
പാല:കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്ക്. പാലായിലെ ആണ്ടൂർ സ്വദേശികളായ ആൻഡ്രൂസ്, ആൻ മരിയ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാത്രി 7 മണിയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്. ഇടിമിന്നലേറ്റതിനെ തുടർന്ന് ഇരുവരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നൽ കാരണം അപകടങ്ങൾ കൂടുതൽ ആയതിനാൽ വലിയ ജാഗ്രത വേണം എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മാർച്ച് 25 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40- 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടിമിന്നൽ എപ്പോഴും കാണാൻ സാധിക്കാത്തതിനാൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ആലപ്പുഴ, വയനാട് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കാണ് മഞ്ഞ അലര്‍ട്ട്. നാളെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഞായറാഴ്ച്ച മലപ്പുറം, വയനാട് ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട എന്നാല്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
Be the first to comment