ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് അനുമതി നൽകിയ ശേഷമുള്ള ആദ്യ സംഘം മക്കയിൽ എത്തി. കൊവിഡ് മഹാമാരി മൂലം ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സഊദി അറേബ്യ നീക്കിയത്. മൗലവി ട്രാവൽസ് മുഖേനയുള്ള സംഘമാണ് ബാംഗ്ലൂരിൽ നിന്നും ദുബായി വഴി വിശുദ്ധ ഭൂമിയിലെത്തിയത്. മൗലവി ട്രാവൽസ് മാനേജിംഗ് ഡയറക്ടർ നൂറുൽ ഹസൻ, ഉംറ കമ്പനി സവാർ അൽ മഷാഹിറിന്റെ മാനേജർ റൈഹാനും ചേർന്ന് ആദ്യ സംഘത്തെ മക്കയിൽ സ്വീകരിച്ചു.
കൊറോണ വ്യാപനം മൂലം ഏകദേശം ഒന്നര വർഷം മുമ്പ് നിർത്തി വെച്ചിരുന്ന, ഇന്ത്യയിൽ നിന്നുള്ള ഉംറ വിസകൾ കഴിഞ്ഞ ദിവസം മുതൽ ഇഷ്യു ചെയ്യാൻ തുടങ്ങിയിരുന്നു. നിലവിൽ ഇന്ത്യയിൽ നിന്ന് 12 വയസ്സ് കഴിഞ്ഞവർക്കാണ് വിസ നൽകുന്നത്. സഊദി അംഗീകൃത വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് ഉംറ വിസയിൽ സഊദിയിലെത്തി ക്വാറൻ്റീൻ ഇല്ലാതെത്തന്നെ ഉംറ നിർവ്വഹിക്കാനാകും. അത് കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഇത് ഏറെ ഗുണം ചെയ്യും. സഊദിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നോ, ഫൈസർ, മൊഡേർണ, ആസ്ട്ര സെനക്ക (കൊവിഷീൽഡ്) എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസോ, ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഒരു ഡോസോ എടുത്തവർക്കും സഊദിയിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല.
എന്നാൽ, സഊദി അറേബ്യ ഭാഗികമായി അംഗീകരിച്ച ഇന്ത്യയുടെ കൊവാക്സിനെടുത്തവർക്ക് മൂന്ന് ദിവസ ക്വാറന്റൈനോടെ ഉംറക്കെത്താനാകും. ഇത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ബാധകമായവർക്ക് മദീനയിലാണു സൗകര്യം ഒരുങ്ങിയിട്ടുള്ളത്. എന്നാൽ, ജിദ്ദയിൽ ഇറങ്ങുന്നവർകും മദീനയിലേക്ക് ക്വാറൻ്റീനായി പോകേണ്ടി വരുമെന്നാണു സൂചന.
Be the first to comment