
ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് ഒമിക്രോണും കൊവിഡ് കേസുകളും കൂടുന്നു. വ്യാഴാഴ്ച രാവിലെ വരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. 263 രോഗികളുള്ള ഡല്‍ഹിയാണ് കേസുകളില്‍ മുന്നില്‍. 252 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതാണ്.
320 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 22 പുതിയ ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതോടൊപ്പം രാജ്യത്തെ കൊവിഡ് കേസുകളിലും വന്‍ വര്‍ധനയുണ്ട്. 13,154 പുതിയ കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.
33 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഒരു ദിവസത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരം കടക്കുന്നത്. കഴിഞ്ഞയാഴ്ച വരെ ദിവസം എട്ടായിരം കേസുകളായിരുന്നു ശരാശരിയുണ്ടായിരുന്നത്. വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഡല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശമുള്ളത്.
ഡല്‍ഹിക്ക് പുറമെ മുംബൈ, ഗുരുഗ്രാം, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, അഹമ്മദാബാദ് നഗരങ്ങളിലും കൊവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും കേസുകളുടെ വര്‍ധനവ് നിരക്ക് 80 ശതമാനത്തിന് മുകളിലാണ്. രാജ്യത്തെ എട്ടു ജില്ലകളില്‍ പ്രതിവാര കൊവിഡ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. ഇതില്‍ ആറു ജില്ലകള്‍ മിസോറാമിലും ഓരോന്ന് വീതം അരുണാചല്‍ പ്രദേശിലും പശ്ചിമബംഗാളിലുമാണ്. 14 ജില്ലകളില്‍ പ്രതിവാര പോസിറ്റീവിറ്റി നിരക്ക് അഞ്ചിനും പത്തിനും ഇടയിലാണ്.
Be the first to comment