കുട്ടിക്കടത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

സാക്ഷര കൈരളിയെ ഞെട്ടിച്ച ഒരു പ്രധാന സംഭവമായിരുന്നു കുട്ടിക്കടത്ത് കേസ്. ബീഹാര്‍, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യതീംഖാനയിലേക്ക് പഠിക്കാനെത്തിയ 455 കുട്ടികളെ മനുഷ്യക്കടത്തിന്‍റെ പേരില്‍ പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് 2014 മെയ് 24, 25 ദിവസങ്ങളിലാണ്. ആരോപണ വിധേയരായ നാലു പേരോടു കൂടെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ മനു എം അവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആരോപണ വിധേയരായവര്‍ക്കെതിരെ ഐ.പി.സി 370 (5) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

മലയാളത്തിലെ പല വാര്‍ത്താ ചാനലുകളും പത്രങ്ങളും ക്രൂരമായ ഒരു വേട്ടക്കു തന്നെ തുടക്കമിട്ടു. യതീംഖാനകളും അത് നടത്തുന്ന പ്രസ്ഥാനങ്ങളും കുട്ടിക്കടത്ത് നടത്തുന്നവരാണെന്ന് പ്രചരിപ്പിച്ചു. ഇതര സംസ്ഥാന കുട്ടികളെ ഉപയോഗിച്ച് തീവ്രവാദം, മയക്കുമരുന്ന് വ്യാപാരം, ലൈംഗിക കച്ചവടം, ബാലവേല തുടങ്ങിയവക്കു നേതൃത്വം കൊടുക്കുന്ന കൊടും കുറ്റങ്ങളുടെ കേന്ദ്രങ്ങളാണ് യതീംഖാനകളെന്നവര്‍ കൊട്ടിഘോഷിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം നടത്തിയ സി.ബി.ഐ എറണാകുളം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മാധ്യമങ്ങള്‍ അന്ന് പ്രചരിപ്പിച്ച കഥകളെയെല്ലാം നിരസിക്കുക മാത്രമല്ല, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിവരുന്ന സംഭാവനകളെ പ്രകീര്‍ത്തിക്കുക കൂടി ചെയ്തു.

ഉത്തരേന്ത്യന്‍ നാടുകളില്‍ നിന്നുള്ള വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരുപറ്റം ബാല്യങ്ങളെ ഹീനമായ പല ആരോപണങ്ങള്‍ക്കും വിധേയമാക്കി അവഗണിച്ചപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ രുചിയേറിയ ബാല്യങ്ങളായിരുന്നു. 1956 ല്‍ സൊസൈറ്റി ആക്ട് പ്രകാരം സ്ഥാപിതമായി കേരള വഖ്ഫ് ബോര്‍ഡിലും കേരള ഓര്‍ഫനേജ് ബോര്‍ഡിലും മുക്കം മുസ്ലിം ഓര്‍ഫനേജ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാപനത്തില്‍ പ്രവേശനം നേടുന്ന എല്ലാ അനാഥ അഗതികള്‍ക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം, താമസം, ചികിത്സ, യാത്ര തുടങ്ങിയ മുഴുവന്‍ ചെലവുകളും വഹിക്കുന്നത് പ്രസ്തുത സ്ഥാപനം തന്നെയാണ്. ഇക്കാലയളവിനുള്ളില്‍ മികച്ച ഓര്‍ഫനേജിനുള്ള രണ്ട് ദേശീയ അവാര്‍ഡുകളും മുക്കം യതീംഖാനയെ തേടിയെത്തിയിട്ടുണ്ട്. 1-1-2013 ന് നാലു വര്‍ഷത്തേക്കുള്ള ഓര്‍ഫനേജ് രജിസ്ട്രേഷനും സ്ഥാപനം പുതുക്കിയിരുന്നു. മാത്രവുമല്ല, സ്ഥാപനത്തിനു കീഴില്‍ യഥാക്രമം മണാശ്ശേരിയിലും മക്കത്തുമായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളില്‍ 500 ആണ്‍കുട്ടികളെയും 1000 പെണ്‍കുട്ടികളെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്. എന്നാല്‍ ഈ സ്ഥാപനെത്തിനെയാണ് മതിയായ സൗകര്യമോ രേഖകളോ ഇല്ല എന്ന് പറഞ്ഞ് ചിലര്‍ കുറ്റപ്പെടുത്തിയെന്നത് ഖേദകരം.

കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായ നിരവധി സംഭാവനകള്‍ നല്‍കിയ ഇത്തരം യതീംഖാനകളെക്കുറിച്ച് പൊതു സമൂഹത്തില്‍ അനാവശ്യ സംശയങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന്‍റെ പിന്നില്‍ വര്‍ഗ്ഗീയതയുടെ ചില മുഖങ്ങളുമുണ്ട്. വളരെ മോശമായി ഈ കുട്ടികളെ അപഹാസ്യപ്പെടുത്തിയ വെള്ളാപ്പള്ളിമാരും മറ്റും അതിനുദാഹരണമാണ്.

നീലം സിങ് എന്ന ഡെപ്യൂട്ടി പോലീസ് റാങ്കിലുള്ള സി.ബി.ഐ ഉദ്യോഗസ്ഥന്‍റെ സത്യസന്ധമായ അന്വേഷണ രേഖകളില്‍ സത്യം പുറത്തു വന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്നിരുന്നാലും കുട്ടികളുടെ കൂടെ യാത്ര ചെയ്ത ജാമ്യമില്ലാതെ 9 മാസത്തോളം ജയിലില്‍ കിടന്ന ആരോപണ വിധേയര്‍ക്കും തിരിച്ചയക്കപ്പെട്ട കുട്ടികള്‍ക്കും അര്‍ഹിക്കുന്ന പരിഹാര നടപടി കാണേണ്ടതുണ്ട്. കുട്ടികളുടെ മികച്ച ഭാവി പ്രതീക്ഷിച്ച രക്ഷിതാക്കളുടെ സ്വപ്നങ്ങളാണ് അനാവശ്യ ഇടപെടലിലൂടെ ചില ഉദ്യോഗസ്ഥര്‍ ഇല്ലാതാക്കിയത്.

യതീംഖാനയിലേക്ക് വരുന്ന കുട്ടികള്‍ ഇനിയും ഇതുപോലെ തടഞ്ഞുവെയ്ക്കപ്പെടാം. ഭരണകൂടം അവരെ നിര്‍ദയം കൈകാര്യം ചെയ്യാം. ഭരണകൂടം ആരുടെ കൈയ്യിലിരുന്നലാും നീതിയെ ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പ്പുള്ള സമുദായം ഉയര്‍ന്നു വരേണ്ടതുണ്ട്. തിരിച്ചയക്കപ്പെട്ട കുട്ടിക്കടത്തു കേസിലെ കുട്ടികളെ തിരികെയെത്തിക്കാനും അവരെ ബാലവേല, വിദ്യാഭ്യാസ രാഹിത്യം തുടങ്ങിയവയില്‍ നിന്നും മോചിപ്പിക്കാനും കെട്ടുറപ്പുള്ള പ്രതിരോധാഗ്നികള്‍ ഉയരട്ടെ.

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*