് സമീപമുള്ള 150 വർഷം പഴക്കമുള്ള സുനെഹ്രി ബാഗ് മസ്ജിദ് പൊളിക്കാൻ കഴിഞ്ഞ വർഷം ഡിസംബറിൽ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. ഡൽഹിയുടെ ഹൃദയമായ ഇന്ത്യാ ഗേറ്റ് ചത്വരത്തിനുള്ളിൽ ഇത്തരത്തിലൊരു പള്ളി നിശബ്ദമായി സ്ഥിതി ചെയ്യുന്നത് ഹിന്ദുത്വവാദികളെ അസ്വസ്ഥരാക്കുന്നുണ്ട്. നിലവിൽ ഗതാഗതത്തിന് ഒരു തടസവുമുണ്ടാക്കാതെ റോഡിൽനിന്ന് ഏറെ അകലെയാണ് പള്ളി. എന്നാൽ, ഇത് പൊളിക്കാനാണ് സർക്കാരിന് താൽപര്യം.
സെൻട്രൽ വിസ്ത പദ്ധതിയുടെ പേരിൽ 123 പള്ളികളാണ് പൊളിക്കുന്നതിന് സർക്കാർ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിൽ മുൻ ഇന്ത്യൻ രാഷ്ട്രപതി ഫഖ്‌റുദ്ദീൻ അലി അഹമ്മദിന്റെ ഖബർ സ്ഥിതി ചെയ്യുന്ന പാർലമെന്റ് സ്ട്രീറ്റ് ജുമാ മസ്ജിദും ഉൾപ്പെടും. ഇതോടൊപ്പം മാൻസിങ് റോഡിലെ സബ്ത ഗഞ്ച് പള്ളി, മോത്തിലാൽ നെഹ്‌റു മാർഗിന് പിന്നിലെ മസർ സുനെഹ്രി ബാഗ്, കൃഷിഭവൻ വളപ്പിനുള്ളിലെ മസ്ജിദ് കൃഷിഭവൻ, ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെ മസ്ജിദ് ഉപരാഷ്ട്രപതി ഭവൻ തുടങ്ങിയവയും പൊളിക്കൽ ഭീഷണിയിലാണ്. ഈ പള്ളികളെല്ലാം സംരക്ഷിക്കാൻ നിയമ പോരാട്ടത്തിലാണ് വഖ്ഫ് ബോർഡ്.

എല്ലാ പള്ളികളും 100 വർഷത്തിലധികം പഴക്കമുള്ളതാണ്. ഈ പള്ളികൾ നിർമിക്കുമ്പോൾ രാജ്യത്തിന് സ്വാതന്ത്ര്യംപോലും കിട്ടിയിട്ടില്ലെന്നർഥം. ഇവിടെ കൈയേറ്റമെന്ന വാദം നിലനിൽക്കാത്തതിനാൽ സൗന്ദര്യവത്കരണത്തിന്റെയും വികസനപദ്ധതികളുടെയും പേരിലാണ് പൊളിക്കാനുള്ള നീക്കം. ദൗല ഖുവാനിലെ ഷാഹി മസ്ജിദും കംഗൽ ഷാ ഖബർസ്ഥാനും പൊളിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞുവച്ചിരിക്കുകയാണ്.

ഡൽഹിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഏതൊരു സംഭാഷണവും അതിന്റെ ചരിത്രാതീത ഭൂതകാലത്തിൽ നിന്നാണ് തുടങ്ങുക. രാജവംശങ്ങളുടെ ഉയർച്ചയും തകർച്ചയുമെല്ലാമാണ് ഇന്നത്തെ ആധുനിക മെട്രോ നഗരത്തിന് അടിത്തറയിട്ടത്. അതിജീവിച്ചവരുടെ നഗരം കൂടിയാണ് ഡൽഹി. മന്ദിറുകളും മസ്ജിദുകളും ദർഗകളും കോട്ടകളും കോട്‌ലകളും പുരാതന നിർമിതികളുമായി ഭൂതകാലത്തിലും വർത്തമാനകാലത്തിലും സഹവർത്തിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന നഗരം. ആ സംയോജിത സംസ്‌കാരത്തെ പിഴുതെറിയുന്നത് ഒരു സമുദായത്തോട് ചെയ്യുന്ന അനീതി മാത്രമല്ല രാജ്യത്തിന്റെ ചരിത്രത്തോട് ചെയ്യുന്ന ദ്രോഹവുമാണ്.

ഡൽഹിയിൽ മാത്രമല്ല, ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള തകർക്കലുകൾ നടക്കുന്നുണ്ട്. നൂറു വർഷത്തിലധികം പഴക്കമുള്ള യു.പി ബാരബങ്കിയിലെ ഗരീബ് നവാസ് അൽ മഹറൂഫ് പള്ളി 2021 മെയിൽ പൊളിച്ചുകളഞ്ഞതും അനധികൃത കൈയേറ്റമെന്നാരോപിച്ചാണ്. മഹാരാഷ്ട്രയിലെ പൂനെയിൽ ദാറുൽ ഉലൂം ജാമിഅ ഇൻതിസാമിയ മസ്ജിദ് ദിവസങ്ങൾക്ക് മുമ്പ് പൊളിച്ചു നീക്കി. പള്ളിനിന്ന തെർഗാവ് പിംപിരി പ്രദേശത്തെ കെട്ടിടങ്ങളെല്ലാം അനധികൃതമായി നിർമിച്ചതാണെന്നാണ് സർക്കാർ വാദം. എന്നാൽ പൊളിച്ചത് പള്ളി മാത്രമാണ്. ഹിമാചൽപ്രദേശ് കുളുവിലെ അകാര പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാർ പ്രക്ഷോഭം നടത്തിവരികയാണ്. മുംബൈയിലെ ധാരാവിയിലെ പള്ളി പൊളിച്ചതിനെതിരായ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇത്തരത്തിൽ പട്ടിക നീണ്ടുപോകുകയാണ്.
നശിപ്പിക്കൽ രാഷ്ട്രീയം രാജ്യത്തിന് നൽകുന്ന സന്ദേശമെന്താണെന്നോർക്കണം. സർക്കാരിനെതിരേ പ്രതിഷേധിക്കുന്ന മുസ് ലിംകളുടെ വീടുകൾ നിയമവിരുദ്ധമായി തകർക്കുന്നു. ക്രിമിനൽക്കേസുകളിൽ ഉൾപ്പെടുന്നവരുടെ വീടുകളും സ്ഥാപനങ്ങളും നിയമവിരുദ്ധമായി തകർക്കുന്നു. പള്ളികളും ദർഗകളും നിയമവിരുദ്ധമായി തകർക്കുന്നു. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്!

About Ahlussunna Online 1343 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*