ന്യൂഡല്‍ഹി: ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചും ആക്രമണത്തില്‍ പാടെ തകരുകയുംചെയ്ത ഗസ്സക്ക് സഹായം പ്രഖ്യാപിച്ചും പ്രമുഖ കര്‍ഷകസംഘടനയായ കീര്‍ത്തി കിസാന്‍ യൂണിയന്‍. യൂണിയന്‍ പ്രസിഡന്റ് നിര്‍ഭായ് സിങ് ധുഡികെ, ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് ദീപ് വാലെ എന്നിവര്‍ ഡല്‍ഹിയിലെ ഫലസ്തീന്‍ എംബസ്സിയിലെത്തിയാണ് സഹായം കൈമാറിയത്. എംബസ്സിയിലെ ഫലസ്തീന്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആബിദ് അബ്ദുല്‍ റസാഖ് അബാ ജീസറിന് അഞ്ചുലക്ഷംരൂപയാണ് യൂണിയന്‍ ഗസ്സയില്‍ മാനുഷികസഹായമായി നല്‍കിയത്.
സ്ഥിരമായ വെടിനിര്‍ത്തലിന് യു.എന്‍ ഇടപെടണമെന്നും ഫലസ്തീന് കൂടുതല്‍ സഹായങ്ങള്‍ ആവശ്യമാണെന്നും കിസാന്‍ യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
അമേരിക്കയടക്കമുള്ള വന്‍ശക്തികളുടെ പിന്തുണയോടെ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയെ ശക്തമായി അപലപിക്കുന്നതായി പിന്നീട് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്‌റാഈല്‍ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഗസ്സയില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടെന്നും കുട്ടികള്‍, പ്രായംചെന്നവര്‍, സ്ത്രീകള്‍ തുടങ്ങി ദുര്‍ബല വിഭാഗങ്ങളാണ് പ്രധാനമായും വംശഹത്യയുടെ ഇരകള്‍. ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്ന് തുടങ്ങിയ അവശ്യ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്ന ഗസ്സയിലെ മാനുഷിക സാഹചര്യങ്ങള്‍ ഭയാനകമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് മുമ്പന്തിയില്‍നില്‍ക്കുന്ന അഖിലേന്ത്യാ കിസാന്‍ മസ്ദൂര്‍ സഭയുമായി (എ.ഐ.കെ.എം.എസ്) അഫിലിയേറ്റ് ചെയ്ത സംഘടനയാണ് കീര്‍ത്തി കിസാന്‍ യൂണിയന്‍. ഫലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ അതേ നിലപാടാണ് കിസാന്‍ മസ്ദൂര്‍ സഭയ്ക്കും ഉള്ളതെന്ന് കീര്‍ത്തി കിസാന്‍ യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.
Be the first to comment