
ബംഗളുരു: ചന്ദ്രരഹസ്യം തേടി ഇന്നലെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്ന ചന്ദ്രയാൻ മൂന്ന് വിജയകരമായി മുന്നേറുന്നു. പേടകത്തിന്‍റെ ആദ്യഘട്ട ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയോടെ ഭ്രമണപഥമാറ്റം ഉണ്ടാകുമെന്നാണ് ഐഎസ്ആർഒ നൽകുന്ന സൂചന. നാല് ഭ്രമണപഥ മാറ്റങ്ങളാണ് ആകെ നടക്കാനുള്ളത്. ഓഗസ്റ്റ് 23 നാണ് ചരിത്രം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ്.
ഭ്രമണപഥം ഉയർത്തുന്നതോടെ പേടകവുമായുള്ള ആശയവിനിമയം ബംഗളുരുവിലെ ഇസ്‌റോ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് വഴിയാകും നടക്കുക. അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് നടത്താനാകുമെന്നാണ് ഇസ്‌റോയുടെ പ്രതീക്ഷ.
ഭൂമിയിൽ നിന്ന് വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി ചന്ദ്രയാൻ മൂന്നും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ഓഗസ്റ്റ് 17 ന് ഈ ദൗത്യം പിന്നിട്ടാൽ, പിന്നെ സോഫ്റ്റ് ലാൻഡിംഗ് ആണ് നടക്കാൻ ഉള്ളത്.
സോഫ്റ്റ് ലാൻഡിംഗ് വിജയകരമായാൽ ഇന്ത്യക്ക് അത് അഭിമാന നിമിഷമാകും. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരും. തുടർന്ന് 14 ദിവസത്തെ പര്യവേക്ഷണമാണ് നടക്കുക. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം
Be the first to comment