അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. പാലത്തിനടിയില്‍ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രണ്ട് പേരെ കണ്ടെത്താനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് ട്രക്കുകള്‍ ഉള്‍പെടെ പുറത്തെത്തിച്ചിട്ടുണ്ട്.താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പാലത്തിലൂടെയാണ് ക്രയിനുകളും മറ്റും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചത്.
ബുധനാഴ്ച രാവിലെയാണ് മുജ്പൂര്‍- ഗാംഭീര പാലം തകര്‍ന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് മറിയുകയായിരുന്നു. മുജ്പൂര്‍ ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. വഡോദര ജില്ലയിലെ പാദ്രയെ ആനന്ദ് ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലം വളരെക്കാലമായി തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ ഇതിലൂടെയുള്ള ഗതാഗതം ഗുജറാത്ത് സര്‍ക്കാരോ ജില്ലാ ഭരണകൂടമോ നിര്‍ത്തിയിരുന്നില്ല.
30 വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണിത്. പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും അവഗണിച്ചതാണ് അപകട കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 1985ല്‍ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിട്ടതും അപകട കാരണമായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പാലം തകര്‍ന്നതിന്റെ വാര്‍ത്ത പരന്നതോടെ മുജ്പൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ഗ്രാമവാസികള്‍ സഹായത്തിനായി ഓടിയെത്തി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ നാട്ടുകാരാണ് ആദ്യം നദിയിലേക്ക് ഇറങ്ങിയത്. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍ നിന്ന് ഉടന്‍ ആളുകളെ പുറത്തെടുക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.
അതേസമയം, പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം നന്നാക്കണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ അധികൃതര്‍ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതാണ് പാലം തകരുന്നതിനും ജീവഹാനി സംഭവിക്കുന്നതിനും കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Be the first to comment