ഗസ്സ മുനമ്പിൽ “ശാശ്വതമായ” വെടിനിർത്തലിലേക്ക് നയിക്കുന്ന ഒരു നിർദ്ദേശത്തിന് ഇസ്‌റാഈൽ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ഇസ്‌റാഈൽ “സമഗ്രമായ പുതിയ നിർദ്ദേശം” മുന്നോട്ട് വച്ചതായി ബൈഡൻ പറഞ്ഞു.
ഗസ്സയിലും റഫയിലും തുടരുന്ന ആക്രമണത്തിൽ ലോകം മുഴുവൻ പ്രതിഷേധവും സമ്മർദങ്ങളും വിമർശനങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇസ്‌റാഈൽ ആക്രമണത്തിൽ നിന്ന് പിന്നോക്കം പോകാൻ തീരുമാനിക്കുന്നത്. “ഇത് ശാശ്വതമായ വെടിനിർത്തലിലേക്കുള്ള വഴിമാപ്പാണ്” – അമേരിക്കൻ പ്രസിഡൻ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെടിനിർത്തൽ നിർദ്ദേശത്തിൽ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നു. അതിൽ ആദ്യത്തേത് ആറ് ആഴ്ച നീണ്ടുനിൽക്കുമെന്നും സമ്പൂർണ്ണവുമായ വെടിനിർത്തലും ഗാസയിലെ എല്ലാ ജനവാസ മേഖലകളിൽ നിന്നും ഇസ്‌റാഈൽ സേനയെ പിൻവലിക്കുന്നതും ഉൾപ്പെടുന്നുവെന്ന് ബൈഡൻ പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഹമാസിന് ഖത്തർ കൈമാറിയതായും ബൈഡൻ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഇസ്‌റാഈലിലെ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ സൈന്യം മോചിപ്പിക്കും. പകരം സ്ത്രീകളും പ്രായമായവരും പരിക്കേറ്റവരും ഉൾപ്പെട്ട ബന്ദികളെ ഹമാസ് മോചിപ്പിക്കണം. ഗസ്സയിലുടനീളമുള്ള ഫലസ്തീൻ പൗരന്മാർക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാം. നിത്യവും സഹായവസ്തുക്കളുമായി 600 ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും.
അന്താരാഷ്ട്ര സമൂഹം അയച്ച ലക്ഷക്കണക്കിന് താത്കാലിക ഭവന യൂണിറ്റുകൾ ഗസ്സയിൽ സ്ഥാപിക്കും. ആദ്യഘട്ട വേളയിൽ ഇരുപക്ഷവും തമ്മിൽ ചർച്ച വിജയിച്ചാൽ തുടർ ഘട്ടങ്ങളിലേക്ക് നീങ്ങും.
“സ്ഥിരമായ വെടിനിർത്തൽ, ഗസ്സ മുനമ്പിൽ നിന്ന് അധിനിവേശ സേനയെ പിൻവലിക്കുക, പുനർനിർമ്മാണം, തടവുകാരുടെ കൈമാറ്റം” എന്നിവയ്ക്കുള്ള ബൈഡന്റെ ആഹ്വാനത്തെയും സ്വാഗതം ചെയ്യുന്നതായി ഹമാസ് പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ പുരുഷൻമാരായ സൈനികർ ഉൾപ്പെടെ ബാക്കിയുള എല്ലാ ബന്ദികളുടേയും മോചനവും ഗസ്സയിൽ നിന്ന് ഇസ്റാഈൽ സേനയുടെ പൂർണ പിൻവാങ്ങലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം ഘട്ടത്തിൽ ഗസ്സയിലെ എല്ലാ ഇസ്റാഈൽ ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ നൽകും യു.എസിന്റെയും അന്തർദേശീയ ഏജൻസികളുടെയും സഹായത്തോടെ വീടുകളും സ്‌കൂളുകളും ആശുപത്രികളും പുനർനിർമിക്കുന്നതിനുള്ള ‘ഗസ്സ പുനർനിർമാണ പദ്ധതിയും ഇതോടെ ആരംഭിക്കും.
യുദ്ധം നിർത്താനുള്ള ഏറ്റവും മികച്ച നിർദേശമാണിതെന്നും ഇരുപക്ഷവും ഇത് അംഗീകരിക്കണമെന്നും ബൈഡൻ നിർദേശിച്ചു. യൂറോപ്യൻ യൂണിയനും വിവിധ രാജ്യങ്ങളും പുതിയ വെടിനിർത്തൽ നിർദേശം സ്വാഗതം ചെയ്തു.
Be the first to comment