ഇന്ത്യന്‍ ബഹിരാകാശ യാത്രികന് ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം -4 ദൗത്യം സുരക്ഷിതമായി ബഹിരാകാശ നിലയത്തില്‍ എത്തിച്ചേർന്നു. സീമാതീത നിരീക്ഷണ-പര്യവേക്ഷണങ്ങളുടെ വാതില്‍ തുറന്ന് ശുഭാംശു ശുക്ലയും അമേരിക്കയുടെ പെഗ്ഗി വിറ്റ്സന്‍, പോളണ്ടുകാരന് സ്ലോവോസ് വിസ്നീവ്സ്കി, ഹംഗറിയിലെ ടിബോര്‍ കാംപു എന്നിവരും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശാസ്ത്രം അതിന്റെ തുംഗകോടിയില് വിജയക്കൊടി പാറിക്കുകയാണ്. നിശ്ചയമായും മാനവരാശിയുടെ പുരോഗതിയുടെ നാഴികക്കല്ലുകളിലൊന്നായി ഈ ദൗത്യവും അടയാളപ്പെടുത്തും. ആറുതവണ സാങ്കേതിക പിഴവുകളാല്‍ മാറ്റിവച്ച ദൗത്യം സുരക്ഷിതമായി വിജയപഥത്തില്‍ എത്തിയതോടെ ആകാശത്തിന്റെ ഉള്ളറകളിലേക്കുള്ള മറ്റൊരു ശാസ്ത്രാന്വേഷണത്തിന് ഗതിവേഗമായി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(ഇസ്രോ), നാസ, സ്പേസ് എക്സ്, ആക്സിയം എന്നിവരുടെ സംയുക്ത ദൗത്യമാണ് ആക്സിയം- 4.
ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററിലെ 39-എ വിക്ഷേപണത്തറയില്‍നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 12.01 നാണ് ഡ്രാഗണ്‍-സി-213 പേടകം കുതിച്ചുയര്‍ന്നത്. 28.5 മണിക്കൂറോളം നീണ്ട യാത്രക്കൊടുവില്‍ ഇന്നലെ വൈകിട്ട് നാലു മണിക്ക് ഗവേഷകരെ വഹിച്ച പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഹാര്‍മണി മൊഡ്യൂളുമായി കൂട്ടിച്ചേർത്തു. പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട നിരീക്ഷണങ്ങൾക്കും മര്ദക്രമീകരണങ്ങള്ക്കും ശേഷമാണ് ബഹിരാകാശ യാത്രികര്‍ നിലയത്തിലേക്ക് പ്രവേശിച്ചത്. ഇനി 14 ദിവസങ്ങള്‍ നീളുന്ന പരീക്ഷണ-നിരീക്ഷണങ്ങള്‍ക്ക് ബഹിരാകാശ നിലയം സാക്ഷിയാകും. ദൗത്യസംഘം നടത്താനിരിക്കുന്ന 60 പരീക്ഷണങ്ങളില്‍ ഏഴെണ്ണം ശുഭാംശു ശുക്ലയാണ് നടത്തുക. പ്രമേഹരോഗികൾക്കു ബഹിരാകാശ യാത്ര സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സ്യൂട്ട് റൈഡ് പരീക്ഷണത്തിലും അദ്ദേഹം പങ്കെടുക്കും.
ഇന്ത്യയെ സംബന്ധിച്ച് ലഖ്നൗ സ്വദേശിയും വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ലയുള്‍പ്പെട്ട ദൗത്യം മറ്റൊരു പടവുകൂടിയാണ്. നാലു പതിറ്റാണ്ടുമുമ്പാണ് രാകേഷ് ശര്‍മയിലൂടെ ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് കാലു കുത്തിയത്. 1984 ഏപ്രില്‍ 3ന് പുറപ്പെട്ട സോവിയറ്റ് യൂനിയന്റെ സോയൂസ്-ടി-11 പേടകത്തിലാണ് രാകേഷ് ശര്‍മയുള്‍പ്പെട്ട ദൗത്യസംഘത്തിന്റെ ബഹിരാകാശ പ്രവേശം സഫലമായത്. രാകേശ് ശര്‍മയ്ക്കുശേഷം പിന്നീട് കല്പന ചൗളയുള്‍പ്പെടെ ഇന്ത്യന്‍ വംശജര്‍ ബഹിരാകാശ നിലയത്തില്‍ എത്തിയെങ്കിലും ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് ശുഭാംശു ശുക്ലയാണ് ആദ്യമായി നിലയത്തില്‍ പ്രവേശിക്കുന്നത്. ബഹിരാകശ വിക്ഷേപണരംഗത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിത ദൗത്യങ്ങളുടെ പേരില്‍ അഭിമാനിക്കുമ്പോഴും സ്ഥിരമായി മനുഷ്യസാന്നിധ്യം സാധ്യമാക്കുന്നതില്‍ ഇന്ത്യക്ക് മുന്നേറാനായിരുന്നില്ല. ഈയൊരു കുറവ് പരിഹരിക്കുന്നു എന്ന അപൂര്‍വ നേട്ടവും ശുഭാംശു ശുക്ലയുടെ യാത്രയിലൂടെ ഇന്ത്യ സ്വന്തമാക്കി. ത്രിവര്‍ണ മുദ്രയുമായി അദ്ദേഹം രാജ്യാന്തര നിലയത്തില്‍നിന്ന് ഭൂമിയെ നോക്കുമ്പോള്‍ ഇന്ത്യക്ക് അഭിമാനമേറെയാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കൽ സാധാരണ ഒരു ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കുന്നതിനെക്കാൾ സങ്കീർണമാണ്. മനുഷ്യരെ അവിടെ എത്തിക്കുന്നതിനും ബഹിരാകാശ സ്റ്റേഷനുകളുമായി കൂടിച്ചേരാനും ദൗത്യം കഴിഞ്ഞ് ആളെ തിരിച്ച് ഭൂമിയിലെത്താനുമൊക്കെ ധാരാളം അനുഭവസമ്പത്തുണ്ടാകേണ്ടതുണ്ട്.
23 രാജ്യങ്ങളില്‍ നിന്നായി 280 ഓളം യാത്രികര്‍ ഇതിനകം ബഹിരാകാശ നിലയത്തിലെത്തിയിട്ടുണ്ട്. അതില്‍ ശാസ്ത്രഗവേഷകര്‍ മാത്രമായിരുന്നില്ല. വിനോദസഞ്ചാരികളും ഉള്‍പ്പെട്ടു. എന്നാല്‍, രാജ്യത്തിന്റെ ഭാവി ഗവേഷണത്തിന് മുതല്‍ക്കൂട്ടാവുന്ന ദൗത്യവുമായി ഒരിന്ത്യന്‍ പൗരന് നിലയത്തിലെത്തുമ്പോള്‍ ഇസ്രോയ്ക്ക് മുന്നില്‍ പ്രതീക്ഷകളും പദ്ധതികളും നിരവധിയാണ്. നാസയുടെ പരിചയ സമ്പന്നയായ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റസ് നേതൃത്വം നല്കുന്ന ആക്സിയം-4 ദൗത്യത്തില്‍ ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തിലെ കമാന്‍ഡര്‍ കൂടിയാണ് ശുഭാംശു.
അന്താരാഷ്ട്രതലത്തിലെ ബഹിരാകാശ ഗവേഷണ ഏജന്‍സികളുമായി സഹകരിച്ചുള്ള ഇന്ത്യയുടെ മറ്റൊരു ദൗത്യം കൂടിയാണ് ആക്സിയം-4. ഗഗന്യാന്, അന്താരാഷ്ട്ര ബഹിരാകാശ നിലയം തുടങ്ങിയ വന്‍ പദ്ധതികളുമായി മുന്നേറുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിക്ക് ആക്സിയം-4 ദൗത്യം നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിന്റെ ആകാശ ഗവേഷണരംഗത്ത് നമ്മുടെ ബഹിരാകാശ ഏജന്‍സിയുടെ സാന്നിധ്യവും മികവും നേട്ടങ്ങളും ശ്രദ്ധേയമാണ്. മൂന്ന് ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങള്‍, മംഗള്യാന്, അസ്ട്രോസാറ്റ്, ആദിത്യ എല്‍-1, എക്സ്പോ സാറ്റ്, സ്പേസ് എക്സ് തുടങ്ങിയ ദൗത്യങ്ങളിലൂടെ ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ ലോകത്തെ മികച്ച നാലു രാജ്യങ്ങളിലൊന്നായി മാറി. ഗഗന്യാന് ദൗത്യവും ബഹിരാകാശ നിലയവും ഏറ്റവും നൂതന ചുവടുവെപ്പുകളാണ്. ഇതിനു മുന്നോടിയായി ബഹിരാകാശത്തുവച്ച് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കാനും സുരക്ഷിതമായി വേര്‍പ്പെടുത്താനും ഇസ്രോയ്ക്ക് കഴിഞ്ഞു.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വന്തം നിലയില്‍ മനുഷ്യനെ ശൂന്യാകാശത്ത് എത്തിക്കാനുള്ള ഗവേഷണത്തിലാണ് ഇസ്രോ. ഒന്നരപതിറ്റാണ്ടു മുമ്പ് തുടക്കമിട്ട ഗഗന്യാന് പദ്ധതിയുടെ അന്തിമഘട്ടത്തിലാണ് ഗവേഷണ കേന്ദ്രം. ആളില്ലാ പേടകങ്ങള്‍ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ച് തിരികെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നിരന്തര ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ ആളില്ലാ പേടകം ബഹിരാകാശത്തേക്ക് അയക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലെ സാന്നിധ്യം രാജ്യത്തിൻ്റെ ഭാവിഗവേഷണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും. സ്വന്തമായി ബഹിരാകാശ നിലയം സ്വപ്നം കാണുന്ന ഇന്ത്യയ്ക്ക് 14 ദിവസത്തോളം നിലയത്തില്‍ താമസിച്ച് ഗവേഷണം നടത്തിയ ശുഭാംശു ശുക്ലയുടെ അനുഭവ സമ്പത്ത് മുതല്‍ക്കൂട്ടാകും. നേട്ടങ്ങളുടെ നെറുകയില്‍ വിരാജിക്കുന്ന ശാസ്ത്രലോകത്തിന് അഭിനന്ദനം.

Be the first to comment