ഗസ്സ: നാസികളെ നാണിപ്പിക്കുന്ന ക്രൂരത

ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ ക്രൂരതയുടെ കൂടുതൽ തെളിവുകൾ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് ലോകം. ഖാൻ യൂനിസിൽ 392 മൃതദേഹങ്ങളുടെ മൂന്ന് കൂട്ടക്കുഴിമാടങ്ങളാണ് ഗസ്സ സിവിൽ ഏജൻസി കണ്ടെത്തിയത്. അതിലുള്ളവരിൽ ചിലർ ജീവനോടെ കുഴിച്ചുമൂടപ്പെട്ടവരായിരുന്നു. മറ്റുചിലർ ക്രൂരമായി കൊലപ്പെടുത്തപ്പെട്ടവരും.  മൃതദേഹങ്ങളിൽ ചിലത് കൈകൾ കെട്ടിയ നിലയിലും വസ്ത്രങ്ങൾ അഴിച്ച നിലയിലുമായിരുന്നു. എല്ലാവരും സാധാരണക്കാർ. ഏപ്രിൽ ഏഴിന് ഇസ്റാഇൗൽ സൈന്യം ഖാൻ യൂനിസിലെ ചിലഭാഗങ്ങളിൽനിന്ന് പിന്മാറിയതോടെയാണ് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുന്നത്. നാസികളെ നാണിപ്പിക്കുന്ന ക്രൂരതയാണ് ഇസ്‌റാഈൽ ഗസ്സയിൽ നടത്തുന്നത്. സെബ്രനിച്ചയിൽ സെർബുകൾ ബോസ്‌നിയൻ മുസ് ലിംകളെ സ്വന്തം ശവക്കുഴി കുഴിപ്പിച്ചശേഷം അതിലേക്ക് വെടിവെച്ചിട്ടിട്ടുണ്ട്. എന്നാൽ, അവരാരും ജീവനോടെ ആളുകളെ കുഴിച്ചുമൂടി കൊന്നിട്ടില്ല. ഖാൻ യൂനിസിൽ ഇസ്‌റാഈൽ സമാനമായി കുഴിച്ചുമൂടിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗസ്സ അധികൃതർ.

ഒക്ടോബർ ഏഴുമുതൽ തുടങ്ങിയ ഇസ്‌റാഈൽ ആക്രമണത്തിൽ ഇതുവരെ 34,262 പേരാണ് മരിച്ചത്. ഈ ഔദ്യോഗിക കണക്കിന് പുറത്താണ് കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങൾ. നാസർ ആശുപത്രിക്കടുത്ത് കണ്ടെത്തിയ കുഴിമാടങ്ങളിൽ കുട്ടികളുമുണ്ട്. ചിലരുടെയെല്ലാം ശരീരത്തിൽ മെഡിക്കൽ ട്യൂബുകളുണ്ട്. ആശുപത്രിയിൽനിന്ന് ചികിത്സയിലിരിക്കുന്ന രോഗികളെ ഇസ്‌റാഈൽ സൈന്യം ബലമായി പിടിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തിയെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ലോകം ഇന്നുവരെ കാണാത്ത ക്രൂരതയാണ് ഫലസ്തീനിൽ ഇസ്‌റാഈൽ നടത്തുന്നതെന്ന് വ്യക്തമാണ്. അതിന് അമേരിക്കൻ പിന്തുണയും ആയുധസഹായവുമുണ്ട്. സ്വദേശത്തേക്ക് തിരിച്ചെത്തിയ നാലു ഫലസ്തീനികളെ ടാങ്കിൽനിന്ന് വെടിവച്ചു കൊലപ്പെടുത്തിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച മറ്റൊരു സംഭവം. വിനോദത്തിനെന്നപോലെയാണ് ഇസ്‌റാഈൽ സൈനികർ ഫലസ്തീനികളെ കൊല്ലുന്നത്.
വടക്കൻ ഗസ്സയ്ക്കു പുറമെ റഫയിലേക്കും കരയാക്രമണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്‌റാഈൽ. ഇതോടെ അവിടെയും നിരവധി സാധാരണക്കാർ കൊല്ലപ്പെടും. വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്ത ഫലസ്തീനികളാണ് റഫയിൽ അഭയാർഥികളായി കഴിയുന്നത്. അവരെയും പിന്തുടർന്നെത്തി കൊലപ്പെടുത്താനുള്ള നീക്കത്തിലാണ് ഇസ്‌റാഈൽ. ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളാണ് റഫയിൽ കൂടാരങ്ങളിലും താൽക്കാലിക ക്യാംപുകളിലും അഭയം പ്രാപിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ സുരക്ഷിതമേഖലയെന്ന് അടയാളപ്പെടുത്തിയിരുന്ന റഫയെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു. 

കൂട്ടക്കൊല മാത്രമല്ല ഫലസ്തീനികളെ തട്ടിക്കൊണ്ടുപോകലും വ്യാപകമാണ്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ തടവിലാക്കപ്പെട്ട സ്ഥലമാണ് ഗസ്സയും വെസ്റ്റ് ബാങ്കും. കഴിഞ്ഞ ആറു മാസത്തിനിടെ ഇസ്‌റാഈൽ സൈന്യം തടവിലാക്കിയ ഫലസ്തീനികളുടെ എണ്ണം ഇരട്ടിയായെന്ന് കണക്കുകൾ കാണിക്കുന്നു.
2023 ജൂലൈ 10ന് പുറത്തിറക്കിയ യുനൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്‌സ് ഓഫിസ് ഓഫ് ഹൈക്കമ്മിഷണറുടെ രേഖപ്രകാരം 1967 മുതൽ ഇസ്‌റാഈൽ ഏകദേശം ഒരുദശലക്ഷം ഫലസ്തീനികളെ അധിനിവേശ പ്രദേശങ്ങളിൽ തടവിലാക്കിയിട്ടുണ്ട്. നിലവിൽ 160 കുട്ടികളുൾപ്പെടെ 5000 ഫലസ്തീനികൾ ഇസ്‌റാഈൽ ജയിലുകളിലുണ്ട്. അവരിൽ 1100 പേരെ കുറ്റം ചുമത്തുകയോ വിചാരണയോ കൂടാതെ തടവിലാക്കിയിരിക്കുകയുമാണ്. അഞ്ച് ഫലസ്തീൻകാരിൽ ഒരാൾ ഏതെങ്കിലും ഘട്ടത്തിൽ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.  പുരുഷന്മാരുടെ മാത്രം ഡാറ്റ പരിഗണിക്കുകയാണെങ്കിൽ അറസ്റ്റു ചെയ്യപ്പെട്ടവരോ തടവിലാക്കപ്പെട്ടവരോ ആയ വ്യക്തികളുടെ എണ്ണം അഞ്ചിൽ രണ്ടാകും.

2023 ജൂലൈയിൽ, മറ്റൊരു സംഘടന ‘സേവ് ദ ചിൽഡ്രൻ’ ഇസ്‌റാഈൽ തടങ്കലിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്ത ഫലസ്തീൻ കുട്ടികളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കി. 228 മുൻ കുട്ടിത്തടവുകാരെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം വെളിപ്പെടുത്തിയത് അവരിൽ 86 ശതമാനം പേരും തടങ്കലിലായിരുന്ന സമയത്ത് മർദിക്കപ്പെട്ടു. ചിലർ ലൈംഗികാതിക്രമത്തിന് ഇരയായി. നിരവധി കുട്ടിത്തടവുകാരെ കൈകൾ ബന്ധിച്ച് ചെറിയ കൂട്ടിൽ പരസ്പരം കെട്ടിയിട്ടു. 2023 ഒക്ടോബർ 7നുശേഷം അറസ്റ്റിലായവരുടെയും തടവിലാക്കപ്പെട്ടവരുടെയും എണ്ണം അതിവേഗം വർധിച്ചു. പ്രസിദ്ധീകരിച്ച വിവിധ കണക്കുകൾ പ്രകാരം ഏകദേശം 9000 മുതൽ 11000 വരെ എത്തി. 

ഗസ്സയിൽ ഇസ്റാഈൽ നടത്തുന്നത് വംശഹത്യയാണെന്ന് വ്യക്തമാണ്. ഒരു അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാൻ ഇസ്റാഈൽ തയാറല്ല. യു.എൻ പ്രമേയത്തെ തള്ളിക്കളയുകയും ചെയ്യുന്നു. ഇസ്റാഈലിന്റെ ധാർഷ്ട്യം അവസാനിപ്പിക്കാനും ഫലസ്തീനികളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം തയാറാകണം. നാസർ ആശുപത്രി കോംപ്ലക്‌സിലും അൽ-ശിഫ കോംപ്ലക്‌സിലും അധിനിവേശ സൈന്യം നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി തയാറാകണം. യൂറോപ്യൻ നീതി ബോധത്തെക്കുറിച്ചുള്ള വായ്ത്താരി വെറുംവാക്കല്ലെന്ന് ലോകത്തിന് ബോധ്യപ്പെടേണ്ടതുണ്ട്.
നിരപരാധികൾക്കു നേരെ ഇസ്റാഈൽ പുതിയ നശീകരണായുധങ്ങൾ പരീക്ഷിച്ചുവെന്നാണ് ഗസ്സയിലെ അൽ-ശിഫ അറബ് ആശുപത്രി ഡയരക്ടർ ജനറൽ മുഹമ്മദ് അബു സൽമിയ പറയുന്നത്. അസാധാരണമായ മുറിവുകളുമായി നിരവധി പേർ ചികിത്സയ്ക്കെത്തുന്നുണ്ടെന്നാണ് അബു സൽമിയ ചൂണ്ടിക്കാട്ടുന്നത്. 

നിരപരാധികളെയും കുട്ടികളെയും ഇസ്റാഈൽ കൊന്നൊടുക്കുന്നത് നോക്കിനിൽക്കുകയാണ് അന്താരാഷ്ട്ര സമൂഹം. ‘സ്വയം പ്രതിരോധത്തിനുള്ള അവകാശം’ എന്ന നിലയിൽ ഇസ്റാഇൗലി യുദ്ധക്കുറ്റങ്ങളെ അവർ ന്യായീകരിക്കുകയും ചെയ്യുന്നു.  
ഗസ്സയ്‌ക്കെതിരായ വംശഹത്യാ ഇസ്റാഈൽ സമൂഹത്തിനോ പാശ്ചാത്യ രാജ്യങ്ങൾക്കോ സമാധാനവും സ്വസ്ഥതയും കൊണ്ടുവരില്ല. നീതിയുള്ളിടത്താണ് സമാധാനവുമുണ്ടാകുക. അതിനാൽ ഈ ക്രൂരത എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് വേണ്ടത്.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*