ഖത്തര്‍ ഉപരോധം: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവ്

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള പഴംപച്ചക്കറി കയറ്റുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു എങ്കില്‍ത്തന്നെയും കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന വൈബ്രന്റ് തമിഴ്‌നാട് റോഡ്‌ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ നേരിട്ടുള്ള രണ്ട് ഷിപ്പിംഗ് ലൈനുകള്‍ കഴിഞ്ഞവര്‍ഷം തുറന്നത് വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ സഹായകമായിട്ടുണ്ട്. ചരക്കുനീക്കത്തിനുള്ള സമയം മൂന്നു മുതല്‍ നാലുദിവസം വരെ കുറയ്ക്കാന്‍ ഇന്ത്യ- ഖത്തര്‍ എക്‌സ്പ്രസ് സര്‍വീസ് എന്ന പുതിയ ഷിപ്പിങ് സര്‍വീസിന് കഴിയുന്നുണ്ട്. നിരവധി ഇന്ത്യന്‍ ഭക്ഷ്യകമ്പനികള്‍, പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍നിന്നുള്ളവ ഖത്തരി വിപണിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

ഖത്തറിന്റെ ദ്രുതഗതിയില്‍ വികസിച്ചുവരുന്ന ഭക്ഷ്യവിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു തുടര്‍ന്നും വലിയ സാധ്യതകളുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും 50% ല്‍ അധികം ഇന്ത്യയില്‍ നിന്നാണെന്ന് വൈബ്രന്റ് തമിഴ്‌നാടു റോഡ്‌ഷോയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഉപരോധത്തിനുശേഷം കഴിഞ്ഞ പത്തുമാസത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോത്്പന്ന്ങ്ങള്‍, പ്രത്യേകിച്ചും പച്ചക്കറികളും പഴവര്‍ഗങ്ങളും ഖത്തര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ട്. വൈബ്രന്റ് തമിഴ്‌നാട് ഷോയില്‍ ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യകമ്പനികളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടായിരുന്നു. വിവിധയിനം ഭക്ഷ്യധാന്യങ്ങള്‍, കാര്‍ഷിക, കന്നുകാലി ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് പി.കുമരന്‍ ചൂണ്ടിക്കാട്ടി. ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യയുടെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നത് അരി, പച്ചക്കറി, പൗള്‍ട്രി, മാംസം, ഡ്രൈ ഫ്രൂട്ട്‌സ്, മാംഗോ പള്‍പ്പ്, പാലുത്പന്നങ്ങള്‍, സ്‌നാക്ക്‌സ്, മല്‍സ്യം, പഴം, അച്ചാറുകള്‍ എന്നിവയാണ്. ഈ ഉത്പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 2016- 17 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2017- 18 സാമ്പത്തികവര്‍ഷത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആഗസ്റ്റ് 12 മുതല്‍ 15 വരെ മധുരയില്‍ നടക്കുന്ന വൈബ്രന്റ് തമിഴ് നാട് ഗ്ലോബല്‍ ഫുഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ കമ്പനികളെ ക്ഷണിക്കുന്നതായി സംഘടനയുടെ ചെയര്‍മാന്‍ കെ. ടി രാജന്‍ അറിയിച്ചു. ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലും ദോഹയിലെ തമിഴ് അസോസിയേഷനുകളും ചേര്‍ന്നാണ് വൈബ്രന്റ് തമിഴ്‌നാട് ഗ്ലോബല്‍ എക്‌സ്‌പോയും സമ്മേളനവുംസംഘടിപ്പിച്ചത്. റിതാജ് അല്‍ റയ്യാനില്‍ നടന്ന പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാനും ഗള്‍ഫ് വിപണിയിലുള്ള സാന്നിധ്യം വര്‍ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. തമിഴ്‌നാട്ടിലെ ഭക്ഷ്യ പാനീയ വിഭവങ്ങളെ കുറിച്ചുള്ള പ്രഥമ ഗ്ലോബല്‍ എക്‌സ്‌പോയും ചര്‍ച്ചയുമാണ് നടന്നത്.

ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യ പാനീയ ഉത്പന്ന രംഗത്ത് മികവ് പുലര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളേയും കാര്‍ഷിക, ഭക്ഷ്യ പാനീയ രംഗത്തെ പുതുമകളേയും ഭക്ഷ്യ സംസ്‌ക്കരണത്തേയും പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, കോള്‍ഡ് സ്‌റ്റോറേജ്, വെയര്‍ഹൗസിംഗ്, ബ്രാന്റിംഗ് തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചയും അവതരണങ്ങളും നടന്നു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*