ഗസ്സ: ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ രണ്ടുദിവസത്തേക്കുകൂടി നീട്ടാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥരായ ഖത്തറും ഈജിപ്തും. മധ്യസ്ഥ ചര്‍ച്ചകള്‍തുടരുന്നതിനിടെ യുദ്ധം തുടരാനുള്ള നടപടികളുമായി ഇസ്‌റാഈല്‍ മുന്നോട്ടു പോവുന്നതായാണ് സൂചന. സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഹമാസ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്‌റാഈല്‍ തയാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൂടുതല്‍ ബന്ദികളെയും തടവുകാരെയും കൈമാറി നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഏതാനും ദിവസങ്ങള്‍ കൂടി നീട്ടുക. അതിനുള്ള കൂടിയാലോചനകള്‍ പുരോഗമിക്കുന്നതായി മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും അറിയിച്ചു. അമേരിക്കന്‍, ഇസ്‌റാഈല്‍ നേതൃത്വവുമായി ഇന്നലെയും പലവട്ടം ചര്‍ച്ച നടന്നു. ബന്ദികളുടെ കൈമാറ്റം നേരത്തെയുള്ള വ്യവസ്ഥ പ്രകാരം തുടരുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിന് തങ്ങളും അനുകൂലമാണെന്ന് ഇസ്‌റാഈല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അടിക്കടി ലംഘിക്കുന്നത് ഇസ്‌റാഈലാണെന്ന് ഹമാസ് കുറ്റെപ്പടുത്തി. ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാതെ ഇനി വെടിനിര്‍ത്തലിനില്ലെന്ന നിലപാടാണ് ഇസ്‌റാലിന്. എന്നാല്‍, മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്‌റാഈലി ജയിലുകളിലെ എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് ഹമാസ് നിലപാട്. അതേസമയം, ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചാല്‍ ചെങ്കടലില്‍ ഇസ്‌റാഈല്‍ കപ്പലുകള്‍ക്കെതിരായ നീക്കം തുടരുമെന്ന് യമനിലെ ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ, ബുധനാഴ്ച രാത്രി ഇസ്‌റാഈലിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സാന്നിധ്യത്തില്‍ യുദ്ധമന്ത്രിസഭാ യോഗം ചേര്‍ന്നു.ഹമാസിനെ തുരത്താനുള്ള യുദ്ധത്തിന് തങ്ങള്‍ എതിരല്ലെന്ന് ഇസ്‌റാഈലിനെ അറിയിച്ച യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, സിവിലിയന്‍ സുരക്ഷ ഉറപ്പാക്കാന്‍ കരുതല്‍ വേണമെന്ന് വ്യക്തമാക്കി.
ആറുദിവസ താല്‍ക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ ഏഴിന് അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പാണ് 24 മണിക്കൂര്‍കൂടി നീട്ടിയതായി പ്രഖ്യാപനം വന്നത്. ബുധനാഴ്ച രാത്രി 16 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും പകരം 30 ഫലസ്തീനി തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയും ബന്ദികളുടെ കൈമാറ്റം നടന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ബന്ദികളെ പല സ്ഥലങ്ങളിലായാണ് ഇന്നലെ രാത്രി കൈമാറിയത്. ഇന്നലെ ഇസ്‌റാഈല്‍ 30 ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും 10 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്തു.
Be the first to comment