ഗസ്സയില് മരണം വര്ഷിക്കുന്നത് തുടര്ന്നു കൊണ്ടേയിരിക്കുകയാണ് ഇസ്റാഈല്. ആക്രമണങ്ങളില്ചൊവ്വാഴ്ച മാത്രം കൊല്ലപ്പെട്ടത് 38 പേരാണ്. കനത്ത ബോംബിങ്ങിനും ഷെല്ലാക്രമണത്തിനുമൊപ്പം പട്ടിണിയും രൂക്ഷമാകുകയാണ്.ഒരുനേരത്തെ ആഹാരമോ കുടിക്കാന് ഒരു തുള്ളി വെള്ളമോ കിട്ടാതെ മരിച്ചു വീഴുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്. പത്തു ലക്ഷത്തിലേറെ മനുഷ്യര്പട്ടിണികൊണ്ട് വലയുകയാണെന്ന് ഗസ്സ മീഡിയ ഓഫിസ് റിപ്പോര്ട്ട് ചെയ്യുന്നു. പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള് ആശുപത്രിയിലുണ്ടെന്നും റിപ്പോര്ട്ടുകള് പറയുന്നു. ഈ മാനുഷിക ദുരന്തത്തിന്റെ പൂര്ണ ഉത്തരവാദിത്തം ഇസ്റാഈലിനാണ്. ഭക്ഷണം, മരുന്ന്, ശുദ്ധജലം എന്നിവയുടെ അഭാവം മൂലം ലക്ഷക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ജീവന് അപകടത്തിലാക്കിയതിന്റേയും പൂര്ണ ഉത്തരവാദിത്തം ഇസ്റാഈലിന് മാത്രമാണ്- ഗസ്സ മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടി.
ഭക്ഷണം ഉള്പെടെ അവശ്യ വസ്തുക്കള്ക്ക് ഇസ്റാഈല് ഏര്പെടുത്തിയ ഉപരോധം 60 ദിവസം പിന്നിട്ടിരിക്കുന്നു. ആക്രമണം തുടരുന്ന ഗസ്സ മുനമ്പില് ഇസ്റാഈല് പട്ടിണിമരണം അടിച്ചേല്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എന് ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിണി മൂലം ഫലസ്തീനികള് മരണത്തോട് മല്ലിടുകയാണെന്നും ഗസ്സയിലെങ്ങും പട്ടിണി വ്യാപിച്ചിരിക്കുകയാണെന്ന് ഫലസ്തീനി അഭയാര്ഥികള്ക്കായുള്ള യു.എന് ഏജന്സി(യു.എന്.ആര്.ഡബ്ല്യു.എ) പറയുന്നു. ചാരിറ്റി സംഘടനകളുടെ ഭക്ഷണവിതരണത്തില് പിഞ്ചുകുഞ്ഞുങ്ങള് ഉള്പ്പെടെയുള്ളവര് ഭക്ഷണത്തിനായി കേഴുന്ന ദൃശ്യമാണ് കാണാന് കഴിയുന്നത്. ഭക്ഷ്യവസ്തുക്കളുമായി വരുന്ന ട്രക്കുകളെ ഇസ്റാഈല് ഗസ്സയ്ക്കു പുറത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. ഈയാഴ്ചയോടെ ഗസ്സയിലുള്ള തങ്ങളുടെ കരുതല് ഭക്ഷ്യശേഖരം പൂര്ണമായും തീര്ന്നുവെന്നും യു.എന് റിലീഫ് ഏജന്സി അറിയിക്കുന്നു. മരുന്ന് ക്ഷാമം നിരവധി രോഗികളുടെ മരണത്തിന് ഇടയാക്കുമെന്നും യു.എന് മുന്നറിയിപ്പ് നല്കി.

Be the first to comment