കേരളത്തിലെ 102 പാക് പൗരന്മാർ ഉടൻ മടങ്ങണം; വിസ കാലാവധി നാളെ അവസാനിക്കും

തിരുവനന്തപുരം: കേരളത്തിൽ തങ്ങുന്ന 102 പാകിസ്ഥാൻ പൗരന്മാരെ അടിയന്തരമായി തിരിച്ചയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങിയെന്ന് ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ 71 പേരടക്കം 102 പാക് പൗരന്മാരാണ് സംസ്ഥാനത്തുള്ളത്. ഇവരെ പൊലിസ് നിരീക്ഷണത്തിലാണ്. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പ്രധാന ആശുപത്രികളിലും പരിശോധന ശക്തമാക്കും. പൊലിസിൽ റിപ്പോർട്ട് ചെയ്യാതെ തങ്ങുന്നവരുണ്ടെന്നും സൂചനയുണ്ട്. എല്ലാവരും ഇന്നും നാളെയുമായി കേരളം വിടണമെന്ന് പൊലിസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, പാക് പൗരന്മാർ മടങ്ങുന്നതുവരെ അവരെ നിരീക്ഷിക്കാനും പൂർണവിവരങ്ങൾ റിപ്പോർട്ടായി നൽകാനും സംസ്ഥാന പൊലിസ് മേധാവി ഷേഖ് ദർവേഷ് സാഹേബിനോടും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിനോടും ആവശ്യപ്പെട്ടു.പാക് പൗരന്മാർക്ക് നൽകിയ വിസകളുടെ കാലാവധി നാളെ (ഏപ്രിൽ 27) അവസാനിക്കും. എന്നാൽ, മെഡിക്കൽ വിസയിൽ എത്തിയവർക്ക് ഏപ്രിൽ 29 വരെ മടങ്ങാൻ സാവകാശമുണ്ട്. ഇവരിൽ പകുതിയോളം പേർ ചികിത്സയ്ക്കായി മെഡിക്കൽ വിസയിൽ എത്തിയവരാണ്. ബാക്കിയുള്ളവർ വ്യാപാര ആവശ്യങ്ങൾക്കും മറ്റുമായി വന്നവരാണ്.
പാകിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. സംസ്ഥാനങ്ങളിൽ താമസിക്കുന്ന പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, ഹിന്ദു പാക് പൗരന്മാർക്ക് നേരത്തെ നൽകിയ ദീർഘകാല വിസകൾ (എൽ.ടി.വി) റദ്ദാക്കൽ ബാധകമല്ലെന്നും അവ സാധുവായി തുടരുമെന്നും സർക്കാർ വ്യക്തമാക്കി. പാക് പൗരന്മാർക്കുള്ള മെഡിക്കൽ വിസകൾ ഏപ്രിൽ 29 വരെ സാധുവായിരിക്കും. ഈ മാസം 24 മുതൽ അവർക്കുള്ള വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കാശ്മീരിൽ നിന്ന് 295 മലയാളികൾ മടങ്ങാനുണ്ട്: ഭീകരാക്രമണത്തെ തുടർന്ന് ശ്രീനഗറിൽ കുടുങ്ങിയ മലയാളികളിൽ 111 പേർ ഇതിനോടകം തിരിച്ചെത്തി. 67 പേർ ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചതായി നോർക്ക അറിയിച്ചു. 295 പേർ ഇനി കേരളത്തിലേക്ക് മടങ്ങാനുണ്ടെന്നും നോർക്ക വ്യക്തമാക്കി.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*