തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ സംവരണ വിഷയം സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. സംവരണ അട്ടിമറിക്കെതിെ പിന്നാക്ക വിഭാഗങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നീക്കം. എന്നാല്‍ നിരവധി നിവോദനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. കെ.എ.എസിലെ രണ്ടും മൂന്നും ധാരകളില്‍ സംവരണം ഏര്‍പെടുത്തുന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ച ആരംഭിച്ചു.
പട്ടിക വിഭാഗങ്ങളുടെ കാര്യത്തില്‍ സംവരണം ആകാമെന്ന് ധാരണ ആയിട്ടുണ്ടെങ്കിലും മറ്റു പിന്നോക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. മൂന്ന് വിഭാഗങ്ങളുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ രണ്ടെണ്ണത്തില്‍ മാത്രമേ സംവരണം അനുവദിക്കൂ. രണ്ടും മൂന്നും വിഭാഗങ്ങളിലെ നിയമനം തസ്തിക മാറ്റമാണെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം.
സംവരണം അട്ടിമറിച്ച് മുന്നോട്ടു പോവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ പിന്നോക്ക സംഘടനകള്‍ രംഗത്തു വന്നിരുന്നു. മുസ് ലിം സംഘടനകളും, ലത്തീന്‍ സഭയും സംവരണ സമുദായ മുന്നണിയും വിവിധ പട്ടിക വിഭാഗ സംഘടനകളും തീരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെ സംവരണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. ഭൂരിഭാഗം തസ്തികകളില്‍ സംവരണം നല്‍കില്ലെന്ന തീരുമാനം പുനപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
Be the first to comment